Flash News

വൈസ്‌മെൻ ഇൻറ്റർനാഷണൽ യു.എസ്. ഏരിയക്ക് പുതിയ നേതൃത്വം

June 10, 2021 , കോരസണ്‍ വർഗീസ്

വൈസ്‌മെൻ ഇൻറ്റർനാഷണൽ യു.എസ്. ഏരിയ പ്രസിഡൻറ്റായി ഷാജു സാം അവരോധിക്കപ്പെട്ടു. ന്യൂയോർക്കിലെ കൊട്ടിലിയൻ റസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ട ഹൈബ്രിഡ് (നേരിട്ടും-സൂമിലും) യോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒട്ടേറെ പേര്‍ പങ്കെടുത്തു. അമേരിക്കയിലെ ഒഹായോയിൽ 1922 -ൽ ജഡ്ജ് പോൾ വില്ല്യം അലക്സാണ്ടർ തുടക്കമിട്ട അന്തർദേശീയ സന്നദ്ധസേവകരുടെ സംഘടനക്ക് ഇത് ആദ്യമായാണ് ഒരു മലയാളി നേതൃത്വം നൽകുന്നത്. YMCA യുടെ സർവീസ് സംഘടനയായാണ് ഇത് പ്രവർത്തിക്കുന്നതെങ്കിലും, സ്വന്തമായ സേവനമേഖലകൾ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു. സ്വിറ്റ്സർലണ്ടിലെ ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തിന് എഴുപത്തഞ്ചു രാജ്യങ്ങളിലായി പതിനായിരക്കണക്കിനു സന്നദ്ധ സേവകരുണ്ട്.

ഹവായിയിൽ നിന്നുള്ള ബോബി സ്റ്റീവസ്കി ആപ്‌കി വിരമിച്ച ഒഴിവിലേക്കാണ് ഷാജു സാം തിരഞ്ഞെടുക്കപ്പെട്ടത്. ഹവായി, മിഡ്-അമേരിക്ക, സൗത്ത് അറ്റ്‌ലാന്റിക്, പസഫിക് നോർത്ത്‌വെസ്റ്റ്, പസഫിക് സൗത്ത്‌വെസ്റ്റ്, നോർത്ത് സെൻട്രൽ , നോർത്ത് അറ്റ്‌ലാന്റിക് എന്നിങ്ങനെ 7 റീജിയനുകളിലായി നിരവധി ക്ലബ്ബുകളും പ്രവർത്തകരും യു.എസ് ഏരിയയുടെ പരിധിയിൽ ഉണ്ട്.

മികച്ച സംഘാകടനായ ഷാജു സാം വൈസ്‌മെൻ നോർത്ത് അറ്റ്‌ലാന്റിക് റീജിയണൽ ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. അക്കൗണ്ടിംഗ് ടാക്സ് സർവിസ് സംരംഭം നടത്തുന്ന ഷാജു സാം വാൾസ്ട്രീറ്റിലെ ഫൈനാൻസ് കമ്പനിയുടെ അസിസ്റ്റന്റ് കൺട്രോളർ കൂടിയാണ്. കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. വൈസ്‌മെൻ ക്ലബ്ബിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്ലബ്ബുകള്‍ ആരംഭിക്കുക, യുവജന സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് താൻ മുൻഗണന നൽകുന്ന പദ്ധതികൾ എന്ന് ഷാജു സാം പറഞ്ഞു.

നോർത്ത് അറ്റ്‌ലാന്റിക് റീജിയണൽ ഡയറക്ടർ ആയി ഡോ. അലക്സ് മാത്യുവും അവരോധിക്കപ്പെട്ടു. ന്യൂയോർക്കിലെ സ്റ്റോണി ബ്രുക്സ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് പ്രൊഫസ്സര്‍ ആയി സേവനമനുഷ്ഠിക്കുന്ന ഡോ. അലക്സ് മാത്യു മികച്ച സംഘാടകനും വാഗ്മിയും ആണ്. അമേരിക്കയിലെ മെഡിക്കൽ ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്റെ പ്രവർത്തകനും ആണ്.

കോവിഡ്-19 ഉയർത്തുന്ന പരിമിതികൾ ഉണ്ടെങ്കിലും റീജിയണിലെ ക്ലബ്ബുകള്‍ സജീവമാക്കുകയും പുതിയ ക്ലബ്ബുകള്‍ ആരംഭിക്കുകയുമാണ് തന്റെ പരിഗണന എന്ന് ഡോ. അലക്സ് മാത്യു പറഞ്ഞു. ലോകത്തോടുള്ള നമ്മുടെ വീക്ഷണം അനുസരിച്ചായിരിക്കും ലോകം നമ്മോടു പ്രതികരിക്കുക, പർവ്വതത്തെ വെറും മൺകൂട്ടമായി കാണാതെ ഒരു ഉപാസനാമൂര്‍ത്തിയായി കാണൂ, കാടിനെ വെറും മരത്തടികളുടെ കൂട്ടമായി കാണാതെ വിശുദ്ധ വനികയായി കാണൂ, ഭൂമിയെ അവസരം മാത്രമായി കാണാതെ അമ്മയായി കാണൂ, നമ്മുടെ ചിന്തകൾ ആകെ മാറും എന്ന് പ്രമുഖ കനേഡിയൻ പരിസ്ഥിതി പ്രവര്‍ത്തകനായ ഡേവിഡ് സുസീക്കിയുടെ വാക്കുകൾ ഉയർത്തി ഡോ . അലക്സ് മാത്യു മറുപടി പ്രസംഗംഗത്തിൽ പറഞ്ഞു.

കോരസൺ വർഗീസ് (പബ്ലിക് റിലേഷൻസ് ഡയറക്ടർ)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top