10,000 ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ഡോഗിനെ മോഷ്ടിച്ച സ്ത്രീകള്‍ അറസ്റ്റില്‍

ഹൂസ്റ്റണ്‍: പെറ്റ് സ്റ്റോറില്‍ നിന്നും പതിനായിരത്തിലധികം ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ ഡോഗ് വിഭാഗത്തില്‍പ്പെട്ട പട്ടിക്കുട്ടിയെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 5 തിങ്കളാഴ്ച ഉച്ചയ്ക്കാണ് വുഡ്‌ലാന്റ്‌സ് പെറ്റ് സ്റ്റോറില്‍ സംഭവം നടന്നത്.

സ്റ്റോറില്‍ എത്തിയ ഇരുവരും 14 മാസം പ്രായമുള്ള പട്ടിക്കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു. മാനേജര്‍ കാണിച്ചു കൊടുക്കുന്നതിനിടയില്‍ പട്ടിക്കുട്ടിയെ തട്ടിയെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു. സ്റ്റോറിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന, നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തിരുന്ന വാഹനത്തിലാണ് ഇരുവരും രക്ഷപ്പെട്ടത്.

പോലീസ് നടത്തിയ തിരച്ചിലില്‍ പെറ്റ് സ്റ്റോറിനു സമീപത്തുള്ള വുഡ്‌ലാന്റ്‌സ് മാളിനു സമീപം വാഹനത്തിന് നമ്പര്‍ പ്ലേറ്റ് വെച്ചു പിടിപ്പിച്ചുകൊണ്ടിരുന്ന ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത പട്ടിക്കുട്ടിയെ സുരക്ഷിതമായി സ്റ്റോറില്‍ കൊണ്ടുവന്നു.

ഇത്തരം കളവു ആദ്യമായാണ് ഇവിടെ നടക്കുന്നതെന്നും പട്ടിക്കുട്ടിയെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാനേജര്‍ ജോണ്‍സ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത സ്ത്രീകള്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഫ്രഞ്ച് ബുള്‍ഡോഗിനു മാര്‍ക്കറ്റില്‍ 15,000 ഡോളര്‍ വരെ വില ലഭിക്കുമെന്നാണ് പറയുന്നത്.

Print Friendly, PDF & Email

Leave a Comment