സംഗീത ചക്രവര്‍ത്തി എം.ജി രാധാകൃഷ്‌ണന്‍റെ ഓർമ്മകള്‍ക്ക് പതിനൊന്ന് വയസ്സ്

മലയാളക്കരയെയും മലയാളികളേയും സംഗീതാസ്വദനത്തിന്റെ ലഹരിയിലെത്തിച്ച സംഗീത ചക്രവര്‍ത്തി എം.ജി രാധാകൃഷ്‌ണന്‍ വിട പറഞ്ഞിട്ട്
ജൂലൈ 2-ന് പതിനൊന്നു വര്‍ഷം..!! ഒട്ടും നിനച്ചിരിക്കാതെ നിലച്ചുപോയ ആ സംഗീത സപര്യക്ക് ഒരായിരം അശ്രുപൂജകള്‍. പ്രാണവായുവായി സംഗീതത്തെ ശ്വസിച്ച, ലളിതഗാനങ്ങളുടെ ചക്രവർത്തി നമുക്ക് സമ്മാനിച്ച ഓരോ ഗാനങ്ങളും ഇന്നും മരണമില്ലാതെ അനന്തതയിൽ വിഹരിക്കുകയാണ്. ലളിതസാന്ദ്രമായ സ്വരരാഗങ്ങളെ ആസ്വാദനത്തിന്‍റെ ലഹരിയിൽ എത്തിച്ച മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീതജ്ഞൻ, എംജി രാധാകൃഷ്ണൻ… മലയാളസാംസ്‌കാരിക രംഗത്ത് മുതൽക്കൂട്ടായ ഗാനങ്ങളെയും ഗായകരെയും സമ്മാനിച്ച് 11 വർഷങ്ങൾക്ക് മുമ്പ് കാലയവനികയിലേക്ക് പറന്നകന്ന മഹാരഥൻ.

ചലച്ചിത്ര ഗാനങ്ങള്‍ക്കും ശാസ്‌ത്രീയ സംഗീതത്തിനും ലളിത ഗാനങ്ങൾക്കും കച്ചേരി സദസ്സുകൾക്കും അമൂല്യമായ സംഭാവനകൾ നൽകിയ എം.ജി രാധാകൃഷ്‌ണന്റെ ജനനം ആലപ്പുഴയിലായിരുന്നു. പിതാവ് മലബാര്‍ ഗോപാലന്‍ നായര്‍ ദക്ഷിണേന്ത്യയിലെ നാടകവേദികളിൽ ഏറെ പ്രശസ്തനായിരുന്ന സംഗീതജ്ഞനായിരുന്നു. മാതാവാകട്ടേ ഹരികഥാ പ്രാവീണ്യം നേടിയ കമലാക്ഷിയമ്മയും. അച്ഛന്റെ കാല്പാദങ്ങള്‍ പിന്തുടര്‍ന്നു വളര്‍ന്നു വന്ന മൂന്നു മക്കളില്‍ മൂത്തവനായിരുന്നു എം.ജി. രാധാകൃഷ്ണന്‍.

ഹരിപ്പാട് ബോയ്‌സ് സ്കൂളിൽ പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കുമ്പോഴും, ആലപ്പുഴ എസ് ഡി കോളേജില്‍ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴും സംഗീത കച്ചേരികളിലായിരുന്നു എം.ജി.യുടെ കമ്പം. അക്കാലത്താണ് സംഗീതമാണ് തന്റെ ജീവിതാഭിലാഷമെന്ന് അദ്ദേഹം തന്റെ മനസ്സില്‍ ഊട്ടിയുറപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് സംഗീതഭൂഷണം കരസ്ഥമാക്കിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികളിൽ പങ്കെടുത്തു. ഒപ്പം, 1962ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി. പിന്നീട് സംഗീതസംവിധായകനായും ദീർഘകാലം സേവനമനുഷ്‌ഠിച്ചു.

കാവാലം നാരായണപ്പണിക്കർ ഉൾപ്പെടെയുള്ള പ്രഗത്ഭരോട് ചേർന്ന് ആകാശവാണിയിൽ അദ്ദേഹം ലളിതഗാനങ്ങളുടെ ബൃഹത്തായ ശാഖ സൃഷ്ടിച്ചു. ‘രാധയെ കാണാത്ത മുകിൽ വർണനോ…’, പി ഭാസ്കരനെഴുതിയ ‘മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയീ’, ‘പ്രാണസഖീ നിൻ മടിയിൽ’, ‘ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും’, ‘ഘനശ്യാമസന്ധ്യാ ഹൃദയം…’ എന്നീ ഗാനങ്ങള്‍ എം.ജി. രാധാകൃഷ്ണന്റെ ഈണങ്ങളിലൂടെ പിറവിയെടുത്ത ലളിതഗാനങ്ങളാണ്. കൂടാതെ, കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപിക്കപ്പെട്ട എം.ജിയുടെ ലളിതഗാനങ്ങളും ജനപ്രിയങ്ങളായിരുന്നു.

1969ല്‍ പുറത്തിറങ്ങിയ “കള്ളിച്ചെല്ലമ്മ”, കെ. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ “ഉണ്ണി ഗണപതിയെ” ഗാനത്തിന്‍റെ പിന്നണി ഗായകനായി തുടക്കം കുറിച്ച എം.ജി രാധാകൃഷ്‌ണൻ അരവിന്ദന്‍റെ ‘തമ്പി’ലൂടെ ആദ്യ സംഗീതസംവിധാനം നിർവഹിച്ചു. ഇതിനിടെ ‘ശരശയ്യ’, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങളും ശ്രദ്ധ നേടി.

ഒരു ഗായകനായി അദ്ദേഹം ആലപിച്ച ‘മാറ്റുവിൻ ചട്ടങ്ങളെ’, മണിച്ചിത്രത്താഴിലെ ‘അക്കുത്തിക്കുത്താനക്കൊമ്പിൽ’, ‘ശ്രീപാല്‍ക്കടലില്‍ തമ്പ്’ എന്നിവ ജനഹൃദയങ്ങള്‍ ഏറ്റെടുത്തുവെങ്കിലും, പാട്ടുകാരനായ എം.ജി രാധാകൃഷ്ണനേക്കാൾ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത് അദ്ദേഹം സൃഷ്‌ടിച്ച ഈണങ്ങളെയും താളങ്ങളെയും രാഗങ്ങളെയുമായിരുന്നു.

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ… സൂര്യകിരീടം വീണുടഞ്ഞു…. പഴംതമിഴ് പാട്ടിഴയും… തിരനുരയും ചുരുൾ മുടിയിൽ… ചാമരത്തിലെയും ദേവാസുരത്തിലെയും മണിച്ചിത്രത്താഴിലെയും അദ്വൈതത്തിലെയും അനന്തഭദ്രത്തിലെയും പാട്ടുകൾ പോലെ എഴുപതുകളുടെ അവസാനം മുതൽ മലയാളത്തിൽ സംഗീതവൃഷ്‌ടിയൊരുക്കുകയായിരുന്നു മഹാപ്രതിഭയായ സംഗീതജ്ഞൻ.

ഇതിൽ മണിച്ചിത്രത്താഴിനായി, പഴമയുടെ സാന്ദ്രസ്‌പർശത്തോടെ ആഭേരി രാഗം ചേർത്ത ഈണങ്ങളാവട്ടെ എക്കാലത്തെയും ക്ലാസിക് ഗാനമാണെന്നും പറയാം. ഞാൻ ഏകനാണ് എന്ന ചിത്രം കൂടി പുറത്തിറങ്ങിയപ്പോൾ മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്‌ടാവെന്ന ഖ്യാതിയും എം.ജി സ്വന്തമാക്കി.

‘ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…’, നിഴൽക്കൂട്ടിലെ ‘നീല കിളി പൈതലേ പറയാതെ അറിയാതെ വഴിമാറി പോയോ….’, ‘ഒരു പൂവിതളിൻ…. പൂമകൾ വാഴുന്ന…’ എന്നീ ലളിതസാന്ദ്രമായ സ്വരരാഗങ്ങളിലൂടെ എൺപതിലധികം ചലച്ചിത്രങ്ങളിലാണ് സംഗീതജ്ഞൻ ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചത്.

‘യാനം’, ‘അഭയം’, ‘അന്നക്കുട്ടി കോടമ്പക്കം വിളിക്കുന്നു’, ‘നിധിയുടെ കഥ’, ‘പെരുവഴിയമ്പലം’ എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതവും അദ്ദേഹത്തിന്‍റെ സംഗീതസപര്യയുടെ അടയാളങ്ങളാണ്. സംഗീതം സമ്മാനിച്ച ചക്രവർത്തി, സംഗീതത്തിലേക്ക് നൽകിയ സംഭാവനകളാണ് കെ.എസ് ചിത്ര, ജി. വേണുഗോപാൽ, കെ.എസ് ബീന, അരുന്ധതി തുടങ്ങിയ ഗായകർ.

മഹാരഥനൊപ്പം സംഗീതത്തിന്‍റെ പാത പിന്തുടർന്ന എം.ജി ശ്രീകുമാർ, കർണാടക സംഗീതജ്ഞ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങൾ. പത്മജയാണ് ഭാര്യ. 2020 ജൂൺ 15ന് ഹൃദയാഘാതത്തെ തുടർന്ന് പത്മജ അന്തരിച്ചു. ചെന്നെയിൽ സൗണ്ട് എഞ്ചിനീയറായ രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ.

2001ല്‍ ‘അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലൂടെയും 2006ല്‍ ‘അനന്തഭദ്രത്തിലൂടെയും’ മികച്ച സംഗീതസംവിധായകനായി കേരള സംസ്ഥാന പുരസ്കാരം നേടിയത് അദ്ദേഹത്തിന്‍റെ സംഗീതപാടവത്തിനുള്ള ആദരവ് കൂടിയായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാല ചികിത്സയില്‍ ആയിരുന്ന എം.ജി രാധാകൃഷ്ണൻ 2010 ജൂലൈ രണ്ടിന് അന്തരിച്ചു. തന്‍റെ ഒടുവിലത്തെ ഗാനത്തിലൂടെ സംസ്ഥാന അംഗീകാരവും നേടി ജീവിതയാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ, എം.ജി രാധാകൃഷ്‌ണന്‍റ ഈണം ചാലിച്ച ഓരോ ഗാനങ്ങളും സുഗന്ധമുള്ള ഓർമകളായും ഇവിടെ ശേഷിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment