ബെവ്‌ക്യൂവിന്റെ ആപ്പിലൂടെ മദ്യ വില്പന നടക്കുമെന്ന് വിശ്വസിച്ചവര്‍ ആപ്പിലായി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്പന ബെവ്ക്യൂവിന്റെ ആപ്പിലൂടെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 15നു പ്രഖ്യാപിച്ചെങ്കിലും ജൂണ്‍ 16-ന് വൈകീട്ട് തീരുമാനത്തില്‍ മാറ്റം വരുന്നതുവരെയുള്ളള്ള 22 മണിക്കൂറിൽ ബവ്ക്യൂ ആപ്പിലൂടെ ടോക്കൺ വരുമെന്നു പ്രതീക്ഷിച്ച് ആപ് ഡൗൺലോഡ് ചെയ്തു കാത്തിരുന്നത് 1.32 ലക്ഷം പേര്‍. ജൂണ്‍ 15 അര്‍ദ്ധരാത്രി വരെ 97,707 ഡൗൺലോഡുകളാണ് നടന്നത്. ജൂണ്‍ 16നാകട്ടേ 34,526 പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ആകെ 1,32,233 പുതിയ ഡൗൺലോഡുകൾ നടന്നതോടെ ആപ്പിന്റെ തുടക്കം മുതൽ ഇതുവരെ നടന്നത് 39.3 ലക്ഷം ഡൗൺലോഡുകള്‍.

ജൂണ്‍ 17ന് അതിരാവിലെ മുതല്‍ ബാറുകളുടേയും ബിവറേജസ് ഔട്ട്‌ലറ്റുകളുടേയും മുന്നില്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. ഏത് ആപ്പാണ് വരികയെന്ന് ആരും ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും അത് ബവ്‌ക്യു തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചാണ് ജനം ക്യൂവില്‍ നിന്നത്.

2021 ജനുവരി 17 ന് സർക്കാർ ബെവ്ക്യൂ ആപ്ലിക്കേഷന്റെ ഉപയോഗം ഔദ്യോഗികമായി നിർത്തിവെച്ചിരുന്നു. എന്നാൽ 7.86 ലക്ഷം ആളുകൾ ആപ്ലിക്കേഷൻ 5 മാസത്തേക്ക് ഫോണുകളിൽ സൂക്ഷിച്ചുവെങ്കിലും അത് ഉപയോഗിച്ചിരുന്നില്ല. ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 37.5 ലക്ഷം പേരാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതിൽ 7.86 ലക്ഷം പേർ എന്തിന് ആപ് ഫോണിൽ നിലനിർത്തിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ഇവരിൽ പലരും ലോക്ഡൗൺ പകുതിയായതോടെ ആപ്പിൽ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോയെന്നറിയാൻ പരിശോധിച്ചിട്ടുമുണ്ടെന്ന് യൂസേജ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇൻസ്റ്റാലേഷനുകൾ കൂടിയായതോടെ വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 9.18 ലക്ഷം പേരുടെ ഫോണിൽ ബവ്ക്യു പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആപ് ഡൗൺലോഡ് ചെയ്ത് കാത്തിരുന്നെങ്കിലും റജിസ്ട്രേഷൻ ഡിസേബിൾഡ് എന്ന സന്ദേശം കണ്ട് നിരാശരാകേണ്ടി വന്നു എല്ലാവർക്കും. പ്രതിദിനം ഒരു കൗണ്ടറിന് 800 ടോക്കൺ എന്ന കണക്കിൽ 1200 കൗണ്ടറുകൾക്കായി 9.6 ലക്ഷം ടോക്കണുകൾ നൽകാൻ ബവ്ക്യുവിന് സൗകര്യമുണ്ട്. ബുക്കിങ് മാനേജ് ചെയ്യാനുള്ള റെഡിസ് (Redis) പ്ലാറ്റ്ഫോമിന് ഏകദേശം 5500 ഡോളർ പ്രതിമാസം നൽകണമായിരുന്നു. ആപ് ഉപയോഗം അവസാനിച്ചതോടെ ജനുവരിയിൽ ഇത് മരവിപ്പിച്ചു. വീണ്ടും ആവശ്യം വന്നാൽ 4 ദിവസത്തെ സാവകാശത്തിലൂടെ ആപ് പ്രവർത്തനക്ഷമമാക്കാമെന്നാണ് ഫെയർകോഡിന്റെ വാഗ്ദാനം.

കഴിഞ്ഞ വർഷം ബവ്ക്യു ആപ് പ്രവർത്തിച്ച 234 ദിവസത്തിനിടെ റജിസ്റ്റർ ചെ‌യ്തതു 3 കോടി മൊബൈൽ നമ്പറുകളാണെന്ന് ആപ് വികസിപ്പിച്ച കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ നവീൻ ജോർജ് പറയുന്നു. മൊത്തം വിതരണം ചെയ്തതാകട്ടെ 4.1 കോടി ടോക്കണുകളും. 37.5 ലക്ഷം പേരാണ് ആപ് ഡൗൺലോഡ് ചെയ്തതെങ്കിലും അടുപ്പക്കാർക്കും മറ്റുമായി ഒന്നിലേറെ നമ്പറുകൾ റജിസ്റ്റർ ചെയ്തതോടെയാണ് ആകെ സംഖ്യ 3 കോടി കടന്നതെന്നു നവീൻ വ്യക്തമാക്കുന്നു. പ്രതിദിനം 5 ലക്ഷം ടോക്കണുകൾ വരെ ജനറേറ്റ് ചെയ്യപ്പെട്ട ആപ്പിൽ അവസാനദിവസങ്ങളിൽ ഒരുലക്ഷം ടോക്കണുകളാണു വിതരണം ചെയ്തത്. സി–ഡിറ്റിന്റെ സെർവറാണ് ബവ്ക്യു ആപ്പിനായി ഉപയോഗിച്ചത്. റജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളെല്ലാം സർക്കാരിന്റെ പക്കലാണ്.

ആപ് വഴി മദ്യവിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബവ്ക്യു എന്ന വാക്ക് ഗൂഗിളിൽ തിരഞ്ഞവരുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചു കയറിയത്. ഗൂഗിളിൽ ഒരു പ്രത്യേക വാക്ക് തിരഞ്ഞവരുടെ തോത് വ്യക്തമാക്കുന്നതാണ് ഗൂഗിൾ സെർച്ച് ട്രെൻഡ്സ്. കൂടുതൽ ആളുകൾ തിരയുന്നതിൽ bevq login, bevq booking time, bevq app login, bevq app download, bevq app kerala, bevco app, bevq apk എന്നിങ്ങനെ അസംഖ്യം കീവേഡുകൾ ബ്രേക്ക്ഔട്ട് (Break out) വിഭാഗത്തിലായി. സേർച്ചിന്റെ അളവ് 5000 ശതമാനത്തിലും അധികമാകുമ്പോഴാണ് അവ ബ്രേക്ക്ഔട്ട് കീവേഡുകളാകുന്നത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment