അക്ഷരം മറന്നവരുടെ വായനാവാരം

ജൂണ്‍ പത്തൊമ്പത് വായനാ ദിനം. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കമിട്ട പി. എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 കേരള സര്‍ക്കാര്‍ അദ്ദേഹത്തോടുള്ള ആദരസുചകമായി വായനാദിനമായി പ്രഖ്യാപിച്ച്, വായനയെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍, സ്കൂളുകളും മറ്റും 19 മുതല്‍ 25 വരെയുള്ള ഒരാഴ്ചക്കാലം വായനാ വാരമായി ആചരിക്കുന്നു. ഇങ്ങനെ വായനാ ദിനവും, വാരവും ആഘോഷിച്ച് വായനയെ പ്രോത്സാഹിപ്പിക്കേണ്ട ഒരവസ്ഥയിലേക്ക് സാക്ഷര കേരളം മാറിയിരിക്കുന്നു. കാരണം പലതായിരിക്കാം. നമ്മുടെ ജീവിതവും സംസ്കാരവും, സാഹചര്യങ്ങളും മാറി. സ്വപ്നം കാണാന്‍ മറന്ന മനുഷ്യന്‍ തിരക്കു പിടിച്ച് എന്തിന്‍റെയെല്ലാമോ പിറകെയുള്ള പാച്ചിലില്‍ അവന്‍റെ ശീലങ്ങള്‍ മാറിയതറിഞ്ഞില്ല. ഇന്നു വായന പുസ്തകങ്ങളിലല്ല. ഐ-ഫോണിലെ സൈബര്‍ ഇടങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന വിജ്ഞാനത്തില്‍ അവനവനു വേണ്ടതു മാത്രം തോണ്ടി എടുത്താല്‍ മതി. അറിവു തൊട്ടറിയണ്ട, വായിച്ചറിയണ്ട എന്ന നിലയിലായപ്പോള്‍ വായനാശീലവും മാറി.

ഒരോ ശീലമാറ്റങ്ങളും അവന്‍റെ സംസ്കാരത്തെയാണു മാറ്റുന്നത്. സംസ്കാരത്തിന്‍റെ അടിത്തറ ഭാഷയായിരിക്കെ, ഭാഷ നഷ്ടപ്പെടുന്നവന് എല്ലാം നഷ്ടമാകുകയാണ്. ആദ്യം നമുക്ക് കുടിപ്പള്ളിക്കുടങ്ങളേയും അതിലെ ആശാന്മാരേയും, ആശാട്ടിമാരേയും നഷ്ടമായി. പകരം വന്ന അംഗനവാടികളും, കിന്‍റര്‍ഗാര്‍ഡനുകളും പുത്തന്‍ സംസ്കാരത്തിന്‍റെ അക്ഷരമാലകളാണു പഠിപ്പിച്ചത്. മാറ്റങ്ങള്‍ നല്ലതാകാം. മാറ്റങ്ങളിലൂടെയാണല്ലോ അനാചാരങ്ങള്‍ പലതും നാം തിരിച്ചറിഞ്ഞത്. അതുമൂലം നമുക്കൊത്തിരി മുന്നേറാന്‍ കഴിഞ്ഞു എന്നഭിമാനിക്കാം എങ്കിലും നമുക്കു ചിലതെല്ലാം നഷ്ടമായി. ആശാന്‍ പൂഴിമണ്ണില്‍ വിരല്‍ പിടിച്ചെഴിതിക്കുന്ന അക്ഷരവടിവും, വിരല്‍ തുമ്പിലൂടെ ഉള്ളില്‍ പതിയുന്ന അക്ഷരങ്ങളും. ഒപ്പം പഴങ്കഞ്ഞിയും, പോലത്തയും, അത്താഴവും. പകരം ബ്രെക്ഫാസ്റ്റും, ലഞ്ചും, ഡിന്നറും കടന്നുവന്നപ്പോള്‍ നാം ആധുനികരായി. വിദേശ ആധിപത്യത്തിന്‍റെ ബാക്കി പത്രമാണിതൊക്കെ എന്നു പറഞ്ഞു വേണമെങ്കില്‍, നമുക്ക് സ്വയം ന്യായികരിക്കാം. ഏതൊരധിനിവേശക്കാരനും ആ രാജ്യത്തിന്‍റെ ഭാഷയേയും സംസ്കാരത്തേയുമാണ് ആദ്യം ഇല്ലായ്മ ചെയ്യാന്‍ നോക്കുന്നത്. അവിടെ വിജയിച്ചാല്‍, വരിയുടച്ചവനായി, ജനം എന്നും അവന്‍റെ നുകത്തിന്‍കീഴില്‍ കഴിയും. ലോക ചരിത്രത്തില്‍ ഇത്തരം ധാരാളം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. വെട്ടിപ്പിടിക്കലിന്‍റേയും, കീഴടക്കലിന്‍റേയും കഥകള്‍ വിദേശ അധിനിവേശങ്ങളിലേക്കു മാത്രമായി ചുരുക്കേണ്ടതില്ല. അടുത്ത കാലത്തായി ശക്തിപ്രാപിച്ചു വരുന്ന സ്വദേശിയരായ മത തീവ്രവാദികളും അതുതന്നെയാണു ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ ബുദ്ധ പ്രതിമകള്‍ ബോംബു വെച്ചു തകര്‍ത്ത് ഒരു മഹത്തായ സംസ്കാരത്തെ നിഷ്കാസനം ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗിയവാദികളുടെ മറുവശമല്ലെ ബാബറി മസ്ജിത്ത് തകര്‍ത്ത് ക്ഷേത്രം പണിയുന്ന വര്‍ഗീയ വാദികള്‍. എന്തിനേറെ കേരളിയരായ നാം അഭിമാനത്തോടെ കൊണ്ടാടുന്ന ഓണത്തെ വാമന ജയന്തിയായി വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്ന വടക്കന്‍ ഗോസാമിമാരുടെ അന്തര്‍ഗതം മറ്റൊന്നാണോ…? ഇവിടെ മുദ്രാവാക്യങ്ങള്‍ മാത്രമേ മാറിയുള്ളു മനോഭാവം ഒന്നുതന്നെ. ഇതു രണ്ടും ഒന്നാണന്നു തിരിച്ചറിയണമെങ്കില്‍ കഴ്ച്ചപ്പാടു വേണം.

ഈ കാഴ്ച്ചാട്, അനുഭവങ്ങളില്‍ നിന്നും, വായനയില്‍ നിന്നും ഉരുത്തിരിഞ്ഞു വരേണ്ടതാണ്. എന്നാല്‍, അറിവും വായനയും താളിയോല ഗ്രന്ഥങ്ങളില്‍, വരേണ്യന്‍റെ അറപ്പുരയുടെ തടവറില്‍ വെളിച്ചം കൊതിച്ചു നടന്ന കാലത്തായിരിക്കാം വിദേശികള്‍ ഈ രാജ്യത്തെ തങ്ങളുടെ വ്യാപര കേന്ദ്രമാക്കി ആധിപത്യം സ്ഥാപിച്ചത്. പടിഞ്ഞാറന്‍ ആധിപത്യത്തില്‍ ഒന്നിലധികം അന്തര്‍ധാരകള്‍ ഉണ്ടായിരുന്നു. ഒന്ന് ഈസ്റ്റിന്ത്യാ കമ്പനിയായി ഇന്ത്യയുടെ ഭരണത്തിലും സമ്പത്തിലും കണ്ണു വെച്ചപ്പോള്‍, മറ്റൊരു ധാര മിഷനറിമാരായി, ആതുരാലയങ്ങളിലും, വിദ്യാഭ്യാസത്തിലും, മതപ്രബോധനങ്ങളിലും ശ്രദ്ധയൂന്നി ഗ്രാമങ്ങളിലേക്കിറങ്ങി. വേണമെങ്കില്‍ മതപരിവര്‍ത്തനം അവരുടെ മേല്‍ ആരോപിക്കാമെങ്കിലും അതിലും വലിയ നേട്ടം അവര്‍ പകര്‍ന്ന വിദ്യയില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ കഴിയില്ല. അധികാരം അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യയില്‍ മൊത്തം രണ്ടു ശതമാനത്തില്‍ താഴെ മാത്രമേ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുള്ളു എന്ന് ഓര്‍ക്കണം. അവര്‍ സ്ഥാപിച്ച ആശുപത്രികളും, സ്കൂളുകളു, അച്ചടി സ്ഥാപനങ്ങളും അക്ഷരത്തിന്‍റെയും വായനയുടെയും പുത്തന്‍ ലോകം നമുക്കു മുന്നില്‍ തുറന്നു. ഈ വിശാലമായ ലോകത്തില്‍ എല്ലാം നേരിട്ടു കണ്ട് അനുഭവങ്ങളിലൂടെ തിരിച്ചറിവുകളെ രൂപ്പെടുത്താന്‍ അത്രകണ്ടു സാധ്യമല്ലെന്നിരിക്കെ, വായനയുടെ വിശാലമായ ലോകം വിവിധ ആശയങ്ങളേയും, അനുഭവങ്ങളേയും, സംസ്കാരങ്ങളേയും നമുക്കു കാണിച്ചുതരുന്നു. ആ സത്യം മനസിലാക്കിയ ആളായിരുന്നു പി.എന്‍. പണിക്കര്‍ എന്നറിയപ്പെടുന്ന പുതുവായില്‍ നാരായണ പണിക്കര്‍. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ പിതാവായി അറിയപ്പെടുന്ന പണിക്കരു സാര്‍, ‘വായിച്ചു വളരുക’ എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന്, യുവാക്കളെ നവോത്ഥാന കാലത്തിലേക്കു നയിച്ചു.

1909 മാര്‍ച്ച് ഒന്നാം തിയ്യതി ആലപ്പുഴയില്‍ ജനിച്ച പണിക്കര്‍ 1945 ല്‍ തിരുവതാംകൂര്‍ ഗ്രന്ഥശാലാ സംഘം സ്ഥാപിച്ചു, 47 വായന ശാലകള്‍ അതില്‍ ഉണ്ടായിരുന്നു. പിന്നീട് നാട്ടിലെ ഗ്രാമങ്ങളിലും, പട്ടണങ്ങളിലുമായി ആറായിരത്തോളം ഗ്രന്ഥാലയങ്ങള്‍ സ്ഥാപിച്ച് അതൊരു മഹാപ്രസ്ഥാനമാക്കി. ലോകത്തില്‍ മറ്റാരും ചെയ്തിട്ടില്ലാത്ത ഒരു വലിയ സംരംഭം. 1977ല്‍ രൂപികരിച്ച കാണ്‍ഫെഡിന്‍റെ (കെ.എ.എന്‍.എഫ്.ഡി) നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി, ഇന്ത്യയിലെ നൂറു ശതമാനം സാക്ഷരത നേടിയ സംസ്ഥാനമായി കേരളം മാറി. അതിന്‍റെ പേരില്‍ യുനസ്കോ അദ്ദേഹത്തെ അവാര്‍ഡു നല്‍കി ആദരിച്ചു. ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ചു. 1995 ജൂണ്‍ 19ന് അദ്ദേഹം മരിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 19, വായനാദിനമായി ദേശീയമായിത്തന്നെ കൊണ്ടാടിക്കൊണ്ട് രാജ്യവും അദ്ദേഹത്തെ ആദരിക്കുന്നു. പണിക്കര്‍ സാറിനെപ്പറ്റി ഇത്രയൊക്കെ പറഞ്ഞു നമുക്കവസാനിപ്പിക്കാമായിരിക്കാം. പക്ഷേ അദ്ദേഹം തുറന്നു തന്ന വെളിച്ചത്തിന്‍റെ ലോകത്തെപ്പറ്റി എത്ര പറഞ്ഞാലാണു മതിയാവുക.

ഇന്നു ജീവിച്ചരിക്കുന്ന മുപ്പതു വയസിനു മുകളിലുള്ള ആരെങ്കിലും ഒരു ഗ്രാമീണ ഗ്രന്ഥശാലയില്‍ പോകാത്തവരോ, തീരെക്കുറഞ്ഞത് കണ്ടിട്ടെങ്കിലും ഇല്ലാത്തവരോ ഉണ്ടാകുമോ. കേരളത്തില്‍ പുരോഗമന പ്രസ്ഥാനം രൂപപ്പെട്ടത് ഇത്തരം ഗ്രന്ഥശാലകളിലെ വായനയില്‍ നിന്നും, ചര്‍ച്ചകളില്‍ നിന്നും ആണന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്നും സാക്ഷര കേരളത്തിന്‍റെ അഭിമാനം ഈ വായനശാലകളിലൂടെയാണ്. എന്‍റെ ഗ്രാമത്തില്‍ അന്നത്തെ ചെറുപ്പക്കാരുടെ ഉത്സാഹത്തില്‍ ഉയര്‍ന്ന ഗ്രാമോദ്ധ്യാരണ ഗ്രന്ഥശാല എന്നും എന്‍റെ ഓര്‍മ്മയുടെ പച്ചപ്പില്‍ ഉണ്ട്. അവളുടെ യൗവന കാലത്തെ സുഗന്ധം നുണഞ്ഞ്, അവളെ പ്രേമിച്ചു നടന്ന ഒരു കാലം. ചെസും, ക്യാരംസും കളിക്കാന്‍ പഠിച്ചതവിടെ നിന്നാണ്. ഓണക്കാലത്തെ നാടക റിഹേഴ്സല്‍ കാണാന്‍ അടച്ചിട്ട മുറിയുടെ ജാനാലയില്‍ കൂടി എത്തിനോക്കുന്ന ഒരുകാലം. റിഹേഴ്സല്‍ മുറിയിലേക്ക് കടന്നു ചെല്ലാനുള്ള പ്രായം ഒന്നും ആയിരുന്നില്ല. മൂത്ത ജ്യേഷ്ഠന്‍ സ്ത്രീ വേഷം കെട്ടിയ സി.എല്‍. ജോസിന്‍റെ നാടകത്തിലെ അപ്പന്‍ വേഷക്കാരനായ പട്ടംന്തറ ഗോപാലകൃഷ്ണനും മനസ്സിലേക്കോടിക്കയറുന്നു. ശരിയായ ഇടത്തില്‍ എത്തിപ്പെട്ടിരുന്നെങ്കില്‍ കൊടിയേറ്റം ഗോപിയേക്കാള്‍ അഭിനയ ചാതുര്യമുള്ളഒരു നടനായി മാറാന്‍ കഴിവുണ്ടായിരുന്ന അയാള്‍, ജീവിതമേ ഒരു നാടകമായി കണ്ട് മദ്യത്തില്‍ മുങ്ങി, തെരുവില്‍ തന്‍റെ ജീവിതം അഭിനയിച്ചു തീര്‍ത്തതും കാണാനിടയായി. ഇതൊക്കെ വായനശാലയുമായി ബന്ധപ്പെട്ട ഓര്‍മ്മകളാണ്. വായനാ ദിനവുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ ഇതൊക്കെയുണ്ട്. ഒരു നാടിന്‍റെ കാലാ, സാമൂഹ്യ, സാംസ്കാരിക മേഘലകളില്‍ ഈ ഗ്രന്ഥശാലാ പ്രസ്ഥാനം ചെലുത്തിയ സ്വാധീനം തിരിച്ചറയാന്‍ ഇനിയും കാലം വേണ്ടി വരും.

എന്‍റെ ജീവിതത്തെ രുപപ്പെടുത്തുന്നതില്‍ ഈ വായനശാലക്ക് നല്ല ഒരു പങ്കുണ്ടെന്ന് പി.എന്‍ പണിക്കര്‍ സാറിനെ സ്മരിച്ചു കൊണ്ടുതന്നെ സാക്ഷ്യപ്പെടുത്തട്ടെ. ആദ്യം ഓര്‍മ്മയില്‍ നില്‍ക്കുന്ന പുസ്തകം ‘ഒരു കുടയും കുഞ്ഞു പെങ്ങളും’ ആണ്. ഏഴാം ക്ലാസിലോ, ആറാം ക്ലാസിലോ എന്നറില്ല. സ്കൂളിലെ നോണ്‍ഡിറ്റയ്ല്‍ പുസ്തകയിനത്തിലാണതു പഠിച്ചതെന്നാണോര്‍മ്മ. ആ പുസ്തകം ഒരു പുതിയ അനുഭവമായിരുന്നു. അതില്‍ പറഞ്ഞിരിക്കുന്ന, ഒരു കുടയ്ക്കുവേണ്ടിയുള്ള ആഗ്രഹവും, ഒപ്പം എന്‍റെ കുഞ്ഞു പെങ്ങള്‍ക്കും ഒരു കുട വാങ്ങിക്കൊടുക്കണമെന്നുമുള്ള മോഹവും ആ കഥയിലെ നായക കാഥാപത്രത്തിനൊപ്പം എന്‍റേതും കൂടിയായി. ഇങ്ങനെ തുറന്ന കഥാലോകം, ഗ്രാമോദ്ധാരണ വായനശാലയിലേക്കുള്ള വഴി തുറക്കലായിരുന്നു. അവിടെ മുട്ടത്തു വര്‍ക്കിയുടെ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി, അപസര്‍പ്പക നോവലുകളിലേക്കു വളര്‍ന്നു. എന്നും അപസര്‍പ്പക കഥകള്‍ ചോദിക്കുന്ന പതിനാലുകാരനെ ഒന്നു നോക്കി, ലൈബ്രേറിയന്‍ ചന്ദ്രശേഖരന്‍ ആചാരി പറഞ്ഞു, “എന്നും ഇതു മാത്രം വായിച്ചിരുന്നാല്‍ മതിയോ…വേറെ പുസ്തകങ്ങള്‍ എടുത്തു വായിക്ക്.” ചന്ദ്രശേഖരന്‍ ശല്ല്യം ഒഴുവാക്കാന്‍ പറഞ്ഞതോ, അതോ വായനയുടെ പരപ്പും ആഴവും കാണിച്ചു തന്നതോ. തന്നെ എത്രയും പെട്ടന്നൊഴിവാക്കാനുള്ള ഒരു തന്ത്രം അതില്‍ ഉണ്ടായിരുന്നു. ചന്ദ്രശേഖരന്‍റെ കാമുകി പുസ്ത്കം എടുക്കാന്‍ വരുന്ന സമയത്തുനു മുമ്പേ തന്നെ ഒഴിവാക്കാന്‍ വേണ്ടി, തകഴിയുടേയും, കേശവദേവിന്‍റേയും, പൊറ്റക്കാടിന്‍റേയും, ബഷീറിന്‍റേയും, എം, ടി. വാസുദേവന്‍ നായരുടേയും ഒക്കെ പുസ്തകങ്ങള്‍ തരാന്‍ തുടങ്ങി. എഴുത്തുകാരുടെ പേരു നോക്കിയല്ല വായിച്ചു തുടങ്ങിയത്. പക്ഷേ പിന്നീട് എഴുത്തുകാരുടെ പേരു നോക്കി പുസ്തകങ്ങള്‍ എടുത്തു. അതും തീര്‍ന്നപ്പോള്‍, ഒരു വാശിപോലെ വായനശാലയിലെഎല്ലാ പുസ്തകങ്ങളും വായിക്കണം എന്നായി. വിശ്വസാഹിത്യമെന്നും തിരിച്ചറിയാതെയാണ് അന്നാ കരീനിനയും, യുദ്ധവും സമധാനവും , കാരമസോവ്സഹോദരന്മാരെയൊക്കെ വായിച്ചത്. പകുതിയും മനസിലായില്ലെങ്കിലും വായിച്ചു തീര്‍ക്കുക എന്നുള്ളതൊരു വാശിയായിരുന്നു. ഏറ്റവും വലിപ്പമുള്ള പുസ്ത്കങ്ങള്‍ വായിക്കുന്നത് കൂട്ടുകാര്‍ക്കിടയില്‍ അല്പംആളാകാനുള്ള ഒരു വഴി കൂടിയായിരുന്നു. പക്ഷേ ഒരു പുസ്തകത്തോടു മാത്രം തോറ്റു പോയി. ഒഡീസി വായിച്ചു തീര്‍ക്കാന്‍ കഴിയാതെ മടക്കിക്കൊടുത്തതോര്‍ക്കുന്നു. പിന്നീട് അതു വായിക്കണമെന്നാഗ്രഹിച്ചിട്ടും എന്തുകൊണ്ടോ നടന്നില്ല. ഇതൊക്കെ എന്‍റെ ഗ്രാമീണ വായനശാലയെക്കുറിച്ചുള്ള ഓര്‍മ്മകളാണ്.

ഒരൊ വ്യകതികളുടേയും വ്യക്തിത്വ രൂപീകരണത്തിനു വായനയുടെ പങ്ക് വലുതാണെന്നു ഞാന്‍ കരുതുന്നു. വായന ഇന്ന് ഇ-ബുക്കുകളിലായപ്പോള്‍, അവനനവനു ആവശ്യമുള്ളതു മാത്രം തിരഞ്ഞു വായിക്കന്നവരുടെ ഒരു തലമുറ വളരുന്നു. പക്ഷേ അവര്‍ക്കു നഷ്ടപ്പെടുന്ന വിശാലമായ ഒരു ലോകം അവര്‍ തിരിച്ചറിയുന്നില്ല. അറിവുകള്‍ക്കായി അവര്‍ ഗൂഗിളിനെ ആശ്രയിക്കുമ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നതു രൂപപ്പെടാതെ പോയ സ്വന്തം കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണ്. അവര്‍ മറ്റാരോ പറഞ്ഞ അഭിപ്രായങ്ങള്‍ക്കു പിന്നാലെ പോകുന്നു. സ്വന്തം സുഖവും സന്തോഷവും മാത്രം തേടുന്ന ഏകകോശ ജീവികളാകുന്നു. വിശാലമായ ഈ ലോകത്തില്‍ സഹജീവികള്‍ ഉണ്ടെന്ന് അവര്‍ മറക്കുന്നു. അവിടെ മത, രാഷ്ട്രീയ വര്‍ഗീയത അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നു. നാട്ടിലെ ചോര്‍ന്നൊലിച്ച വായനശാലകളും, വായനക്കാരില്ലാത്ത ചിതലെടുത്ത പുസ്തകങ്ങളും അതാണു നമ്മോടു പറയുന്നത്. ആരാണു കുറ്റക്കാര്‍? നമ്മളില്‍ നിന്നും അന്യം നിന്ന വായനയെ വീണ്ടെടുക്കണം. ഈ വായനാ ദിനത്തില്‍ നമുക്ക് നമ്മോടു തന്നെ പറയാനുള്ളത് അതായിരിക്കും. അമേരിക്കയില്‍ ഉള്ള നമുക്ക് വായനശാലകള്‍ നടത്തിക്കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ല, എങ്കിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകള്‍ നല്ല മലയാളം വായന ശാലകള്‍ സ്ഥാപിച്ചിട്ടുള്ളത് എനിക്കു നേരിട്ടറിയാം. വായനാക്കാര്‍ കുറവാണെങ്കിലും ഭാഷാസ്നേഹത്തിന്‍റെ ഭാഗമായി നടത്തുന്ന ഇത്തരം സേവനങ്ങളേയും മറക്കാതിരിക്കുക.

എന്‍റെ ഒരനുഭവം കൂടി പറഞ്ഞിതവസാനിപ്പിക്കാം. ന്യൂയോര്‍ക്കില്‍ ഉള്ള കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ പ്രസിഡന്‍റായിരിക്കുന്ന സമയത്ത്, വിചാരവേദിയുടെ സഹകരണത്തില്‍ കെ.സി.എ.എന്‍.എ മലയാളം ലൈബ്രറി എന്ന ആശയത്തില്‍ ഏകദേശം അഞ്ഞൂറോളം പുസ്ത്കങ്ങള്‍ സമാഹരിച്ച്, കേരളാ സാഹിത്യ അക്കാദമി പ്രസിഡന്‍റായിരുന്ന ശ്രീ പെരുമ്പടവം ശ്രിധരനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചു. എന്നാല്‍, ആ പുസ്തകങ്ങള്‍ ഒരു ഗ്ലാസലമാരി ഉണ്ടാക്കി സൂക്ഷിക്കാന്‍ പിന്നീട് വന്ന ഭാരവാഹികളൊന്നും ശ്രദ്ധിച്ചില്ല എന്നതു വേദനയോടെ ഓര്‍ക്കുന്നു. നമ്മുടെ ഭാഷയിലുടെ നിലനില്‍ക്കേണ്ട സാംസ്കാരത്തെ വരുംതലമുറയ്ക്കു ചൂണ്ടിക്കാട്ടനുള്ള ചൂണ്ടു പലകയാണു പുസ്തകങ്ങള്‍ എന്ന തിരിച്ചറിവ് ഉണ്ടായാല്‍ നന്ന്. ഇവിടെ മലയാളം വായിക്കുന്ന തലമുറ അന്ന്യം നിന്നു പോകും എന്ന ഭയമുണ്ടെങ്കിലും, ഒരുകാലത്ത് ഏതെങ്കിലും ഗവേഷകര്‍ക്കെങ്കിലും ഉപകാരപ്പെടും എന്നു വിചാരിച്ചെങ്കിലും നമ്മുടെ വായനശാലകള്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്നു. എന്നേപ്പൊലെയുള്ളവര്‍ക്കു വായിച്ചു വളരുവാന്‍ വേദിയുണ്ടാക്കിയ പി.എന്‍. പണിക്കരു സാറിന് ഈ വായനാ ദിനത്തില്‍ സമരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment