Flash News

കൊടകര കുഴല്‍‌പണ കേസ്: ബിസിനസ് ഇടപാടില്‍ ലഭിച്ച തുകയാണെന്ന് ധര്‍മ്മരാജന്‍ കോടതിയില്‍ രേഖാമൂലം ബോധിപ്പിച്ചു; ബിജെപിയെ ബന്ധിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം പാളി

June 9, 2021

തൃശൂർ: കൊടകര കുഴല്‍‌പണ കേസില്‍ നിർണ്ണായക വഴിത്തിരിവ്. നഷ്ടപ്പെട്ട 3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ധർമ്മരാജൻ കോടതിയിൽ സമർപ്പിച്ചു. ഒരു കോടി രൂപയും പോലീസ് പിടിച്ചെടുത്ത കാറും തിരിച്ചു വേണമെന്ന് കാണിച്ച് രേഖകൾ സഹിതമാണ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പണവുമായി ബിജെപിയുടെ ബന്ധം തെളിയിക്കാൻ ശ്രമിക്കുന്ന പോലീസിന് ഈ നടപടി തിരിച്ചടിയായി.

ബിസിനസ് ഇടപാടിൽ ഡല്‍ഹി നിവാസിയാണ് പണം നൽകിയതെന്ന് ധർമ്മരാജന്റെ അപേക്ഷയിൽ പറയുന്നു. കവര്‍ച്ചാ സംഘത്തിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചു കിട്ടണമെന്നാണ് കോടതിയിൽ നൽകിയ ഹര്‍ജി. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണിതെന്ന് തെളിയിക്കാനുള്ള പൊലീസിന്റെ ശ്രമമാണ് ഇതോടെ പാളിയത്.

തുക വിട്ടുകൊടുക്കുന്ന കാര്യം കോടതി തീരുമാനിക്കും. കര്‍ണാടകയില്‍നിന്നാണ് പണം വന്നതെന്ന സൂചനയെ തുടർന്ന് ധര്‍മരാജന്റെ ബെംഗളൂരുവിലെ സുഹൃത്ത് സുനില്‍ സിങ്ങിനെ അന്വേഷണ സംഘം ചോദ്യംചെയ്തു. സിപിഎം അനുഭാവിയായ കണ്ണൂര്‍ സ്വദേശി ഷിഗിലിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ബെംഗളൂരുവിൽ ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടി.

വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എട്ടു പ്രതികളെ ഒന്നിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്തു. ഓരോരുത്തരെയായി ചോദ്യംചെയ്യുമ്പോള്‍ പല ഉത്തരങ്ങളാണ് നല്‍കിയിരുന്നത്. പണം വീതംവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികള്‍ നുണ പറയുകയാണെന്ന് പൊലീസ് പറയുന്നു.

1.5 കോടി രൂപ മാത്രമാണ് പോലീസിന് ലഭിച്ചത്. ബാക്കി രണ്ട് കോടി രൂപ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 21 പ്രതികളെ അറസ്റ്റ് ചെയ്തിട്ടും മോഷ്ടിച്ച പണവുമായി കണക്കുകൾ പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top