യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക മാര്‍തോമശ്ലീഹായുടെ പെരുന്നാളും, സുവര്‍ണ്ണ ജൂബിലിയും കൊണ്ടാടി

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക മാര്‍ത്തോമ്മാശ്ലീഹായുടെ പെരുന്നാളും, ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയും ജൂലൈ 3, 4 തീയ്യതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

പെരുന്നാളിന്റെ പ്രാരംഭം കുറിച്ചുകൊണ്ട് ജൂണ്‍ 27ാം തീയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്ക് ശേഷം കൊടി ഉയര്‍ത്തി. ജൂലൈ 3ാം തീയതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് വിശിഷ്ടാതിഥിയായി എത്തിയ റവ. ഡോ. എം.പി.ജോര്‍ജിന്റെ (ഡയറക്ടര്‍, ശ്രുതി സ്കൂള്‍ ഓഫ് മ്യൂസിക്) ഭക്തിനിര്‍ഭരമായ പ്രസംഗവും ഉണ്ടായിരുന്നു.

ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വിശിഷ്ടാതിഥി റവ. ഡോ. എം.പി.ജോര്‍ജിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടന്നു. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌ക്കോപ്പാ, സഹവികാരി റവ. ഫാ. ഷോണ്‍ തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

വി. കുര്‍ബാനയ്ക്ക് ശേഷം 50ാം വാര്‍ഷിക സമ്മേളനം നടന്നു. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ അദ്ധ്യക്ഷനായിരുന്നു. ഇടവക അമ്പത് വര്‍ഷങ്ങളായി നേടിയ നേട്ടങ്ങളെയും അതിന് വേണ്ടി പ്രവര്‍ത്തിച്ചവരെയും അനുസ്മരിച്ച് അദ്ദേഹം പ്രസംഗിച്ചു. റവ. ഡോ. എം.പി.ജോര്‍ജ് തന്റെ പ്രസംഗത്തില്‍, അരനൂറ്റാണ്ടായി അമേരിക്കയില്‍ നിലനില്‍ക്കുന്ന ഈ ദേവാലയം നമ്മുടെ സഭയുടെ അഭിമാനമാണെന്നും, ഇടവക നേടിയ പുരോഗതിയെ അഭിനന്ദിക്കുകയും ചെയ്തു. സഹവികാരി റവ. ഫാ. ഷോണ്‍ തോമസ് ഇടവക അംഗങ്ങളെ അഭിനന്ദിക്കുകയും സഹവികാരിയായി പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.

ഇടവകയുടെ 50 വര്‍ഷത്തെ സേവനത്തെ അനുസ്മരിച്ച് ഇടവക സെക്രട്ടറി മാത്യു ജോര്‍ജ് വെരി. റവ. ചെറിയാന്‍ നീലാങ്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവക ജനങ്ങള്‍ അദ്ദേഹത്തിന് ആദരവുകള്‍ അര്‍പ്പിച്ചു.

ഇടവകയിലെ ആത്മീയ സംഘടനകളുടെ വകയായി ഗാനാലാപങ്ങള്‍ ഉണ്ടായിരുന്നു. സണ്‍ഡേ സ്ക്കൂള്‍ കുട്ടികള്‍, മര്‍ത്തമറിയം സമാജം, മെന്‍സ് ഫോറം എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ശ്രുതിമനോഹരമായിരുന്നു. MGOCSM-നെ പ്രതിനിധീകരിച്ച് അക്‌സാ വറുഗീസ് ഇടവകയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 50 വര്‍ഷത്തെ ഓര്‍മ്മയ്ക്കായി ലീലാമ്മ മത്തായി രചിച്ച് ഈണം നല്‍കി, റവ. ഫാ. ഷോണ്‍ തോമസ്, ആലീസ് ജോസഫ്, സാറാമ്മ എബ്രഹാം, ത്രേസ്യാമ്മ വെട്ടിച്ചിറ എന്നിവരുടെ സഹകരണത്തോടെ അവതരിപ്പിച്ച ഗാനം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. വിശിഷ്ടാതിഥി റവ. ഡോ. എം.പി.ജോര്‍ജ് ഹിന്ദിയിലും, മലയാളത്തിലും ഗാനങ്ങള്‍ ആലപിച്ചു.

അമ്പതാം വര്‍ഷത്തിന്റെ അനുസ്മരണത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രഖ്യാപനവും നടന്നു. ബേബി വറുഗീസ് മകന്‍ സുനില്‍ വറുഗീസിന്റെ ഓര്‍മ്മയ്ക്കായി തെയോഫീലോസ് തിരുമേനിയുടെ പേരിലുള്ള ഡയാലിസ് സെന്ററിന് 25 ലക്ഷം രൂപയുടെ മെമ്മോറിയല്‍ ഫണ്ട് പ്രഖ്യാപിച്ചു. മര്‍ത്തമറിയം സമാജം കേരളത്തില്‍ രണ്ട് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള 15,000 ഡോളര്‍ സംഭാവനയും പ്രഖ്യാപിച്ചു.

മര്‍ത്തമറിയം സമാജം നടത്തിയ 50-50 റാഫിള്‍ നറുക്കെടുപ്പില്‍ ആലീസ് വറുഗീസ് ഒന്നാം സമ്മാനം നേടി. ആ തുക ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ സംഭാവന ചെയ്യുകയും ചെയ്തു. പെരുന്നാളും 50ാം വര്‍ഷത്തിന്റെ ആഘോഷങ്ങളും ഭംഗിയാക്കിയ ഏവര്‍ക്കും പള്ളി ട്രഷറര്‍ വിനോയ് തെന്നശ്ശേരില്‍ നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment