മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവ വിവരണം

ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ജൂണ്‍ 13-ാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) ഫ്ളാറ്റ്ഫോമില്‍ നടത്തി. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള അധ്യക്ഷത വഹിച്ചു. നൈനാന്‍ മാത്തുള്ള മീറ്റിംഗില്‍ മോഡറേറ്ററായിരുന്നു. എ.സി ജോര്‍ജ് വെര്‍‌ച്വല്‍ സാങ്കേതിക വിഭാഗം നിയന്ത്രിച്ചു. ഭാഷാസാഹിത്യ ചര്‍ച്ചയിലെ ആദ്യത്തെ ഇനം ജോണ്‍ കൂന്തുറ എഴുതി അവതരിപ്പിച്ച രണ്ടു ബാല ചെറുകഥകളായിരുന്നു. ആദ്യത്തെ കഥയില്‍ ഒരു അപ്പനും മക്കളും കൂടി കായ്കനികളും വിറകും ശേഖരിക്കാനായി കാട്ടിലേക്കു പുറപ്പെടുന്നു. യാത്രാ മധ്യത്തില്‍ ഉഗ്രപ്രതാപിയായ ഒരു കടുവ അലറി അടുക്കുന്നതായി അവര്‍ കാണുന്നു. ഭയവിഹ്വലരായ കുട്ടികള്‍ പേടിച്ചരണ്ട് പിറകോട്ട് ഓടാന്‍ തുടങ്ങുന്നു. എന്നാല്‍ പിതാവ് മക്കള്‍ക്ക് ധൈര്യം പകര്‍ന്നുകൊടുത്തു. പേടിച്ചോടരുത്, കടുവയ്ക്ക് എതിരെ വിറകു കമ്പുകളുമായി എതിരിടുക. അപ്രകാരം കുട്ടികള്‍ കടുവയെ എതിരിട്ടപ്പോള്‍ കടുവ തോല്‍വിയടഞ്ഞു പിന്‍തിരിഞ്ഞോടി. ഈ ബാലകഥയിലെ സാരാംശം ഭീഷണികളെ ധൈര്യമായി നേരിടുകയെന്നതാണെന്ന് കഥാകാരന്‍ വിവക്ഷിക്കുകയാണ്.

രണ്ടാമത്തെ കഥയില്‍ ഒരു വീട്ടിലെ വളര്‍ത്തു മൃഗങ്ങളായ പൂച്ചയും പട്ടിയും അവരുടെ കഴിവുകളേയും, പ്രാധാന്യത്തേയും പറ്റി എണ്ണി എണ്ണി പറഞ്ഞു അന്യോന്യം തര്‍ക്കിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ കള്ളന്‍ കയറിയപ്പോള്‍ പട്ടി കുരച്ചുകൊണ്ടു കള്ളനെ ഓടിച്ചു. അവിടെ പൂച്ചയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ എലികള്‍ അടുക്കളയില്‍ കയറിയപ്പോള്‍ അവയെ പിടിയ്ക്കാന്‍ പൂച്ച വേണ്ടി വന്നു. പട്ടിയ്ക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല. കഥയിലെ സാരാംശം ഓരോ മൃഗങ്ങള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കു തന്നെ വൈവിധ്യമേറിയ കഴിവുകളാണുള്ളത്. ജീവിതത്തില്‍ ഒന്നിനേയും വിലകുറച്ച് കാണരുത്. എല്ലാ ജീവജാലകങ്ങള്‍ക്കും അതിന്‍റേതായ ഗുണമേന്മകളും ദോഷങ്ങളുമുണ്ട് എന്ന പാഠമാണ് നമ്മളെ പഠിപ്പിക്കുന്നത്.

അടുത്തതായി വായിച്ചതു ഒരു ജീവിതാനുഭവ വിവരണങ്ങളായിരുന്നു. ശാന്താ പിള്ള തന്‍റെ വിവാഹത്തിനു മുമ്പും അതിനുശേഷവും നേരിട്ട ജീവിതാനുഭവങ്ങളുടെ ഏടുകളില്‍ നിന്ന് കുറച്ചു സംഭവങ്ങള്‍ അത്യന്തം ഹൃദയഹാരിയായി അവതരിപ്പിച്ചു. ചെന്നൈയിലെ സെന്‍സസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന അവിവാഹിതയായ ലേഖികയുടെ വിവാഹത്തോടും, അതിന്‍റെ പെണ്ണുകാണല്‍, തുടങ്ങി പരമ്പരാഗത ചുറ്റുവട്ടുങ്ങളോടുമുള്ള കാഴ്ചപാടുകള്‍ സരസമായി വിവരിക്കുന്നു. വീട്ടിലെ നിര്‍ബന്ധത്തിനു വഴങ്ങി ചെന്നൈയില്‍ നിന്നു കല്യാണാലോചനയ്ക്കായി നാട്ടിലേക്കു പുറപ്പെടുന്നു. ഏതോ ലക്ഷണം കെട്ട വിരൂപനും കുറുമുണ്ടനും വരനായി പ്രത്യക്ഷപെടാനായിരിക്കുമെന്ന നെഗറ്റീവു ചിന്തയുമായി നാട്ടിലെത്തിയ ലേഖിക വരനായ ചെക്കനെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. കാരണം വരന്‍ തന്‍റെ സങ്കല്‍പ്പത്തെ തകിടം മറിച്ചുള്ള സുമുഖനും സുന്ദരനും ഒക്കെ ആയിരുന്നു. പിന്നീടങ്ങോട്ട് വിവാഹശേഷം മണവാളനും മണവാട്ടിയും ഒരുമിച്ചുള്ള ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയാണ് അനാവരണം ചെയ്യപ്പെട്ടത്.

യോഗത്തില്‍ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്നേഹികളുമായ, അനില്‍ ആഗസ്റ്റിന്‍, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തില്‍, പൊന്നു പിള്ള, ജോര്‍ജ്ജ് പുത്തന്‍കുരിശ്, പൊന്നു പിള്ള, ജോസഫ് തച്ചാറ, അല്ലി നായര്‍, തോമസ് വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News