ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം; ഡോക്ടര്‍മാര്‍ ഇന്ന് ദേശീയ പ്രതിഷേധ ദിനം ആചരിക്കുന്നു

ന്യൂദൽഹി: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ കേന്ദ്ര നിയമനിർമ്മാണം നടത്തേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള 1,700 ശാഖകളിൽ നിന്നുള്ള പത്ത് ലക്ഷത്തോളം ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും ഇന്ന്  (വെള്ളിയാഴ്ച) ദേശീയ പ്രതിഷേധ ദിനം ആചരിക്കും.

ആസാമിലെ ഒരു യുവ ഡോക്ടർക്കെതിരെ നടന്ന ആക്രമണം, വനിതാ ഡോക്ടർമാർക്കെതിരായ ആക്രമണം, ഹൂഗ്ലി, പശ്ചിമ ബംഗാള്‍, കർണാടക എന്നിവിടങ്ങളില്‍ ഡോക്ടർമാർക്കെതിരെ നടന്ന സംഭവങ്ങൾ എന്നിവയെല്ലാം ഡോക്ടർമാർക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവയാണ്.

അതിനാൽ ഇത്തരം അതിക്രമങ്ങൾക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) പ്രസിഡന്‍റ് ഡോ. ജെ.എ. ജയലാൽ പറഞ്ഞു.

ഡ്യൂട്ടി ഡോക്‌ടർമാരെയും മറ്റ് ആരോഗ്യപരിപാലകരെയും ആക്രമിക്കുന്നവരെ പത്ത് വർഷം വരെ ജയിൽ ശിക്ഷയ്‌ക്ക് വിധിക്കുന്ന 2019ലെ ഹെൽത്ത് സർവീസ് പേഴ്‌സണൽ ആൻഡ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ബിൽ ഇതുവരെ പ്രാബല്യത്തിൽ വന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 21 സംസ്ഥാനങ്ങൾക്ക് പ്രാദേശിക നിയമങ്ങൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഇത്തരം അക്രമങ്ങൾക്കെതിരെ കേന്ദ്ര തലത്തിൽ ശക്തമായ നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഡോക്‌ടർ ആവശ്യപ്പെട്ടു.

11 വർഷത്തിന് മുമ്പാണ് നാസിക്കിലെ ഒരു ഡോക്‌ടർ തലയ്ക്ക് പരിക്കേറ്റു മരിച്ചത്. എന്നാൽ ഇത്രയും വർഷം പിന്നിട്ടിട്ടും കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. ഇതിനു പുറമേ കൊവിഡ് ബാധിച്ച് 2020ൽ 750 ഡോക്‌ടർമാർമാരും രണ്ടാം തരംഗത്തിൽ 700ൽ അധികം ഡോക്‌ടർമാരും മരണപ്പെട്ടു. ഇത്തരത്തിൽ മുൻനിര യോദ്ധാക്കളായി നിന്നുകൊണ്ട് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്‌ടർമാർ പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾക്ക് ഇരയാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷായ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് മെമ്മോറാണ്ടം നൽകുമെന്ന് ഡോ. ജയലാൽ അറിയിച്ചു. കൂടാതെ എല്ലാ ശാഖകളും പ്രാദേശിക അധികാരികൾക്കും മെമ്മോറാണ്ടം സമർപ്പിക്കും.

അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ, മെഡിക്കൽ സ്റ്റുഡന്‍റ്സ് നെറ്റ്‌വർക്ക്, ജൂനിയർ ഡോക്‌ടർ നെറ്റ്‌വർക്ക് തുടങ്ങിയ എല്ലാ പ്രത്യേക സംഘടനകളും രാവിലെ ഒമ്പത് മുതൽ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment