നിലത്ത് മൂത്രമൊഴിച്ചതിന് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

കണ്ണൂർ: നിലത്ത് മൂത്രമൊഴിച്ചതിന് ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനേയും കുഞ്ഞിന്റെ അമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ഇരിട്ടിയില്‍ കണിച്ചാറിലാണ് സംഭവം നടന്നത്. നിലത്തു കിടത്തിയ കുട്ടി മൂത്രമൊഴിച്ചെന്ന് പറഞ്ഞാണ് രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കേളകം പൊലീസാണ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് രണ്ടാനച്ഛന്‍റെ അറസ്റ്റ്. കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരേ കേസ്.

കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നെന്ന് അമ്മൂമ്മ പറഞ്ഞു. കുട്ടി മൂത്രമൊഴിക്കുന്നത് പറഞ്ഞായിരുന്നു മർദ്ദനമെന്ന് അമ്മൂമ്മ പറയുന്നു. കുട്ടിയെ നിലത്ത് കിടത്തുകയും മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് മർദിക്കുകയും കുട്ടിയെ വീട്ടിൽ താമസിപ്പിച്ചാൽ കൊല്ലുമെന്ന് പറഞ്ഞതായും അമ്മുമ്മ പറഞ്ഞു.

മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ അമ്മയുടെ മാതാപിതാക്കളാണ് പേരാവൂർ ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ മർദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അച്ഛൻ മരക്കമ്പ് കൊണ്ടുള്ള മർദനത്തിൽ കുട്ടിയുടെ തലയ്ക്കും മുഖത്തും തോളിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.

കേസിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment