Flash News

ന്യൂയോർക്ക് എൻ.യു.എം.സി ഡയറക്ടർ ബോർഡിലെ ആദ്യ മലയാളി അംഗമായി അജിത് എബ്രഹാം; നാസൗ കൗണ്ടി മലയാളികൾക്ക് ഇത് അഭിമാന നിമിഷം

June 11, 2021 , ജോസഫ് ഇടിക്കുള

ന്യൂയോർക്ക്: ഇക്കഴിഞ്ഞ ജൂൺ 9 ബുധനാഴ്ച നാസാ ഹെൽത്ത്കെയർ കോർപറേഷന്റെ (എൻ.എച്.സി.സി) ഭാഗമായി പ്രവർത്തിക്കുന്ന നാസൗ കൗണ്ടിയിലെ പ്രധാന മെഡിക്കൽ സിസ്റ്റം ആയ നാസൗ കൗണ്ടി യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിന്റെ (എൻ.യു.എം.സി) ഡയറക്ടർ ബോർഡിലേക്ക് പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകൻ അജിത് കൊച്ചുകുടിയില്‍ ഏബ്രാഹം സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് അജിത് കൊച്ചൂസ് എന്ന അജിത് കൊച്ചുകുടിയിൽ എബ്രഹാം. എൻ.യു.എം.സി യുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ മേഗൻ സി. റയാൻ ആണ് അജിത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ ഡയറക്ടർ ബോർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അജിത് മേഗനോടും അഡ്മിനിസ്ട്രേഷൻ സ്റ്റാഫിനോടുമൊപ്പം കുടുംബസമേതം ഹോസ്പിറ്റൽ സമുച്ചയം സന്ദർശിച്ചു.

ജൂൺ 3 നാണു കൗണ്ടി എക്സിക്യു്റ്റിവ് ലോറ കറൻ അജിത് കൊച്ചൂസിനെ ബോർഡ് ഡയറക്ടർ ആയി നിയമനോത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 10 വ്യാഴാഴ്ച പ്രഥമ ഡയറക്ടർ ബോർഡ് യോഗത്തിൽ അജിത് പങ്കെടുത്തു. 15 പേരടങ്ങുന്ന ബോർഡിൽ ആദ്യത്തെ മലയാളി അംഗമായ അജിത്തിന്റെ നിയമനം അടുത്ത അഞ്ച് വർഷത്തെ കാലയളവിലേക്കാണ്. ആശുപത്രികളുടെ ഭരണ കാര്യങ്ങളിലും നിയമസംബന്ധമായ പ്രശ്നങ്ങളിലും സാമ്പത്തിക വകയിരുത്തലുകളിലുമെല്ലാം നിർണ്ണായകമായ തീരുമാനങ്ങളെടുക്കുന്നത് ഡയറക്ടർ ബോർഡ് ആണ്. ഇപ്പോൾ സിസ്റ്റം കമ്മിയിലാണ് പോകുന്നത്. കമ്മി നികത്തുന്നതിനും മറ്റും ബോർഡ് സുപ്രധാന ശുപാർശകൾ നൽകുന്നു. ന്യൂമെക്‌ എന്നും ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻ.യു.എം.സി ക്ക് ഈസ്റ്റ് മെഡോയിൽ സ്ഥിതി ചെയ്യുന്ന ലോങ്ങ് ഐലൻഡിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിസസമുച്ചയം കൂടാതെ യൂണിയൻഡേലിലും ശൃംഘലകളുണ്ട്.

നാസൗ കൗണ്ടി ഡമോക്രാറ്റിക് പാർട്ടി ചെയർമാൻ ജെയ് ജേക്കബ്‌സ്, സെനറ്റർ കെവിൻ തോമസ് എന്നിവർ അജിത്തിനെ അനുമോദിച്ചു. ന്യൂയോർക്കിന്റെ ആദ്യത്തെ ഇന്ത്യൻ- മലയാളി സെനറ്റർ ആയ കെവിൻ തോമസ് ഈ നിയമനം മലയാളികൾക്ക് എല്ലാം വളരെയധികം അഭിമാനിക്കാവുന്ന ഒരു വൻനേട്ടം തന്നെയെന്നും അഭിപ്രായപ്പെട്ടു. എൻ.യു.എം.സി നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വിശദമായി പഠിച്ചു പോരായ്മകൾ കണ്ടെത്തിയാൽ അതെല്ലാം ജാഗ്രതാപൂർവ്വം നികത്തി കോർപറേഷൻ ലാഭത്തിൽ നയിക്കുവാൻ ഒരു ഡയറക്ടർ ബോർഡ് അംഗത്തിനുള്ള അധികാരപരിധിയിൽ നിന്നുകൊണ്ടുതന്നെ പരമാവധി പരിശ്രമിക്കുമെന്നു അജിത് കൊച്ചൂസ് പറഞ്ഞു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ വുമൺ എന്റർപ്രെന്യൂറിയൽഷിപ്പിൽ വളരെ വിജയകരമായ രീതിയിൽ തന്റെ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ജയാ വർഗീസ് ആണ് അജിത്തിന്റെ ഭാര്യ. മക്കളായ അലൻ, ഇസബെൽ അന്ന, റയാൻ – എല്ലാവരും വിദ്യാർത്ഥികളാണ്. മുവാറ്റുപുഴ കടാതി കൊച്ചുകുടിയിൽ ഏബ്രാഹം-അന്നകുഞ്ഞു ദമ്പതികളുടെ മൂത്ത പുത്രനാണ് അജിത്. സഹോദരിമാരായ അഞ്ജു, മഞ്ജു എന്നിവർ ഫിസിയോ തെറാപ്പിസ്റ്റുകളാണ്. അവർ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയവരാണ്.

കേരളത്തിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് കോഴ്സും പൂർത്തിയാക്കിയതിനു ശേഷം സ്വന്തമായി സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് കമ്പനി നടത്തി വന്ന അജിത് കേരളത്തെക്കുറിച്ചു സമ്പൂർണ്ണമായ ഒരു ഇലക്ട്രോണിക് വിജ്ഞാനകോശവും ട്രാവലോഗും നിർമിച്ചു അക്കാലത്തു മാധ്യമ ശ്രദ്ധയും ജനസമ്മതിയും ആർജ്ജിച്ചിരുന്നു. വെബ് & കമ്പ്യൂട്ടർ ബേസ്ഡ് ട്യൂട്ടോറിയൽ എല്ലാം അജിത്തിന്റെ മറ്റു വിജയകരമായ പ്രൊജക്റ്റുകളായിരുന്നു.

ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA) യുടെ പ്രസിഡന്റ് ആയിരുന്നു അജിത്. തന്റെ പ്രവര്‍ത്തന നൈപുണ്യം കൊണ്ടു സംഘടനയെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ അജിത്തിനായി. മാസ്സപെക്വാ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും സെനറ്റര്‍ കെവിന്‍ തോമസിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലെയ്സനുമാണ്, ന്യൂയോര്‍ക്ക് സിറ്റിയിൽ ഐ. ടി. മേഖലയില്‍ ഡയറക്ടറായി ജോലി ചെയ്യുന്ന അജിത് കൊച്ചൂസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top