Flash News

സംസ്ഥാന കോണ്‍ഗ്രസിനെ ഇനി രണ്ട് ‘എസുകള്‍’ നയിക്കും

June 8, 2021

തിരുവനന്തപുരം : അവസാനം, കോൺഗ്രസിന്റെ ദേശീയ നേതൃത്വം കേരളത്തിലെ കോൺഗ്രസിലെ രണ്ട് ശക്തമായ ഗ്രൂപ്പുകളെ ഒതുക്കി മൂലയിലിരുത്തി. കെ ‘സുധാകരൻ, വി ഡി സതീശൻ’ എന്നിവര്‍ ഇനി കേരളത്തിൽ കോൺഗ്രസിനെ നയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമാണ് രണ്ട് ശക്തമായ ഗ്രൂപ്പുകളെ നിശബ്ദമാക്കുന്ന തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈകമാൻഡിനെ പ്രേരിപ്പിച്ചത്.

ഗ്രൂപ്പാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന അലിഖിത നിയമം ഹൈക്കമാന്‍ഡ് കത്തിച്ച് ചാരമാക്കി. ജീവന്മരണ പോരാട്ടമായിരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടാകുന്നതിന് പകരം പരസ്പരം ഒളിപ്പോരുകള്‍ നടത്തി ശത്രുവിന് മുന്നില്‍ കീഴടങ്ങിയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് പാടേ തഴഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇരു ഗ്രൂപ്പുകളും നടത്തിയ സംയുക്ത നീക്കത്തിന് തടയിട്ട് വി.ഡി. സതീശനെ തെരഞ്ഞെടുത്ത അതേ ശൈലി കെ.പി.സി.സി പ്രസിഡന്‍റിന്‍റെ കാര്യത്തിലും ഹൈക്കമാന്‍ഡ് സ്വീകരിച്ചത് ഇരു നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്.

ഒരു തവണ കൂടി പ്രതിപക്ഷ നേതാവാകാന്‍ രമേശ് ചെന്നിത്തല ഉമ്മന്‍‌ചാണ്ടിയെ കൂട്ടുപിടിച്ച് നടത്തിയ നാടകം ഹൈക്കമാന്‍ഡ് തന്നെ പൊളിച്ചടുക്കിയതോടെ ഇരു നേതാക്കളുടെയും സ്ഥാനവും തെറിച്ചു. ഇതോടെ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ കെപിസിസി അദ്ധ്യക്ഷ പദവി സംബന്ധിച്ച് ഇത്തവണ അഭിപ്രായം പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമായി. ആ നീക്കം ഒരിക്കല്‍ കൂടി പയറ്റിയാല്‍ പരാജയപ്പെടുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തിരിച്ചറിഞ്ഞതിനാലാണ് പുതിയ നീക്കത്തിന് മുതിരാതിരുന്നത്.

പതിറ്റാണ്ടുകളോളം പരസ്പരം ഗ്രൂപ്പുപോരടിച്ചവരാണ് കെ.കരുണാകരനും, എ.കെ.ആന്‍റണിയും. കെ.കരുണാകരന്‍റെ മരണത്തോടെ ഗ്രൂപ്പുകള്‍ കെട്ടടങ്ങുമെന്നാണ് കരുതിയതെങ്കിലും ആന്‍റണിയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടിയും കരുണാകരന് ശേഷം രമേശ് ചെന്നിത്തലയും നേതൃത്വങ്ങള്‍ ഏറ്റെടുത്തു. ഇരു സ്ഥാനത്തും അണിനിരന്ന് പോരടിച്ചെങ്കിലും സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്ന കാര്യമെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു. തര്‍ക്കങ്ങളില്ലാതെ സ്ഥാനമാനങ്ങള്‍ പങ്കിട്ടു. കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തന മികവിനപ്പുറം ഗ്രൂപ്പ് താത്പര്യം മാത്രം മാനദണ്ഡമായി.

പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം ഇത്തരത്തില്‍ സ്ഥാനങ്ങളിലെത്തിയവര്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കു വേണ്ടി മാത്രം ഇടപെടല്‍ പരിമിതപ്പെടുത്തി. ഇത് താഴെ തട്ടില്‍ സംഘടന സംവിധാനവും പാര്‍ട്ടി ഐക്യവും തകര്‍ത്തു. എന്നിട്ടും ഇടയ്‌ക്കൊക്കെ വന്ന തെരഞ്ഞെടുപ്പുകളില്‍ പിടിച്ചു നില്‍ക്കാനയത് ഗ്രൂപ്പ് നേതാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കൂടുതല്‍ ഊര്‍ജസ്വലതയോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പുകളി തുടര്‍ന്നു. ദുര്‍ബ്ബലമായ സംഘടന സംവിധാനത്തിനിടയിലും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റം ഗ്രൂപ്പുകളിയുടെ ആക്കം കൂട്ടി.

കോണ്‍ഗ്രസിന്‍റെ പോഷക സംഘടനകളായ കെ.എസ്.യു.വും യൂത്ത് കോണ്‍ഗ്രസും ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രമാക്കി സംഘടനാരീതികള്‍ മാറ്റി. ഇതിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വെള്ളവും വളവും ആവോളം നല്‍കി. താഴെ തട്ടില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പരസ്പരം പോര്‍ വിളി നടത്തുന്ന സാഹചര്യമായിരുന്നു കേരളത്തിലുടനീളം.

ഇതിന്റെ അനുരണനമാണ് 2020 അവസാനം നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലുണ്ടായത്. അഴിമതി ആരോപണങ്ങളിലും സ്വര്‍ണക്കടത്തിലും പരാജയ ഭീതി പൂണ്ട സി.പി.എമ്മിന് പോലും ഞെട്ടലുളവാക്കുന്നതായിരുന്നു അവര്‍ നേടിയ ഉജ്വല വിജയം. ഇത് തുടര്‍ഭരണ സാധ്യതയിലേക്ക് വിരല്‍ചൂണ്ടി.

എല്‍.ഡി.എഫിനെതിരെ മത്സരിക്കുന്നതിന് പകരം താഴെ തട്ടില്‍ പ്രവര്‍ത്തകര്‍ പരസ്പരം മത്സരിച്ചു. സംസ്ഥാന തലത്തിലെ ദുര്‍ബ്ബലമായ സംഘടനാസംവിധാനം പരാജയത്തിന്‍റെ ആക്കം കൂട്ടി. 2021ലെ നിയമസഭ തിരഞ്ഞെടുപ്പും ഇതിന്റെയൊക്കെ തനിയാവര്‍ത്തനമായപ്പോള്‍ ഇനി ഇടപെടാതെ വയ്യെന്ന നിലയിലായി ഹൈക്കമാന്‍ഡ്.

പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് തലമുറമാറ്റത്തിന് തയ്യാറായ ദേശീയ നേതൃത്വം പാര്‍ട്ടി അദ്ധ്യക്ഷ പദത്തിലേക്ക്, ഗ്രൂപ്പിനതീതമായ സുധാകരന്‍റെ ജനസമ്മതി കണക്കിലെടുത്തു. നിരായുധരായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് ചേര്‍ന്ന് സതീശനെയും സുധാകരനെയും പാലം വലിക്കുമോ ചേര്‍ന്നുനിന്ന് സഹകരിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പക്ഷേ, ഗ്രൂപ്പുകളി അനുവദിക്കില്ലെന്ന ഹൈക്കമാന്‍ഡിന്‍റെ വ്യക്തമായ സന്ദേശത്തിനിടയില്‍ ഇവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പുതന്നെ ഇനി അിശ്ചിതത്വത്തിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top