Flash News

ഇന്ത്യയുടെ എക്കാലത്തേയും അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് (പറക്കും സിംഗ്) കോവിഡ് ബാധിച്ച് മരിച്ചു; 91 വയസ്സായിരുന്നു

June 19, 2021

ചണ്ഡീഗഡ്: ഇന്ത്യയുടെ എക്കാലത്തേയും അറ്റ്‌ലറ്റിക് താരം ‘പറക്കും സിംഗ്’ എന്നറിയപ്പെടുന്ന മില്‍ഖാ സിംഗ് (91) അന്തരിച്ചു. കോവിഡ് അണുബാധയെ തുടർന്നുണ്ടായ സങ്കീർണതകളാണ് മരണകാരണം. ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു. മെയ് 20നായിരുന്നു അദ്ദേഹത്തെ കോവിഡ്-19 ബാധിച്ചത്. ചികിത്സയെത്തുടര്‍ന്ന് നെഗറ്റീവായ ശേഷം ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. ശരീരത്തിൽ ഓക്സിജന്റെ അഭാവം മൂലം അദ്ദേഹത്തെ വീണ്ടും ചണ്ഡിഗഢിലെ പി ജെ ഐ എം ഇ ആര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുകയും വെള്ളിയാഴ്ച രാത്രി 11:30ഓടെ മരണം സംഭവിച്ചു.

ജൂണ്‍ 14നാണ് അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മൊഹാലിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മില്‍ഖയുടെ ചികിത്സ പുരോഗമിച്ചിരുന്നത്.

‘പറക്കും സിംഗ്’ എന്നത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം തന്നെയായിരുന്നു ഒരുകാലത്ത്. മിൽഖ സിംഗ് രാജ്യം കണ്ട ഏറ്റവും മികച്ച അത്‌ലറ്റായി കണക്കാക്കപ്പെടുന്നു. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ് അദ്ദേഹം. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്.

അന്താരാഷ്ട്ര ട്രാക്കുകളില്‍ ഇന്ത്യയുടെ പേര് മുഴങ്ങിക്കേട്ടതും മില്‍ഖയിലൂടെ തന്നെ. ”അയാള്‍ ഓടുകയല്ല; പറക്കുകയാണ്”-മില്‍ഖാ സിംഗിനെക്കുറിച്ച് ആദ്യം ഇങ്ങനെ പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. ലാഹോറില്‍ നടന്ന ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ പിന്നിലാക്കി 200 മീറ്ററില്‍ മില്‍ഖ മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാന്‍ ഇതുപറഞ്ഞത്. അങ്ങനെ മില്‍ഖ സിംഗ് ഇന്ത്യയുടെ പറക്കും സിംഗായി . ആ വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു മില്‍ഖയുടെ പിന്നീടുള്ള കരിയര്‍.

1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 വാര ഓട്ടത്തിലൂടെ മില്‍ഖയാണ് അന്താരാഷ്ട്ര ട്രാക്കില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യ മെഡല്‍ കൊണ്ടുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും മില്‍ഖയുടേത് തന്നെ. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിലാണ് മില്‍ഖ വരവറിയിക്കുന്നത്. അന്ന് 400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മില്‍ഖക്ക് തന്നെയായിരുന്നു സ്വര്‍ണം. 4 400 മീറ്റര്‍ റിലേയിലും മില്‍ഖ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ നിന്നു.

മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിംഗിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി. മൂന്ന് ഒളിമ്പിക്‌സുകളിലാണ് മില്‍ഖ സിംഗ് പങ്കെടുത്തത്. അവസാനം പങ്കെടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ നിന്നു തന്നെ പുറത്തായി. 1959ല്‍ പദ്മശ്രീ നല്‍കിയാണ് ഈ പ്രതിഭയെ രാജ്യം ആദരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top