Flash News

പെൺകുട്ടികൾ പരാതിപ്പെടാത്തതിലായിരുന്നു നീരസം; ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പെഴ്സണ്‍

June 25, 2021 , .

ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിൽ ഫോണിലൂടെ പരാതിപ്പെട്ട വീട്ടമ്മയോട് മോശമായി പെരുമാറിയതിൽ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചു. പെൺകുട്ടികൾക്ക് പരാതിപ്പെടാൻ ധൈര്യമില്ലെന്നതിൽ പ്രകോപിതയായതാണെന്ന് ജോസഫൈന്‍ പറഞ്ഞു. പോലീസിൽ പരാതിപ്പെടാതിരുന്നത് എന്താണെന്ന് ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് ചോദിച്ചതെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പറഞ്ഞു.

ഭര്‍തൃഗൃഹത്തിലെ പീഡന പരാതി പറയാന്‍ വിളിച്ച വീട്ടമ്മയോട് പൊലീസില്‍ പരാതിപ്പെടാത്തത് എന്താണെന്നും അനുഭവിച്ചോളൂയെന്നും ജോസഫൈന്‍ പറഞ്ഞത് വിവാദമായിരുന്നു.

തന്റെ ഭർത്താവിന്റെ അധിക്ഷേപത്തെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ച ഒരു വീട്ടമ്മയോട് പോലീസിൽ പരാതിപ്പെട്ടില്ലേ എന്നും, ഇല്ലെങ്കില്‍ അനുഭവിച്ചോളൂ എന്നുമാണ് ജോസഫൈന്‍ പ്രതികരിച്ചത്. ഇത് വിവാദമായതോടെയാണ് അവര്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്. മനോരമ ന്യൂസ് പരിപാടിക്കിടെ നടത്തിയ പ്രതികരണത്തിന്റെ വീഡിയോ വൈറലായതോടെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. എല്‍ഡിഎഫ് അനുകൂലികളായ പ്രമുഖരും ജോസഫൈനെതിരെ രംഗത്തെത്തി. വിവാദപരാമര്‍ശം സിപിഐഎം പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തത്സമയ പരിപാടിയില്‍ പങ്കെടുത്തതിന് പാര്‍ട്ടിക്ക് അതൃപ്തിയുള്ളതായും വാര്‍ത്തകളുണ്ട്.

വിവാദ പരാമര്‍ശത്തിന് ശേഷം ജോസഫൈന്‍ മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനകളും വിവാദമായി. വിമര്‍ശനവും സമ്മര്‍ദ്ദവും രൂക്ഷമായതിന് പിന്നാലെയാണ് ജോസഫൈന്റെ ഖേദപ്രകടനം. താന്‍ അനുഭവിച്ചോളൂയെന്ന് പറഞ്ഞത് മോശമായ അര്‍ത്ഥത്തില്‍ അല്ലെന്ന് എംസി ജോസഫൈന്‍ കൊല്ലത്ത് വിസ്മയയുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ പറഞ്ഞിരുന്നു.

പരാതിക്കാരിയോട് ‘അനുഭവിച്ചോ’ എന്ന് പറഞ്ഞിട്ടില്ലെന്ന് ആദ്യം പറഞ്ഞ ജോസഫൈന്‍ വീഡിയോ ഉണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സമ്മതിച്ചു. അങ്ങനെ വീഡിയോ ഉണ്ട്, അങ്ങനെ പല വീഡിയോകളും വരും, മാധ്യമങ്ങള്‍ അത് ഏറ്റെടുത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയല്ല വേണ്ടത്. ഞാനത് നിഷേധിക്കുന്നു. ഞങ്ങള്‍ പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് വിധേയരായാണ് മുന്നോട്ട് പോകുന്നത്. അതിനുമാത്രം സ്ത്രീകള്‍ ഓരോ ദിവസവും വിളിക്കുന്നുണ്ടെന്നും ജോസഫൈന്‍ പ്രതികരിച്ചു.

ഒരു സ്ത്രീക്ക് ദുരനുഭവം ഉണ്ടായാല്‍ ഉടന്‍ വനിതാ കമ്മീഷനിലേക്ക് ഓടിയെത്താനാകില്ല. അതുകൊണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിക്കും. ആ പരാതിക്ക് അതിന്റേതായ ബലമുണ്ടാകും. പരിപാടിക്കിടെയില്‍ പറഞ്ഞത് തീര്‍ച്ചയായും പൊലീസ് സ്റ്റേഷനില്‍ പോകേണ്ട ഒരു പരാതിയാണ്. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെങ്കില്‍ ഒരു പരാതി കിട്ടണം, അല്ലെങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ പറയണമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരേയും എംസി ജോസഫൈന്‍ പ്രതികരിച്ചു. എന്നെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് അല്ല. ഭീഷണിയും പ്രകോപനവും വേണ്ട. സര്‍ക്കാരിന് എന്ത് തീരുമാനവും എടുക്കാം. താനതിന് വഴങ്ങുമെന്നും എം സി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

ജോസഫൈനോട് ദേഷ്യമല്ല, സഹതാപമാണ് തോന്നുന്നത്: വി ഡി സതീശന്‍

തിരുവനന്തപുരം: എംസി ജോസഫൈന്‍ വനിതാ കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം ജോസഫൈന്റെ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി കാണണം. വനിതാ കമ്മീഷന്‍ അധ്യക്ഷയോട് തനിക്ക് ദേഷ്യമല്ല, സഹതാപമാണ് തോന്നുന്നതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികറണം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. പൊലീസും കോടതിയും വനിതാ കമ്മീഷനും സോഷ്യല്‍ ജസ്റ്റിസ് വകുപ്പുമൊക്കെയാണ് ഈ കുട്ടികള്‍ക്ക് ഒരു ആശ്വാസമാവേണ്ടത്. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവര്‍ക്ക് ധൈര്യം നല്‍കേണ്ട സംവിധാനങ്ങളാണിവ. അത് തന്നെ സംരക്ഷിക്കാന്‍ ഒരു സംവിധാനം നാട്ടിലുണ്ടെന്ന വിശ്വാസമാണ്. ആ വിശ്വാസത്തെ തകര്‍ക്കുന്ന പ്രതികരണമാണ് വനിതാ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്. അവര്‍ക്ക് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. ഞാന്‍ ആവരെ വ്യകതിപരമായി ആക്ഷേപിക്കാനൊന്നും തയ്യാറല്ല. അവര്‍ വളരെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകയാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണ്. അവര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാന്‍ പറ്റിയതെന്ന് എനിക്ക് മനസിലാവുന്നില്ല’, വിഡി സതീശന്‍ പറഞ്ഞു.

ഇത് വളരെ വിചിത്രമായി തോന്നുന്നു. ദേഷ്യമല്ല, സഹതാപമാണ് എനിക്കവരോട് തോന്നുന്നത്. വീട്ടുകാരെ ആശ്രയിക്കാതെ കരുത്തായി നില്‍ക്കുന്ന ഒരു സംവിധാനം ഇവിടെയുണ്ടെന്ന് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവേണ്ടിയിരുന്ന ഒരു വിശ്വാസമാണ് അവര്‍ തകര്‍ത്തുകളഞ്ഞതെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. കൊല്ലം നിലമേലില്‍ കഴിഞ്ഞ ദിവസം മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top