യുവതിയെ ദിവസങ്ങളോളം തടവിലാക്കി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

എറണാകുളം : കണ്ണൂരിൽ നിന്നുള്ള യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി മാർട്ടിൻ ജോസഫിനെ പോലീസ് പിടികൂടി. പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട മുണ്ടൂർ വനമേഖലയിലെ അയ്യങ്കുന്നിൽ ഒളിച്ചു കഴിഞ്ഞിരുന്ന പ്രതിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് പിടികൂടിയത്. ഹൈക്കോടതിയില്‍ ഇയ്യാള്‍ നല്‍കിയിരുന്ന മുന്‍‌കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുകയായിരുന്നു.

തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മുന്നൂറോളം നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയെ രാത്രി തന്നെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് നാളെ കോടതിയില്‍ ഹാജരാക്കും.

പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും യുവതിയെ പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ഫ്ലാറ്റിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുക. പ്രതിയെ പിടികൂടുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് പൊലീസിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി പൊലീസ് പ്രതിയെ തിരയുകയാണെന്ന് പറയുമ്പോഴും, കഴിഞ്ഞ എട്ടാം തിയ്യതി വരെ പ്രതി കൊച്ചിയിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നതതോടെ പൊലീസ് കൂടുതൽ പ്രതിരോധത്തിലായിരുന്നു. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.

ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും തന്‍റെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും കണ്ണൂർ സ്വദേശിയായ യുവതി മാർട്ടിനെതിരെ പരാതി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്നും പ്രതിയുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ യുവതി വീട്ടിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മാർട്ടിന്‍റെ സുഹൃത്തുക്കളായ മൂന്നു പേർ പിടിയിലായെങ്കിലും മാർട്ടിൻ ഒളിവിൽ പോകുകയായിരുന്നു. പരാതിക്കാരിയായ യുവതിയും മാർട്ടിനും ഒരു വർഷത്തോളമായി കൊച്ചിയിൽ ഒരുമിച്ച് കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

മാർട്ടിൻ മാർക്കറ്റിംഗ് രംഗത്തും യുവതി മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇരുവരും തര്‍ക്കത്തിലായതെന്നും തുടര്‍ന്ന് പരാതിക്ക് കാരണമായ സംഭവങ്ങള്‍ ഉണ്ടായതെന്നും പോലീസ് പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment