ഫ്ലോറിഡയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് 99 പേരെ കാണാതായി; 10 പേർക്ക് പരിക്കേറ്റു; ഒരാള്‍ മരിച്ചു

ഫ്ലോറിഡ: മിയാമി ബീച്ചിന് സമീപം ബഹുനില കെട്ടിടം തകർന്നു വീണ് നൂറോളം പേരെ കാണാതായി. ഒരാള്‍ മരിച്ചെന്നും 10 പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ പറഞ്ഞു.

മിയാമി-ഡേഡ് കൗണ്ടിയിലെ സർഫ്സൈഡിലാണ് 12 നില കെട്ടിടം പുലർച്ചെ ഒന്നരയോടെ തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ 136 യൂണിറ്റുകളിൽ വടക്കുകിഴക്കൻ ഇടനാഴിയിലെ 55 എണ്ണം തകർന്നതായി മിയാമി-ഡേഡ് ഫയർ റെസ്ക്യൂവിന്റെ അസിസ്റ്റന്റ് ചീഫ് റെയ്ഡ് ജഡല്ല പറഞ്ഞു.

കെട്ടിടത്തിന്റെ തകർന്ന ഭാഗത്ത് നിന്ന് മുപ്പത്തിയഞ്ച് പേരെ രക്ഷപ്പെടുത്തിയതായും വ്യാഴാഴ്ച ഉച്ചവരെ രണ്ട് പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായും ജഡല്ല പറഞ്ഞു. പത്തു വയസ്സുള്ള ഒരു ആണ്‍കുട്ടിയെ ഫയര്‍ റസ്ക്യൂ സംഘം രക്ഷപ്പെടുത്തി.

കെട്ടിടം തകര്‍ന്ന സമയത്ത് കെട്ടിടത്തിൽ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എല്ലാവരും ഉറക്കത്തിലായിരുന്നിരിക്കാം എന്നും മേയർ പറഞ്ഞു.

കൂടുതൽ ആളുകളെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ സോണാർ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുന്നുണ്ട്.

പരാഗ്വേ പ്രസിഡന്റ് മരിയോ അബ്ദോ ബെനാറ്റസിന്റെ കുടുംബത്തിലെ അംഗങ്ങൾ കാണാതായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാഗ്വേ വിദേശകാര്യ മന്ത്രി യൂക്ലിഡ്സ് അസെവെഡോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പ്രഥമ വനിത സിൽവാന ലോപ്പസ് മൊറീറയുടെ സഹോദരി സോഫിയ ലോപ്പസ് മൊറീറ, ഭർത്താവ് ലൂയിസ് പെറ്റൻ‌ഗിൽ എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഇവരുടെ മൂന്ന് മക്കളെയും കുടുംബത്തോടൊപ്പമുള്ള ലേഡി ലൂണ വില്ലാൽബയെയും കാണാതായതായി അസെവെഡോ പറഞ്ഞു.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വ്യാഴാഴ്ച ഉച്ചയ്ക്ക് അപകട സ്ഥലം സന്ദർശിച്ചു. കെട്ടിടം തകർന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ പൂര്‍ണ്ണമാകാന്‍ ദിവസങ്ങളോളം വേണ്ടിവരുമെന്ന് സർഫ്സൈഡ് കമ്മീഷണർ എലിയാന സാൽഷോവർ പറഞ്ഞു.

എത്ര പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നും, അതിജീവിച്ചവര്‍ എത്ര പേരാണെന്നും, അതിനു കഴിയാത്തവര്‍ എത്ര പേരാണെന്നും അറിയണമെങ്കില്‍ ഒരുപക്ഷെ, ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരും. എത്ര കുടുംബങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

 

Print Friendly, PDF & Email

Related posts

Leave a Comment