Flash News

തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബി ജെ പി പണം നല്‍കിയെന്ന്; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസ്

June 6, 2021

കാസര്‍കോട്: മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ പണം കിട്ടി എന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. 171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പണം നല്‍കിയത് രാഷ്ട്രീയ മൂല്യച്യുതിയാണ് കാണിക്കുന്നതെന്ന് വിവി രമേശന്‍ പറഞ്ഞു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാനുള്ള സുരേന്ദ്രന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിവി രമേശന്‍ പറഞ്ഞു.

ബദിയടുക്ക പൊലീസും കാസര്‍കോട് ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്രിക പിന്‍വലിക്കുന്നതിന് രണ്ടരലക്ഷം രൂപ ബിജെപി നേതാക്കന്‍മാര്‍ നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ ഇടപെടുകയും ഫോണില്‍ ആവശ്യം ഉന്നയിച്ചതായും സുന്ദര പറഞ്ഞിരുന്നു. കൂടാതെ ഇടപാടുകള്‍ സംബന്ധിച്ച കാര്യം നിശ്ചയിച്ചുവെന്നും സുന്ദര പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രാദേശിക ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം കൈമാറിയെന്നും സുന്ദര വ്യക്തമാക്കിയിരുന്നു.

2016ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. അന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര 468 വോട്ടുകള്‍ നേടിയിരുന്നു. 2021ല്‍ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി സുന്ദര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെങ്കിലും പിന്നീട് പിന്‍വാങ്ങി. ഇത്തരത്തില്‍ പത്രിക പിന്‍വലിക്കാന്‍ പണം ലഭിച്ചുവെന്നായിരുന്നു സുന്ദരയുടെ വിവാദ വെളിപ്പെടുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top