ജനങ്ങള്‍ക്ക് എല്‍ ഡി എഫിന്റെ സമരമല്ല വേണ്ടത് ഇന്ധന നികുതിയിളവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഇന്ധനവില വർധനയ്‌ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭമല്ല നടത്തേണ്ടതെന്നും പകരം ജനങ്ങൾക്ക് നികുതിയിളവ് നൽകണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങള്‍ കോവിഡ്-19 വ്യാപനത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ ഖജനാവ് വീര്‍പ്പിക്കാനാണ് മോദിയും പിണറായി വിജയനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇന്ധന വില 100 രൂപ കടക്കുമ്പോൾ സംസ്ഥാന സർക്കാർ 22.71 രൂപയും കേന്ദ്രസർക്കാർ 32.90 രൂപയും നികുതി ചുമത്തുന്നു.

ഇന്ധനവില കൂടിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 619.17 കോടി രൂപയുടെ നികുതി ഇളവ് നല്കിയിരുന്നു. രാജസ്ഥാന്‍, അസം, മേഘാലയ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചതും ഇവര്‍ കാണുന്നില്ല. ഒരു തവണ പോലും നികുതി കുറയ്ക്കാതെ കേന്ദ്രത്തില്‍ കുറ്റം ചുമത്തുകയാണ് . ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതി വന്‍ തോതില്‍ കുറയുമെങ്കിലും പിണറായി സര്‍ക്കാര്‍ അതിനും എതിരു നില്ക്കുന്നതായി സുധാകരന്‍ കുറ്റപ്പെടുത്തി.

യുപിഎ സര്‍ക്കാര്‍ വന്‍ തോതില്‍ സബ്സിഡി നല്കി ഇന്ധനവില നിയന്ത്രിച്ചിരുന്നു. ഇന്ത്യയില്‍ വിലകൂട്ടുന്നത് കോവിഡ് പ്രതിരോധത്തിനും ശൗചാലയ നിര്‍മ്മാണത്തിനും വേണ്ടിയാണെന്നുള്ള ന്യായീകരണങ്ങളാണ് ഭരണകക്ഷി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment