സാക്രമെന്റോ മലയാളികളുടെ സംഗീതോത്സവം ‘സർഗ്ഗ സംഗീത് (സീസൺ 2)

സാക്രമെന്റോ മലയാളികളുടെ കൂട്ടായ്മയായ സർഗം (Sacramento Regional Association of Malayalees), നടത്തിയ സർഗ്ഗ സംഗീത് സീസൺ -2 വിജയകരമായ ഒരു ഓൺലൈൻ സംഗീത വിരുന്നായി മാറി. ഈ ഓൺലൈൻ സംഗീത വിരുന്നിന്റെ പ്രത്യേകത, ഇതിൽ പങ്കെടുത്തവർ എല്ലാവരും അസോസിയേഷൻ അംഗങ്ങൾ മാത്രമായിരുന്നു എന്നതാണ്. കഴിഞ്ഞ വർഷം വിജയകരമായി നടത്തിയ ‘സർഗ്ഗ സംഗീത് സീസൺ -1’ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു എഡിഷൻ നടത്തുവാൻ പ്രചോദനമായി. ഇപ്രാവശ്യം കൂടുതൽ യുവ ഗായകരെ കൂടി ഉൾപ്പെടുത്തുവാൻ കഴിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്.

സംഗീതവും നർമ്മവുമൊക്കെയായി ഏകദേശം രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടി പൂർണ്ണമായും ലൈവ് ആയി ആയിരുന്നു സംപ്രേഷണം ചെയ്തത്. സാക്രമെന്റോയിലെ കഴിവുറ്റ ഗായകർക്ക് തികച്ചും വലിയ ഒരു പ്രചോദനമായി മാറി സർഗ്ഗ സംഗീത് സീസൺ -2.

കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ പ്രതീഷ് എബ്രഹാം , ഭവ്യ സുജയ് എന്നിവരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായിരുന്നു കുറ്റമറ്റ ഈ ഓൺലൈൻ പരിപാടി. ഏറ്റവും ഗുണ നിലവാരത്തോട് കൂടി ഈ സംഗീത വിരുന്ന് പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞതിലൂടെ ഇവരിരുവരും സർഗം അംഗങ്ങൾക്കിടയിലും അമേരിക്കയുടെ മറ്റു പല ഭാഗങ്ങളിൽ നിന്നും പ്രശംസ പിടിച്ചു പറ്റി. സെക്രട്ടറി മൃദുൽ സദാനന്ദന്റെ നേതൃത്വത്തിൽ പ്രതീഷ് എബ്രഹാം, ഭവ്യ സുജയ്, എൽദോസ് പി.ജി. എന്നിവരടങ്ങിയ ടെക്നിക്കൽ ഗ്രൂപ്പ് ആയിരുന്നു അണിയറയിൽ പ്രവർത്തിച്ചവർ. തനതായ ശൈലിയിലൂടെ ശ്രീമതി ബിനി മൃദുൽ, രമേഷ് ഇല്ലിക്കൽ എന്നീ അവതാരകർ സർഗ്ഗ സംഗീത് കൂടുതൽ വിനോദകരമാക്കിതന്നെ കൊണ്ടുപോകുന്നതിൽ പങ്കു വഹിച്ചു.

പ്രസിഡന്റ് രാജൻ ജോർജ്, ചെയർ പേഴ്സൺ ശ്രീമതി രശ്മി നായർ, സെക്രട്ടറി മൃദുൽ സദാനന്ദൻ, ട്രഷറര്‍ സിറിൽ ജോൺ, വൈസ് പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, ജോയ്ന്റ് സെക്രട്ടറി ജോർജ് പുളിച്ചുമാക്കൽ എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സർഗം പരിപാടികൾ വിജയകരമായി നടത്തപ്പെടുന്നത്. അവരോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുന്ന എല്ലാ കമ്മറ്റി അംഗങ്ങളുടെയും കൂട്ടായ പ്രവർത്തന ഫലമാണ് ഓരോ പരിപാടികളുടെയും വിജയ രഹസ്യം.

സർഗ്ഗ സംഗീത് സീസൺ 2, ഈ പ്രതിസന്ധി ഘട്ടത്തിലും ആരോഗ്യ രംഗത്തു സജീവമായി പ്രവർത്തിക്കുന്നവരെ ആദരിക്കാനുള്ള ഒരു വേദി കൂടി ആയി ആണ് അവതരിപ്പിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമായി. അതോടൊപ്പം തന്നെ സർഗ്ഗത്തിന്റെ നേതൃത്വത്തിൽ ഒരു ചാരിറ്റി ഡ്രൈവ് കൂടി നടത്തപ്പെട്ടു. കോവിഡ് കൊണ്ട് ദുരിദമനുഭവിക്കുന്ന നമ്മുടെ നാട്ടിലേക്ക്, കേരളത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയുക എന്ന ഉദ്ദേശ്യത്തോടു കൂടി നടത്തിയ ചാരിറ്റി ഡ്രൈവിലൂടെ പതിനായിരം ഡോളർ സ്വരൂപിക്കുക എന്നതായിരുന്നു സർഗ്ഗത്തിന്റെ ലക്ഷ്യം. പ്രദേശത്തെ മലയാളികളുടെ കൂട്ടായ്മ എന്നതിലപ്പുറം സമൂഹത്തോടുള്ളപ്രതിബദ്ധത പ്രകടമാക്കുന്ന ഇത്തരം പദ്ധതികളിലൂടെ സർഗം എന്നും അമേരിക്കൻ മലയാളികൾക്കൊരു മാതൃക ആയി നിലകൊള്ളുന്നു എന്നത് തികച്ചും ശ്രദ്ധേയമാണ്.

വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ കൂടുതൽ മലയാളികളിലേക്കു ഇറങ്ങിചെല്ലുവാൻ സർഗത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment