Flash News

ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാനത്വം നല്‍കും; ജനാധിപത്യ പ്രക്രിയയും വികസനവും ഉണ്ടാകും: പ്രധാന മന്ത്രി

June 25, 2021

ന്യൂഡൽഹി : മേഖലയിലെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച ചേർന്ന സർ‌വ്വ കക്ഷി യോഗത്തിൽ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും യഥാസമയം സംസ്ഥാനത്വം നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കി. എല്ലാ മേഖലകളിലും ജനാധിപത്യ പ്രക്രിയയും വികസനവും നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ദില്ലി കി ദൂരി’, ‘ദിൽ കി ദൂരി’ (ദില്ലിയിലേക്കുള്ള ദൂരം, മനസ്സിന്റെ അകലം) എന്നിവ ഒഴിവാക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ദേശീയ താൽപ്പര്യം ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്പോൾ, നിയോജകമണ്ഡലം പുനഃസംഘടനയും പാർലമെന്റിൽ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാനത്തിന്റെ പുനഃസ്ഥാപനത്തിന് സമാധാനപരമായ തിരഞ്ഞെടുപ്പും നിർണായകമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ, 370-ാം അനുച്ഛേദം സുപ്രീംകോടതിയുടെ പരിഗണനിയിലിരിക്കുന്നതിനാൽ അതിനെ സംബന്ധിച്ച് സർക്കാർ പ്രതികരിച്ചില്ല.

ജമ്മുകശ്മീരിന് സമ്പൂർണ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ തിരിച്ചു നൽകണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പട്ടു. മണ്ഡല പുനർനിർണയം ആവശ്യമില്ലെന്നും ജമ്മുകശ്മീരിന് മാത്രമായി ഇത്തരത്തിൽ പ്രത്യേകനടപടി എന്തിനാണെന്നും പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ സഖ്യം നേതാക്കൾ ചോദിച്ചു. കോൺഗ്രസ് അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്താനുമായും ചർച്ചയാകാമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. യോഗം സൗഹൃദപരമായിരുന്നുവെന്ന് പ്രതിപക്ഷ-ഭരണപക്ഷ നേതാക്കൾ പിന്നീട് അഭിപ്രായപ്പെട്ടു.

ജമ്മുകശ്മീരിന് പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന 370-ാം അനുച്ഛേദം 2019-ൽ റദ്ദാക്കിയ ശേഷം ആദ്യമായാണ് കേന്ദ്ര സർക്കാരും അവിടത്തെ രാഷ്ട്രീയ നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരടക്കം 14 രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വസതിയിൽ വൈകീട്ട് 3.30-ന് ആരംഭിച്ച യോഗം മൂന്നര മണിക്കൂർ നീണ്ടു. ”ജമ്മുകശ്മീരിൽ ജനാധിപത്യപ്രക്രിയ വിപുലീകരിക്കാനായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പും ജില്ലാതല തിരഞ്ഞെടുപ്പും നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനർനിർണയം നടത്താൻ എല്ലാവരും സഹകരിക്കണം. മേഖലയുടെ ശാന്തിയും സമാധാനവുമാണ് പരമപ്രധാനം. ഒരു മരണം പോലും സങ്കടകരമാണ്. യുവാക്കളെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്” -പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ അധ്യക്ഷത വഹിച്ച് പറഞ്ഞു.

ജമ്മു കശ്മീരിൽ സ്വീകരിച്ച നടപടികൾ, നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികളുടെ രൂപരേഖ എന്നിവ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവ. ഗവർണർ മനോജ് സിൻഹയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവരും പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top