പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പോലീസിന് വനിതാ കമ്മീഷന്റെ വിമര്‍ശനം

പെരിന്തൽമണ്ണ: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പോലീസിന് വനിതാ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടിയുടെ പിതാവിന്റെ കടയ്ക്ക് തീയിടുകയും മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് സംസ്ഥാന വനിതാ കമ്മീഷൻ പൊലീസിനെ വിമർശിച്ചത്. പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് എംസി ജോസഫൈൻ പറഞ്ഞു

”പ്രതിക്കെതിരെ നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മിഷന്‍ ഗൗരവത്തോടെ കാണുന്നു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്,” വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, അവരെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എംസി ജോസഫൈന്‍ പറഞ്ഞു.


ദൃശ്യ എന്ന യുവതിയെ 22 തവണയാണ് പ്രതി വിനീഷ് കുത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മുറിവുകളെക്കുറിച്ചു ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണകാരണമെന്നും സൂചിപ്പിച്ചിട്ടുള്ളത്. വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. നെഞ്ചില്‍ നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌

ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് പ്രതി ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്. വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന പ്രതി വീട്ടില്‍ വേറാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസാകട്ടേ വിനീഷിനെ താക്കീത് ചെയ്ത് വിടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment