കാനഡയിലെ വംശീയാക്രമണം അപലപനീയം: കെ എം സി സി – യു‌എസ്‌എ & കാനഡ

കാനഡ: കാനഡയിലെ ഓന്റോറിയോ പ്രൊവിൻസിലെ ലണ്ടൻ നഗരത്തിൽ നടക്കാനിറങ്ങിയ ഒരു മുസ്ലിം കുടുംബത്തെ, വംശീയ വെറി മൂത്ത ഇരുപതുകാരനായ യുവാവ് ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുകയും ഇസ്ലാമോഫോബിയുടെ ഭാഗമായി നടത്തിയ ആസൂത്രിത കൊലപാതകത്തെ കാനഡയിലെ മുഴുവൻ ജനങ്ങളും ഒന്നിച്ച് എതിര്‍ക്കാനും പ്രഖ്യാപിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ലോക സമൂഹത്തിന് മുമ്പിൽ മാതൃകയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ആത്മവിശ്വാസം നൽകുന്ന നിലപാടാണ് എടുത്തതെന്ന് കെ എം സി സി പ്രസിഡന്റ് (യു‌എസ്‌എ & കാനഡ) യു.എ. നസീർ അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനെതിരെയും മത, വംശീയതെക്കെതിരെയും എന്നും നിലകൊള്ളുകയും ശക്തിയുക്തം എതിർക്കുകയും ചെയ്യുന്ന സംഘടനയായിരിക്കും കെ എം സി സി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലണ്ടൻ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു ഈ വരുന്ന ശനിയാഴ്ച 4 മണിക്ക് മിസ്സിസാഗ നഗരത്തിൽ വിവിധ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ റാലിക്ക് കെ.എം.സി. സി യുടെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

“മുസ്‌ലിംകൾക്കിടയിൽ കടുത്ത ഭീതി ജനിപ്പിക്കാനാണ് ഭീകരാക്രമണം നടത്തിയത്‌. എന്നാൽ നമ്മുടെ സ്വത്വം സംരക്ഷിച്ചു കൊണ്ട് രാജ്യത്തിൻ്റെ നിയമമനുസരിച്ച് നിർഭയമായി ജീവിക്കാൻ ഇതര വിഭാഗങ്ങളുടെ എല്ലാ പിന്തുണയും നമുക്കുണ്ട് എന്നത് വിസ്മരിക്കാതെ അഭിമാനത്തോടെ ജീവിച്ച് ഭീകരതയെ നമുക്കൊരുമിച്ച് പരാജയപ്പെടുത്താം,” അദ്ദേഹം കൂട്ടിച്ചേർത്തു.

കനേഡിയൻ പാർലിമെന്റിൽ ഇടപെടൽ നടത്തി സംസാരിച്ച എൻഡിപി പാർട്ടി നേതാവ് ജഗ്‌മീത് സിംഗിനെ ഇതോടൊപ്പം പ്രതേകം സ്മരിക്കുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:
“ഹിജാബ്‌ ധരിക്കുന്ന ഒരു സഹോദരി തന്റെ ആശങ്ക അൽപം മുൻപ്‌ പങ്കുവച്ചിരുന്നു. കനഡയിലെ ഈ ഭീകരാക്രമണം നടന്നത്‌ മുസ്‌ലിംകൾക്കിടയിൽ കടുത്ത ഭീതി ജനിപ്പിയ്ക്കാനാണു. അതുകൊണ്ട്‌ ഹിജാബ്‌ ധരിക്കുന്ന എന്റെ സഹോദരിമാരോടും തൊപ്പി ധരിക്കുന്ന എന്റെ സഹോദരന്മാരോടും പറയാനുള്ളത്‌, നമ്മൾ ഭയത്തിനു അടിമപ്പെടുകയില്ല എന്നാണു. നമ്മൾ അഭിമാനപൂർവ്വം തന്നെ ടർബൻ ധരിക്കും. ഹിജാബ്‌ ധരിക്കും. തലപ്പാവ്‌ ധരിക്കും. നമ്മൾ എന്താണോ അതിൽ അഭിമാനിക്കുന്നവരാണു നമ്മൾ. ഭീകരത വിജയിക്കാൻ നമ്മൾ സമ്മതിക്കില്ല!”

സ്നേഹപൂർവ്വം,
യു എ നസീർ
(കെ എം സി സി പ്രസിഡന്റ്, യു എസ് എ & കാനഡ)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News