എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപന; ശക്തമായി പ്രതിഷേധിക്കുക; ചരിത്ര സൃഷ്ടിക്ക് പങ്കാളികളാകുക: ചാക്കോ കളരിക്കൽ

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട വലിയ പ്രതിഷേധങ്ങൾ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സഭാതലവൻ സ്ഥാനത്തു നിന്ന് മാറ്റണമെന്നതടക്കമുള്ള പ്രതിഷേധങ്ങൾ പണ്ടേ നടന്നതാണ്. അതിനെത്തുടർന്ന് ഭൂമി വില്പനയെപ്പറ്റി പഠിക്കാനായി പല കമ്മീഷനുകൾ നിലവിൽ വന്നു. വത്തിക്കാൻ നിയോഗിച്ച കെപിഎംജി കമ്മീഷനായിരുന്നു അതിൽ പ്രധാനം. കെപിഎംജി കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ചുകൊണ്ടാണ് വത്തിക്കാൻ അന്തിമമായൊരു നിർദ്ദേശം അതിരൂപതയ്ക്ക് ഈ അടുത്ത കാലത്ത് നൽകിയത്. ഭൂമി ഇടപാടിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിരൂപതയ്ക്ക് സംഭവിച്ചിട്ടുള്ള നഷ്ടം നികത്തേണ്ടതാണ്. കോട്ടപ്പടിയിലുള്ള ഭൂമി പെര്‍മനന്റ് സിനഡ് പറയുന്ന വ്യക്തിക്ക്, അവർ പറയുന്ന വിലയ്ക്ക് വിൽക്കാനും ആ തുക ഉപയോഗിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ നഷ്ടം നികത്താനുമാണ് വത്തിക്കാൻ നൽകിയ കത്തിൽ നിർദ്ദേശിക്കുന്നത്. അതിൻറെ പേരിൽ പരസ്യമായി ഇനി ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വൈദികരോ സഭയോ പോകാൻ പാടില്ല എന്നാണ് വത്തിക്കാന്റെ കല്പന!

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദം ഇപ്പോൾ വന്നുനിൽക്കുന്നത് വിശ്വാസ വഞ്ചന, അഴിമതി, നികുതി വെട്ടിപ്പ്, അതിരൂപതയ്ക്ക് വൻ സാമ്പത്തിക നഷ്ടം, ധാർമിക അധഃപതനം തുടങ്ങിയ ഗുരുതരമായ വീഴ്ചകളിലാണ്. അതിന്റെ കാരണക്കാരൻ സഭാധ്യക്ഷനും അന്ന് രൂപതാതാധ്യക്ഷനുമായിരുന്ന കർദിനാൾ ആലഞ്ചേരിയാണെന്നുള്ളത് അതിരൂപതയേയും സീറോ-മലബാർ സഭയേയും ഒന്നുപോലെ പിടിച്ചുലയ്ക്കുകയാണ്. കളവിനു മേൽ കള്ളം പറഞ്ഞ് നിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കർദിനാളിന് വത്തിക്കാൻ നിയോഗിച്ച കെപിഎംജി കമ്മീഷൻ റിപ്പോർട്ട്, വെറും ഒരു ആരോപണമായിട്ടല്ല; മറിച്ച്, എല്ലാ കാനോനിക നിബന്ധനകളെയും കാറ്റിൽ പറത്തി കർദിനാൾ തന്നെയാണ് സിവിൽ, ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതെന്ന് അക്കമിട്ട് തെളിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചേരിതിരിവല്ല ആവശ്യം. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സംഭവിച്ച നഷ്ടം നികത്തുകയും മാർ ആലഞ്ചേരി ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയുണാണ് വേണ്ടത്. അതീവ ഗുരുതരവും, നഗ്നവുമായ ക്രമക്കേടുകളും നിയമലംഘനങ്ങളും വസ്തു വില്പനയില്‍ നടന്നിട്ടുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമായിട്ടു പോലും മാര്‍ ആലഞ്ചേരി തന്റെ സ്ഥാനത്തുനിന്നും തല്‍ക്കാലത്തേക്കെങ്കിലും മാറി നില്‍ക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കർദിനാൾ ആലഞ്ചേരി സഭാതലവൻ സ്ഥാനത്തുനിന്നും രാജി വെയ്ക്കുന്നതാണ് ഈ വൈകിയ വേളയിലാണെങ്കിലും കരണീയമായ കാര്യം.

കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തെ എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റി എതിർക്കുകയാണുണ്ടായത്. കമ്മിറ്റി യോഗത്തിൽ ഭൂമി വിൽപന സംബന്ധിച്ച് തീമാനമായില്ല. വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് ഉടനെയുള്ള തീരുമാനം. കൂടാതെ, എറണാകുളം-അങ്കമാലി വൈദിക സമിതി പരസ്യ ഏറ്റുമുട്ടലിലേക്കു നീങ്ങുന്നതായാണറിവ്. അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ അനുവദിക്കില്ലെന്നും കർദ്ദിനാൾ ആലഞ്ചേരി ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുണ് വൈദികർ പറയുന്നത്.

വത്തിക്കാൻ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്ന്എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയില്‍ യോഗത്തിൽ വ്യക്തമാക്കി. എതിർക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും വത്തിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അച്ചടക്ക നടപടി എടുക്കാനുള്ള വത്തിക്കാന്റെ നിര്‍ദ്ദേശം നീതിക്കു നിരക്കാത്തതും അപക്വവും ധാർഷ്ട്യവുമാണ്. അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും. അതുകൊണ്ടുതന്നെ പുതിയ സംഭവ വികാസങ്ങൾ എറണാകുളം-അങ്കമാലി അതിരൂപതയിൽ മാത്രമല്ല സിറോ മലബാർ സഭ മുഴുവനായും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.
72 കോടിക്കു വിറ്റ വസ്തുവിന് വെറും 13 കോടി മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചത്. 59 കോടി രൂപയുടെ കള്ളപണമിടപാടും നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ടെന്നുള്ള കാര്യം കേന്ദ്ര ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൂന്നര കോടിയോളം രൂപ പെനാൽറ്റിയായി അതിരൂപത ആദായ നികുതി വകുപ്പിന് നൽകേണ്ടിയും വന്നു. തന്റെ പേരിൽ പത്തു കോടി രൂപയുടെ ദീപിക ഷെയർ എടുക്കാൻ ഭൂമി ഇടനിലക്കാരൻ സാജു വർഗീസ് കുന്നേലിനോട് കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടതായി സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ച ഫാദർ ജോഷി പുതുവ മൊഴി നൽകിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് മോൺസിഞ്ഞോർ ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടനും മൊഴി നൽകിയിരുന്നു. എന്നാൽ, ഇടനിലക്കാരൻ സ്വന്തം നിലയിൽ ദീപികയിൽ പണം മുടക്കാനാണ് താൻ ആവശ്യപ്പെട്ടതെന്നാണ് കര്‍ദ്ദിനാളിന്റെ ഭാഷ്യം.

ഈ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ സീറോ മലബാര്‍ സഭയുടെ പെര്‍മനന്റ് സിനഡിനെയാണ് റോം നിയമിച്ചത്. കോട്ടപ്പടി സ്ഥലം വിറ്റ് അതിരൂപതയുടെ കടം വീട്ടാനാണ് സിനഡ് മെത്രാന്മാരുടെ തീരുമാനം. അഞ്ച് മെത്രാപ്പോലീത്തമാര്‍ ഉള്ള പെര്‍മനന്റ് സിനഡിന്റെ അധ്യക്ഷന്‍ കുറ്റാരോപിതനായ കര്‍ദ്ദിനാള്‍ ആലഞ്ചേരി തന്നെയാണ്. അദ്ദേഹത്തിന്റെ അടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത്. അദ്ദേഹം തന്നെയാണ് അന്തിമ തീരുമാനമെടുക്കാന്‍ ഉത്തരവാദപ്പെട്ട ആളും. കര്‍ദ്ദിനാള്‍ ആലഞ്ചേരി ചെയ്ത തെറ്റിന് അദ്ദേഹം അദ്ധ്യക്ഷനായ പെര്‍മനന്റ് സിനഡിന്റെ പക്കല്‍ പരാതിപ്പെട്ടാല്‍ എന്തായിരിക്കും സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. യഥാര്‍ത്ഥത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഒരു പ്രതീകം മാത്രമാണ്. ആലഞ്ചേരി പോയാല്‍ വേറൊരു മെത്രാപ്പോലീത്ത ആ സ്ഥാനത്തു വരും. കൂരിയ, ഫിനാന്‍സ് കമ്മറ്റി, ആലോചനാ സമതി എന്നു വേണ്ട എല്ലാ നൈയ്യാമിക സമതികളുടെയും അദ്ധ്യക്ഷന്‍ രൂപതാ മെത്രാനാണ്. മെത്രാന്മാര്‍ക്ക് പരമാധികാരം കല്പിച്ചു കൊടുക്കുന്ന സിസ്റ്റമാണ് ഈ വിഷയത്തിലെ വില്ലന്‍. കോട്ടപ്പടി സ്ഥലം സിനഡു മെത്രാന്മാർ തീരുമാനിക്കുന്ന വിലയ്ക്കും വ്യക്തിക്കും വില്‍ക്കണമെന്നാണ് വത്തിക്കാന്റെ അന്തിമ തീരുമാനം! അതിരൂപതയുടെ സ്വത്തുക്കൾ ആർക്ക്, എപ്പോൾ, എന്തു വിലയ്ക്ക് വില്‍ക്കണമെന്നുള്ള തീരുമാനം എറണാകുളം-അങ്കമാലി അതിരൂപതയിലെ അംഗങ്ങളാണ് എടുക്കേണ്ടത്; വത്തിക്കാനല്ല. മറിച്ചായാൽ, ഇന്ത്യൻ നിയമ പ്രകാരം സിവിൽ, ക്രിമിനൽ കേസുകളാണ് ഈ കാര്യത്തിൽ അതിരൂപതയിലെ അംഗങ്ങൾക്കുള്ള അടുത്ത വഴി.

തെറ്റു കണ്ടാല്‍ പോലും പുറത്തുപറയാന്‍ പാടില്ല. അതാണ് സഭയുടെ ഇപ്പോഴത്തെ സംവിധാനം. അതുകൊണ്ട് പ്രബുദ്ധരായ സഭാംഗങ്ങൾ നിലവിലുള്ള സഭാഭരണ സംവിധാനത്തെ പഠിക്കുകയും ഭാവിയില്‍ അടിസ്ഥാനപരമായി സഭാഭരണ നിയമങ്ങളിൽ മാറ്റം വരുത്താന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. അപ്രകാരമൊരു മാറ്റം സംഭവിക്കാതെ സഭയില്‍ നവീകരണം അഥവാ നവോത്ഥാനം ഉണ്ടാകാന്‍ പോകുന്നില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം പുറത്തിറക്കിയ കാനോന്‍ നിയമത്തിലെ സഭാഭരണ കാര്യത്തില്‍ മെത്രാന്മാര്‍ക്ക് നല്‍കുന്ന പരമാധികാരത്തെ
പുനഃപ്പരിശോധിക്കേണ്ടതാണ്. ഭൂമി കള്ളക്കച്ചവടവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായിരിക്കുന്നത് വിശ്വാസികൾക്കാണ്. സഭയ്ക്കകത്ത് ഒതുക്കിത്തീർക്കാവുന്ന ഒരുവിഷമല്ല അത്. സഭയുടെയും പള്ളികളുടെയും സാമ്പത്തിക പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ദേവസ്വം, വഖഫ് മാതൃകയിൽ സർക്കാരിന്റെ പരിഗണനയിലുള്ള ചർച്ച് ട്രസ്റ്റ് ബിൽ നിയമമാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഈ വിഷയത്തിൽ ശാശ്വതമായ ഒരു പരിഹാരം സിവിൽ നിയമത്തിലൂടെയേ സാധ്യമാകൂ.

പൗരസ്ത്യ കാനോൻ നിയമം മാർതോമ നസ്രാണി ക്രിസ്ത്യാനികളുടെ മേൽ അടിച്ചേല്പിച്ചാൽ, അതുവഴി പള്ളി സ്വത്തുക്കൾ മെത്രാന്മാരുടെ സ്വത്താകുകയും പള്ളി പൊതുയോഗത്തെ വികാരിയെ ഉപദേശിക്കുന്ന സമതികളാക്കി തരംതാഴ്ത്തുകയും ചെയ്താൽ ഈ സഭയുടെ നാശം കാലതാമസം കൂടാതെ സംഭവിക്കുമെന്ന് സഭാചരിത്ര പണ്ഡിതനായ ശ്രീ ജോസഫ് പുലിക്കുന്നേൽ പ്രവചനം ചെയ്ത് എഴുതി വെച്ചിട്ടുണ്ട്. ഇന്ന് മെത്രാന്മാരും പുരോഹിതരും സമൃദ്ധിയിൽ കഴിയുന്നു; സഭയിലെ പൂർവീകർ സമ്പാദിച്ച വസ്തുവകകൾ തന്നിഷ്ടപ്രകാരം വിറ്റു നശിപ്പിക്കുന്നു; ഭീമാകാരമായ പള്ളികൾ പണിയുന്നു; സുഖലോലുപതയിൽ ജീവിക്കുന്നു; ലൈംഗിക ആസക്തിയിൽ മുഴുകുന്നു. യേശു ശിഷ്യർ ചിന്തിക്കുക പോലും ചെയ്യൻ പാടില്ലാത്ത ദുഷ്പ്രവർത്തികളിൽ അവർ വ്യാപൃതരായിരിക്കുന്നു. അവർ സഭയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ദൈവ ജനമേ, നിങ്ങൾ ഉണരുവിൻ!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

One Thought to “എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപന; ശക്തമായി പ്രതിഷേധിക്കുക; ചരിത്ര സൃഷ്ടിക്ക് പങ്കാളികളാകുക: ചാക്കോ കളരിക്കൽ”

  1. Sojan Pulickal

    Very well said. Hope more people will understand the real situation.

Leave a Comment