വീടിനു ചുറ്റും വെള്ളക്കെട്ട് മൂലം മരണാനന്തര ചടങ്ങ് നടത്താന്‍ ബുദ്ധിമുട്ടിയ കുടുംബത്തിന് അഗ്നി സുരക്ഷാ സേനയുടെ സഹായം

ആലപ്പുഴ: കാലവര്‍ഷത്തെത്തുടര്‍ന്ന് വീടിനു ചുറ്റും വെള്ളക്കെട്ട് വന്നതിനെത്തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ വെളിംപറമ്പ് വീട്ടിൽ മരണപ്പെട്ട തങ്കമ്മയുടെ (87) ശവസംസ്ക്കാര ചടങ്ങ് നടത്താനായി.

തങ്കമ്മയുടെ വീടും നാല് സെൻറ് പുരയിടവും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ ശവസംസ്കാരം നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്താൽ ജൂൺ 5 ന് രാത്രി 8 മണിക്കാണ് തങ്കമ്മ മരിച്ചത്.

കൂലിപ്പണിക്കാരായ തങ്കമ്മയുടെ മക്കളായ സോമനും പൊടിയനും എങ്ങനെ ശവദാഹം നടത്തുമെന്ന് ചിന്തിച്ച് പ്രതിസന്ധിയിലായ സമയത്താണ് സമീപവാസിയും കളക്റ്ററേറ്റ് കൺട്രോൾ റൂമിലെ ഫയർ & റെസ്ക്യു ഓഫീസറായ രാഗേഷ് രാവിലെ 8 മണിയോട് കൂടി ആലപ്പുഴ അഗ്നിശമന സേനാ നിലയത്തിലേയ്ക്ക് വിളിച്ചറിയിച്ചത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ മരണ വീട്ടിലെത്തുകയും പോർട്ടബിൾ പമ്പ് ഉപയോഗിച്ച് 100 മീറ്റർ അകലെയുള്ള പാടത്തേയ്ക്ക് വെള്ളം പമ്പ് ചെയ്ത് കളയുകയും 11 മണിയോട് കൂടി പൂർണ്ണമായും വെള്ളക്കെട്ട് ഒഴിവാക്കി മരണാനന്തര ചടങ്ങ് നടത്താനാവുന്ന സാഹചര്യമൊരുക്കുകയും ചെയ്തു. തുടർന്ന് 11.30 ന് വെള്ളക്കെട്ട് ഒഴിവാക്കിയ സ്ഥലത്ത് മരണാനന്തര ചടങ്ങ് നടത്തി.

ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആര്‍ ജയസിംഹൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യു ഓഫീസറായ പി പ്രശോഭ് കുമാർ, ഫയർ & റെസ്ക്യു ഓഫീസർ ഡ്രൈവർമാരായ എ.ഡി പ്രിയധരൻ, രാജേഷ്മോൻ എന്നിവരാണ് വെള്ളം പമ്പ് ചെയ്ത് കളയാന്‍ പ്രവർത്തിച്ചത്.

ആറ് മാസമായി തങ്കമ്മ രോഗ ശയ്യയിലായിരുന്നു. രണ്ട് മുറിയും അടുക്കളയുമുള്ള ഓടിട്ട പഴയ വീട്ടിലാണ് താമസിച്ചിരുന്നത്. പ്രളയ സമയങ്ങളിലും ഇവരുടെ വീടിനകത്ത് വെള്ളം കയറുകയും ചെയ്യും.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment