ശൂരനാട്‌ രവി (ഓർമ്മക്കുറിപ്പ്) : അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

കൈരളി ടിവി, ‘വേറിട്ടകാഴ്‌ച’കളുടെ സഹസംവിധായകന്‍ പ്രദീപ്‌ നാരായണനും ക്യാമറമാന്‍ തോമസ്‌ അമ്പാട്ടും ഞാനും കൂടി ‘വേറിട്ടകാഴ്‌ച’കള്‍ക്കു വേണ്ടി, സിങ്കപ്പൂരിന്റെ ഭംഗി ഒപ്പുന്നതിനും ചില മഹദ് വ്യക്തികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനുമായി ശ്രീ ശൂരനാട്‌ രവിയുടെ മകന്‍ ഡോ. ഇന്ദുശേഖറിന്റെ അപ്പാര്‍ട്ടുമെന്റില്‍ സിങ്കപ്പൂരില്‍ താമസിക്കവെയാണ്‌, രവി സാര്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുകയാണെന്ന വിവരം അറിയുന്നത്‌! അസുഖം അല്പം ഗുരുതരമാണ്‌, കരളിനു അണുബാധ കാര്യമായി ഏറ്റിട്ടുണ്ടെന്ന്‌ ഇന്ദുശേഖര്‍ പറഞ്ഞു. നാട്ടിലെത്തുമ്പോള്‍ അച്ഛനെ കാണുമെന്നും അസുഖമൊക്കെ ഭേദമാകുമെന്നും ഇന്ദുശേഖറിനെ ആശ്വസിപ്പിച്ചു.

അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

ഞങ്ങളുടെ സിങ്കപ്പൂരിലെ ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു, മലേഷ്യയിലെ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അഷ്‌റഫ്‌ മുണ്ടത്തിക്കോടിനേയും അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ഫൈസലിനേയും മറ്റും ഇന്റര്‍വ്യൂ ചെയ്‌തു. തുടര്‍ന്നു ഫിബി മൂസയേയും ഹൈദറിനേയും കാണക്കോട്‌ മാമുക്കയേയും നസീര്‍ മുണ്ടത്തിക്കോടിനേയും കണ്ടു സംസാരിച്ചു. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലം‌പൂരിലെ മുരുകന്‍ കോവിലും മറ്റും കണ്ടു നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തി വൈകാതെ തന്നെ തിരുവനന്തപുരത്തെ സഞ്‌ജീവനി ആശുപത്രിയില്‍ ചികിത്സയിലുള്ള രവി സാറിന്റെ അടുത്തെത്തി. സാര്‍ ക്ഷീണിതനായി കാണപ്പെട്ടു.

അമേരിക്കയിലെ മിഷിഗണില്‍ നിന്നും അച്ഛനെ കാണാന്‍ എത്തിയ മകള്‍ ലക്ഷ്‌മിയും സാറിന്റെ പ്രിയതമ ചെമ്പകവും അരികിലുണ്ടായിരുന്നു. വിട പറയുമ്പോള്‍, അസുഖം സുഖപ്പെട്ടാല്‍ എഴുത്തിന്റെ ശ്രമകരമായ ലോകത്തേക്ക്‌ പെട്ടെന്ന്‌ കടന്നുചെല്ലാതെ, വിശ്രമജീവിതത്തില്‍ ശ്രദ്ധിക്കണമെന്ന്‌ ഓര്‍മ്മിപ്പിച്ചു.

രണ്ടാഴ്‌ചക്കകം അദ്ദേഹത്തെ ഡിസ്‌ച്ചാര്‍ജ്ജ്‌ ചെയ്‌തു. പിന്നെ ഞങ്ങള്‍ ഇടയ്‌ക്കിടെ ഫോണില്‍ സംസാരിച്ചിരുന്നു. ഏറ്റവും ഒടുവിൽ സംസാരിച്ചപ്പോൾ സ്വരം ക്ഷീണിച്ചതായി തോന്നി.

നാലു മാസം കഴിഞ്ഞു ഞാന്‍ അമേരിക്കയിലേക്ക്‌ തിരിച്ചുവന്നു. അഞ്ചു മാസം കഴിഞ്ഞു, 2018 ഒക്‌ടോബര്‍ 24നു കേള്‍ക്കുന്നു: വിഖ്യാത ബാല സാഹിത്യകാരന്‍ ശ്രീ ശൂരനാട്‌ രവി അന്തരിച്ചെന്ന്‌.

2019 ജനുവരിയില്‍ തിരുവനന്തപുരത്തെ മസ്‌കത്ത്‌ ഹോട്ടലില്‍ വെച്ചു നടന്ന ഫൊക്കാന കണ്‍വന്‍ഷൻ കഴിഞ്ഞു, കണ്ണമ്മൂലയില്‍ താമസിക്കുന്ന സാറിന്റെ ശ്രീമതിയെ കണ്ടു. അവരുമായി സംസാരിക്കവെ പറഞ്ഞു: ‘ഹോസ്‌പിറ്റലില്‍ നിന്ന്‌ വീട്ടിലെത്തിയ ശേഷം അദ്ദേഹം രണ്ടു പുസ്‌തകങ്ങള്‍ കൂടി എഴുതി’ എന്ന്. രണ്ടു പുസ്‌തകങ്ങള്‍ കൂടി എഴുതി എന്ന്‌ പ്രസ്‌താവിച്ചപ്പോള്‍ എനിക്ക് അത്ഭുതം അടക്കാനായില്ല. കാരണം അദ്ദേഹത്തിന്റെ ചില പുസ്‌തകങ്ങള്‍ 600 പേജുകളോളം ഉളളവയാണ്‌. അവയില്‍ കസാന്റ്‌ ദ സാക്കിസിന്റെ ‘ക്രിസ്‌തു വീണ്ടും ക്രൂശിക്കപ്പെട്ടു’ എന്നതിന്റെ തര്‍ജ്ജമയും, 101 റെഡ്‌ ഇന്ത്യന്‍ നാടോടി കഥകളുമുണ്ട്‌. ഇംഗ്ലീഷ്‌, സംസ്‌കൃതം, തമിഴ്‌ ഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്‌തിട്ടുളള പല കൃതികളും ശ്രദ്ധേയങ്ങളാണ്‌.

എഴുത്ത്‌ ക്ലേശകരമായ ഒരു ജോലിയാണെന്ന്‌ എനിക്കറിയാം. എഴുത്തിനു ശാരീരികമായും മാനസികമായും നല്ല അച്ചടക്കം വേണം. ശാരീരികമായ അധ്വാനത്തിനു അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കില്ല. അദ്ദേഹം എഴുത്തിനെപ്പറ്റി പറഞ്ഞിരുന്നത്‌: ‘വെളുപ്പിന്‌ മൂന്ന്‌ മണി മുതല്‍ ആറു മണിവരെ ഒറ്റയിരുപ്പാ, അങ്ങനെയാ പതിവ്‌.’ ചിലപ്പോള്‍ ഞാന്‍ പറയും: ‘വാര്‍ദ്ധക്യത്തില്‍ ശരീരം തരുന്ന മുന്നറിയിപ്പുകള്‍ നാം മാനിക്കണം. ഇല്ലെങ്കില്‍,
നാം പറയുന്നത്‌ ശരീരം അനുസരിക്കില്ല. എഴുത്തിനോടുളള അഭിനിവേശത്തില്‍ അദ്ദേഹം അത്‌ ഗൗരവമായി എടുത്തിരിക്കാന്‍ സാധ്യതയില്ല.

ഒരിക്കല്‍ സാറിന്റെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ബൃഹത്തായ ഗ്രന്ഥശേഖരവും സ്വന്തം രചനകളും കാണാനിടയായി. അവ: ഓണപ്പന്ത്‌, കിളിപ്പാട്ടുകള്‍, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കാലപ്പാട്ട്‌, അക്ഷരമുത്ത്‌, ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം, ഗാന്ധിജിയുടെ ഡയറി, കഥകള്‍കൊണ്ട്‌ ഭൂമി ചുറ്റാം, പൊന്നിറത്താല്‍ കഥ, സചിത്ര ബുദ്ധ കഥകള്‍, 101 ബാലകഥകള്‍, മനോവികാസ കഥകള്‍, തമിള്‍ നാടോടി കഥകള്‍ (തര്‍ജ്ജമ), അമേരിക്കന്‍ ക്രിസ്‌മസ്സ്‌ കഥകള്‍, നാഞ്ചി നാടന്‍ നാടോടി കഥകള്‍ ആടാം പാടാം കഥ പറയാം, കഥയമ്മാവന്‍ കഥ പറയുന്നു, ശ്രീബുദ്ധന്റെ അപദാനകഥകള്‍, പുത്തിരിപ്പാട്ടുകള്‍, അക്ഷരഗീതങ്ങള്‍, തെരഞ്ഞെടുത്ത കഥകള്‍, തെയ്യക്കഥകള്‍, തെരഞ്ഞെടുത്ത കുട്ടിക്കവിതകള്‍, ജിനചരിതം (ശ്രീലങ്കന്‍ കാവ്യത്തിന്റെ പരിഭാഷ), 100 ബുദ്ധന്മാര്‍ (ചൈന), തമിഴില്‍നിന്നും തഞ്ചാവൂരിലെ താരാട്ടുപാട്ടുകള്‍… കൂടാതെ, തമിഴ്‌ എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ്‌ മീരാന്റെ ‘ചാരുകസേര’, ‘തുറമുഖം’, ‘ഒരു കടലോരത്തിന്റെ കഥ’ എന്നീ പ്രമുഖ നോവലുകള്‍ തമിഴില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്‌തു.

‘ചാരുകസേര’ കേന്ദ്ര സാഹിത്യ അവാര്‍ഡ്‌ നേടിയ നോവലാണ്‌. ‘തുറമുഖം’ എന്ന നോവല്‍ തമിഴ് നാട്ടിലെ യൂണിവേഴ്‌സിറ്റിയില്‍ വര്‍ഷങ്ങളായി പാഠപുസ്‌തകമായി പഠിപ്പിക്കുന്നുവെന്ന്‌ അതിന്റെ ഗ്രന്ഥകാരന്‍ തോപ്പില്‍ മുഹമ്മദ്‌ മീരാന്‍ എന്നോട്‌ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌.

ശൂരനാട്‌ രവി 70ല്‍ പരം കൃതികള്‍ കൈരളിക്ക്‌ സമ്മാനിച്ചിട്ടുണ്ടെന്ന്‌ മനസ്സിലായപ്പോള്‍ അദ്ദേഹത്തോട്‌ ആദരവേറി. ഞാന്‍ പുന്നയൂര്‍ക്കുളത്ത്‌ നിന്ന്‌ കൈരളി ടി.വി. ക്രൂവുമായി ശൂരനാട്‌ വന്നു, അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്‌തു. ഇന്റര്‍വ്യൂവില്‍ ഏറെ ഹൃദ്യമായത്‌ അദ്ദേഹം ക്ലാസ്സ്‌ എടുത്തിരുന്ന വിദ്യാലയത്തിലെ വിദ്യാര്‍ഥികളോട്‌ നര്‍മ്മ രസത്തില്‍ കഥകള്‍ ചൊല്ലി സംവദിക്കുന്നതായിരുന്നു. ഞങ്ങളുടെ ക്രു സ്‌കൂളിലെത്തിയപ്പോള്‍, അന്നത്തെ സായാഹ്നക്ലാസ്സുകള്‍ സാറിനു വേണ്ടി നീക്കിവെച്ചു, സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും കാണികളായി നിറഞ്ഞു. സാറിനേയും ഞങ്ങളേയും ആദരവോടെ വേദിയിലേക്ക്‌ നയിച്ചു.

തുടര്‍ന്നദ്ദേഹം സ്വതസ്സിദ്ധമായ ശൈലിയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും കഥകള്‍ കേള്‍പ്പിച്ചു, രസിപ്പിച്ചു. കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഥകള്‍ക്ക്‌ കഴിയണമെന്നും അവരുടെ മനോവികാസത്തിനു രക്ഷിതാക്കള്‍ കുട്ടികള്‍ക്കു വായിച്ചു കൊടുക്കണമെന്നും തനിയെ വായിക്കാറാകുമ്പോള്‍ അവര്‍ വായിച്ചു കൊളളുമെന്നും അദ്ദേഹം വിശ്വസിച്ചു . അദ്ദേഹത്തിന്റെ പ്രധാന ഹോബികൾ ഫ്‌ളൂട്ട്‌ വായന, ഹാര്‍മോണിയം, കീബോര്‍ഡ്‌, പിയാനോ, കുട്ടികള്‍ക്കു വേണ്ടി സ്റ്റോറി ടെല്ലിംഗ്‌ എന്നിവയായിരുന്നു.

ശൂരനാട്‌ രവി എന്ന ബാലസാഹിത്യകാരന്‍/എഴുത്തുകാരന്‍ 1943 ഫെബ്രുവരിയില്‍ ഇഞ്ചക്കാട്‌ എന്ന ഗ്രാമത്തില്‍ പരമു പിളളയുടെയും ഭവാനി അമ്മയുടെയും മകനായി ജനിച്ചു. 1998വരെ മണ്ണടി ഹൈസ്‌ക്കൂളിലെ അധ്യാപകനായിരുന്നു. സാറിന്റെ പ്രിയതമ ശാസ്‌താംകോട്ട JMHS ലെ പ്രിന്‍സിപ്പലുമായിരുന്നു.

ശൂരനാടിനു അര്‍ഹിക്കപ്പെട്ട പല അംഗീകാരങ്ങളും ലഭിക്കുന്നതിനു മുമ്പെ അദ്ദേഹം ലോകത്തോട്‌ വിടപറഞ്ഞു. ബാലസാഹിത്യത്തിനുളള ദേശീയ (1989) അവാര്‍ഡ്‌, 2018ലെ കേരള ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ സമഗ്ര സംഭാവനയ്‌ക്കുളള അവാര്‍ഡ്‌, 2003, 2010 വര്‍ഷങ്ങളില്‍ അമേരിക്കയിലെ ‘മിലന്‍’ എന്ന സാഹിത്യ സംഘടനയുടെ ബാലസാഹിത്യത്തിനും തര്‍ജ്ജമക്കുമുളള അവാര്‍ഡ്‌, ‘മണ്‍മേകലൈമന്‍റം അവാര്‍ഡ്‌, പെന്‍ഗ്വിന്‍ (1996)ഫ്രണ്ട്‌ഷിപ്പ്‌ അവാര്‍ഡും മറ്റു പല പ്രാദേശിക അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

ശൂരനാടിനെ അമേരിക്കന്‍ മലയാളികള്‍ക്കും എനിക്കും പരിചയപ്പെടുത്തിയത്‌ 2003ല്‍ ഫൊക്കാന സെക്രട്ടറി മാത്യു ചെരുവിലാണ്‌. അന്ന്‌ ചെരുവില്‍ വേണു-ശ്രീലേഖ ദമ്പതികളുടെ കൊച്ചുമകന്‍ തേജസ്സിനു വേണ്ടി സാര്‍ എഴുതിയ പുസ്‌തകം പ്രകാശനം ചെയ്‌തപ്പോഴാണ്‌.

തുടര്‍ന്ന്‌ ഡിട്രോയിറ്റിലെ ‘മിലന്‍’ എന്ന സാഹിത്യ സംഘടനയുടെ ഭാരവാഹികള്‍ ശൂരനാടിനെ അതിന്റെ വാര്‍ഷികത്തിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകമായ ഉജ്ജ്വല പ്രസംഗം മിലന്റെ വാര്‍ഷികോത്സവത്തിനു മികവേറ്റി.

അതിനിടെ അദ്ദേഹം എന്റെ ഇംഗ്ലീഷ്‌ രചനകളും ‘എളാപ്പ’ എന്ന ചെറുകഥാസമാഹാരവും മറ്റു രചനകളും വായിച്ചു. എളാപ്പയ്‌ക്ക്‌ ഒരാസ്വാദനം എഴുതി തന്നിട്ട്‌ പറഞ്ഞു: ‘ഇത്‌ അബ്‌ദു മാഷിന്റെ മാത്രം കഥയല്ല; എല്ലാവരുടെയും കഥയാണ്‌, പ്രത്യേകിച്ച്‌ എന്റേയും.

മക്കളായ ശ്രീലേഖയേയും, ശ്രീലക്ഷ്‌മിയേയും മരുമക്കളായ വേണുവിനേയും രാജേഷിനേയും, പേരക്കിടാങ്ങളെയും കാണുന്നതിനും നേറ്റീവ്‌ (റെഡ്‌ ഇന്ത്യന്‍) അമേരിക്കന്‍സിനെപ്പറ്റി എഴുതുന്നതിനുമായി അദ്ദേഹം മിഷിഗണില്‍ വരുമ്പോള്‍ ഞങ്ങള്‍ കാണാറുണ്ടായിരുന്നു. ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ ‘കൊല്ലം ജില്ല ജനകീയ കവിതാവേദി’യുടെ വാര്‍ഷിക ദിനത്തില്‍ എന്റെ ‘സ്‌നേഹസൂചി’ എന്ന കവിതാസമാഹാരത്തെപ്പറ്റി ചര്‍ച്ച ചെയ്‌തതും എന്നെ ആദരിച്ചതും ഇന്നും മായാതെ മനസ്സില്‍ കിടക്കുന്നു. അന്നത്തെ വേദിയില്‍ ഹ്യൂസ്‌റ്റണില്‍ നിന്നെത്തിയ അദ്ദേഹത്തിന്റെ സുഹൃത്തും പ്രശസ്‌ത എഴുത്തുകാരനുമായ മാത്യു നെല്ലിക്കുന്നും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Related posts

Leave a Comment