പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പത്തു വര്‍ഷക്കാലം മുറിയില്‍ പൂട്ടിയിട്ടു; വനിതാ കമ്മീഷന്‍ ഇടപെടുന്നു

പാലക്കാട്: പ്രണയം തലയ്ക്കു പിടിച്ച് പ്രണയിനിയെ പത്തു വര്‍ഷക്കാലത്തോളം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നെന്മാറ പൊലീസിനോട് വിശദീകരണം തേടി. പ്രണയത്തിന്റെ പേരില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി.

പാലക്കാട് അയിലൂര്‍ കാരക്കാട്ടു പറമ്പ് മുഹമ്മദ് ഖനിയുടെ മകമന്‍ റഹ്‌മാനാണ് അയല്‍‌ക്കാരനായ വേലായുധന്റെ മകള്‍ സജിതയെ തന്റെ വീട്ടില്‍ പത്തുവര്‍ഷത്തോളം ഒളിവില്‍ താമസിപ്പിച്ചത്. ഇത്രയും കാലം റഹ്‌മാന്‍ സജിതയെ എങ്ങനെ ഒളിപ്പിച്ചിരുത്തി? എങ്ങനെ സംരക്ഷിച്ചു? ഈ അജ്ഞാത വാസം ഒരുക്കിയതിനു പിന്നിലുള്ള ചേതോവികാരം? എല്ലാത്തിന്റെയും ഉത്തരങ്ങള്‍ സിനിമാക്കഥയെപോലും വെല്ലുന്നതാണ്.

2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. അയല്‍ക്കാരിയായ സജിതയുമായി പ്രണയത്തിലായ റഹ്മാന്‍ അവളെ സ്വന്തമാക്കണമെന്ന് മോഹിച്ചിരുന്നെങ്കിലും വ്യത്യസ്ഥ ജാതി അവര്‍ക്ക് വിലങ്ങുതടിയായി. എന്നാല്‍, ബന്ധുവിന്റെ വീട്ടിലേക്ക് പോയ സജിത പിന്നീട് തിരിച്ചുവന്നില്ല. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. പല പ്രാവശ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്റെ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. വര്‍ഷങ്ങള്‍ നീണ്ടുപോയതോടെ സജിതയുടെ തിരോധാനം നാട്ടുകാരും മറന്നപോലെയായി.

സജിതയെ കാണാതായ അന്നു തന്നെ റഹ്മാന്‍ താലി കെട്ടി സ്വന്തം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചത് കുടുംബക്കാരെപ്പോലും അറിയിച്ചിരുന്നില്ല. അമ്മയും സഹോദരങ്ങളും ആരുമറിയാതെയായിരുന്നു റഹ്‌മാന്‍ സജിതയെ വീട്ടില്‍ താമസിപ്പിച്ചത്. റഹ്‌മാന്‍ പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും. ആരും തന്നെ മുറിക്കകത്തേക്ക് പ്രവേശിച്ചിരുന്നില്ല. ഇലക്ട്രീഷ്യനായ റഹ്‌മാന്‍ മുറിക്കകത്തും പുറത്തും ചില സിസ്റ്റങ്ങള്‍ ഘടിപ്പിച്ചു. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പല്‍ ഘടിപ്പിച്ചു. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു. റഹ്‌മാന്റെ മുറിക്ക് പുറത്തേക്കിട്ട വയറുകള്‍ തൊട്ടാല്‍ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു കുടുംബാംഗങ്ങള്‍ക്ക് ഷോക്കടിച്ച സംഭവവുമുണ്ടായിട്ടുണ്ട്.

മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി. അവന് മാനസിക പ്രശ്‌നമുണ്ടെന്ന വീട്ടുകാരുടെ വിധിയെഴുത്ത് റഹ്‌മാന് കൂടുതല്‍ ഗുണകരമായി. റഹ്‌മാന്‍ കാട്ടിക്കൂട്ടുന്നതൊന്നും ശ്രദ്ധിക്കേണ്ട എന്ന മട്ടിലായി വീട്ടുകാര്‍. ഇത് റഹ്‌മാന്റെ പദ്ധതികളെ കൂടുതല്‍ എളുപ്പമാക്കി. ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി ആരുമറിയാതെ ഇതുവഴി പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വീടിനു പുറത്തിറങ്ങുമ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയിടും. മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി.

10 വര്‍ഷത്തോളം ഈ വീട്ടില്‍ തന്നെയായിരുന്നു സജിതയും കഴിഞ്ഞിരുന്നത്. തൊട്ടടുത്ത് തന്നെ മകള്‍ ഒളിച്ച് കഴിയുന്നുണ്ടെന്നത് സജിതയുടെ മാതാപിതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല. എന്തിനാണ് ഈ സാഹസമെന്ന നാട്ടുകാരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി പുറത്തു വരേണ്ടത്. മകള്‍ മരിച്ചെന്നു കരുതിയ ആ മാതാപിതാക്കളുടെ മാനസികാവസ്ഥയാണ് കേട്ടതിനേക്കാള്‍ ഭീകരം.

മകള്‍ മരിച്ചെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ആ മാതാപിതാക്കള്‍ക്കും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും എന്നാല്‍ ഇത്രയും കാലം വെറും നുറു മീറ്റര്‍ അപ്പുറത്ത് കണ്‍മുന്നില്‍ നിന്നകന്നു ജീവിച്ചതിന്റെ പരിഭവവും ഉണ്ട് അവര്‍ക്ക്. അപ്പോഴും പ്രയാസങ്ങളും ദുരിതങ്ങളും ആവോളമുള്ള ആ കുഞ്ഞുവിട്ടീല്‍ ഈ തിരക്കഥ എങ്ങനെ പ്രാവര്‍ത്തികമായി എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 വര്‍ഷങ്ങളാണ് ഒറ്റമുറിക്കുള്ളില്‍ സജിതയും ഒളിജീവിതത്തിന്റെ ഭീതിയോടെ റഹിമാനും ജീവിച്ചു തീര്‍ത്തത്.. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരെയും കണ്ടപ്പോള്‍ നാട്ടുകാര്‍ ചോദിച്ച ചോദ്യവും അതാണ്. ഇക്കാലത്ത് എന്തിനായിരുന്നു ഈ സാഹസം.

എന്തായാലും പ്രായപൂര്‍ത്തിയായ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നതായാണ് മൊഴി നല്‍കിയതെന്ന് നെന്മാറ സി.ഐ. എ. ദീപകുമാര്‍ പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയച്ചു.

അതേസമയം, പ്രണയത്തിന്റെ പേരിലാണെങ്കില്‍ പോലും 10 വര്‍ഷം മുറിക്കുള്ളില്‍ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച്‌ ആശങ്കയുണ്ട്. ഈ നാളുകളില്‍ ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാന്‍. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്പോള്‍ അങ്ങനെയാണ് മനസ്സിലാകുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറയുന്നു.

“ലോക്ക്ഡൗണ്‍ കാലയളവില്‍ പോലും വീട്ടിലിരിക്കാന്‍ സാധാരണകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. നീണ്ട 10 വര്‍ഷങ്ങളാണ് സജിത മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞത്. വേണ്ടത്ര സൂര്യപ്രകാശം പോലും ലഭിച്ചിട്ടിട്ടുണ്ടാകില്ല. 18 വയസ് മുതല്‍ ഒരു പെണ്‍കുട്ടിയുടെ മാനസികവും ശാരീരികവും ജൈവീകവുമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനാവശ്യമായ സാഹചര്യം ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കമ്മീഷന് ആശങ്കയുണ്ട്,” അവര്‍ പറഞ്ഞു.

സജിത സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ കഴിഞ്ഞിരുന്നത് എന്നിരുന്നാല്‍ പോലും കമീഷന് ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്താതിരിക്കാനാവില്ല. പൊലീസിനോട് വിവരങ്ങള്‍ തിരക്കിയിരുന്നു. ഒരു തവണ കൗണ്‍സിലിംഗ് നല്‍കിക്കഴിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. ആവശ്യമെങ്കില്‍ ഇനിയും അത്തരം സഹായങ്ങള്‍ നല്‍കും. കര്‍ശനമായ ലോക്ക്ഡൗണായതിനാലാണ് കമ്മീഷന്‍ സജിതയെ സന്ദര്‍ശിക്കാത്തത്. ഉടന്‍തന്നെ അവരെ കാണും. അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി സാഹചര്യം മനസ്സിലാക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment