“തുറന്നില്ലേല്‍ ജീവിതമില്ല”: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ അംഗീകൃത പഠന കേന്ദ്രങ്ങളായ ഞങ്ങളുടെ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍, കേരള സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, 2020 മാര്‍ച്ച് 10 ന്, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ അടക്കുകയുണ്ടായി. പിന്നീട് ലോക്ക്ഡൗണ്‍ പഖ്യാപിക്കുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ 2021 ജനുവരി 4 വരെ ഞങ്ങളുടെ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നിരുന്ന അവസ്ഥയുമാണുണ്ടായത്.

കോവിഡ് കാലത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ പോലെയല്ല, കൃത്യമായ അറ്റന്‍ഡന്‍സ് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ടും, രജിസ്റ്ററുകള്‍ ഉള്ളതുകൊണ്ടും കൃത്യമായി കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയും. അതിനാല്‍ തന്നെ, തുറന്ന് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന കാലയളവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

3 മാസം കഴിഞ്ഞപ്പോള്‍ തന്നെ വീണ്ടും കോവിഡ് 19 ന്‍റെ രണ്ടാം വരവോടെ 2021 ഏപ്രില്‍ മാസം 20 മുതല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഞങ്ങളുടെ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്, ഇനിയെന്ന് തുറക്കാന്‍ സാധിക്കും എന്ന് പോലും അറിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കേവലം കോച്ചിംഗ് സെന്‍ററോ, ട്യൂഷന്‍ സെന്‍ററോ അല്ല കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വലിയ മുതല്‍ മുടക്കില്‍ ആരംഭിച്ച്, സാങ്കേതിക മേഖലയില്‍ അഭ്യസ്തവിദ്യരായ വ്യക്തികള്‍ക്ക് തൊഴില്‍ കൊടുത്ത് പ്രവര്‍ത്തിച്ചു വരുന്ന, ഓരോ പഞ്ചായത്തിലേയും സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ കമ്പ്യൂട്ടര്‍ പഠനം സാധ്യമാക്കുന്ന സ്ഥാപനങ്ങളാണ് ഓരോ കമ്പ്യൂട്ടര്‍ പഠനകേന്ദ്രവും. ശമ്പളം, കെട്ടിട വാടക, ഇലക്ട്രിസിറ്റി ചാര്‍ജ്ജ്, ടെലിഫോണ്‍ ചാര്‍ജ്ജ്, ഇന്‍റര്‍നെറ്റ് ചാര്‍ജ്ജ് തുടങ്ങിയ ഭീമമായ ദൈനംദിന ചെലവുകളും ഞങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്. ഇതെല്ലാം കഴിഞ്ഞ് നിത്യവൃത്തിക്കുള്ള തുക മാത്രമാണ് മാസവരുമാനമായി ഞങ്ങള്‍ക്കു ലഭിക്കുന്നത്. ഭൂരിഭാഗം ഉടമസ്ഥരും വായ്പയെടുത്തിട്ടാണ് സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുള്ളത്.

25000ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഈ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കുന്നുണ്ട്. 1000ല്‍ പരം അഭ്യസ്തവിദ്യരായവര്‍ ഈ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായും, അനദ്ധ്യാപകരായും ജോലി ചെയ്തു വരുന്നു. അതിനാല്‍ അത്രയും കുടുംബങ്ങളുടെ ജീവിത മാര്‍ഗ്ഗം കൂടിയാണ് ഈ പഠനകേന്ദ്രങ്ങള്‍.

2020 ല്‍ അടഞ്ഞുകിടന്ന കാലത്തെ മാത്രം നഷ്ടം, കേരളത്തിലുടനീളമുള്ള ഇരുന്നൂറ്റി അമ്പതോളം എടിസി കള്‍ക്കായി ശമ്പളം, കെട്ടിട വാടക, ഇലക്ട്രിസിറ്റി ചാര്‍ജ്ജ്, ടെലിഫോണ്‍ ചാര്‍ജ്ജ്, ഇന്‍റര്‍നെറ്റ് ചാര്‍ജ്ജ് തുടങ്ങിയ ഇനങ്ങളിലായി ഏകദേശം 7 കോടിയോളം രൂപയാണെന്ന് കണക്കാക്കാം. എടുത്ത വായ്പകളുടെ തിരിച്ചടവ് വേറെയും. അങ്ങിനെ ഒരു സ്ഥാപനത്തിന് ഏകദേശം 3 ലക്ഷത്തോളം രൂപ നഷ്ടം. ഈ നഷ്ടങ്ങള്‍ ഇപ്പോഴും തുടരുന്നു. വാടക കൊടുക്കുവാന്‍ പറ്റാത്തതിനാല്‍ കെട്ടിടങ്ങളില്‍ നിന്നും ഇറക്കിവിടുമെന്ന ഭീഷണിയും ഉണ്ട്. വീണ്ടും വായ്പയെടുക്കാതെ പ്രവര്‍ത്തനം തുടങ്ങുവാനും കഴിയില്ല.

ഓണ്‍ലൈന്‍ തിയറി ക്ലാസ്സുകളിലൂടെ മാത്രം സാധ്യമാകുന്നതല്ലല്ലോ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം. കമ്പ്യൂട്ടര്‍ പഠനം പൂര്‍ണ്ണമാകണമെങ്കില്‍ പ്രായോഗിക പഠനം കൂടിയെ തീരൂ.

അതിനാല്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്നു:

● ഞങ്ങളെ ദുരന്തബാധിതരായി പ്രഖ്യാപിക്കുക.

● മറ്റ്‌ സ്ഥാപനങ്ങൾ തുറക്കുന്നതുപോലെ ആഴ്ചയില്‍ മൂന്നു ദിവസങ്ങളെങ്കിലും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഞങ്ങളുടെ സ്ഥാപനങ്ങളും തുറക്കുവാന്‍ അനുവദിക്കുക.

● പലിശരഹിത വായ്പ അനുവദിക്കുക.

● സ്ഥാപനങ്ങള്‍ക്കായി എടുത്തിട്ടുള്ള വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക.

Print Friendly, PDF & Email

Related News

Leave a Comment