വടക്കൻ ഇറാഖിലെ വിമാനത്താവളത്തിൽ ബോംബ് നിറച്ച ഡ്രോണുകൾ പതിച്ചു

ബാഗ്ദാദ്: വടക്കൻ ഇറാഖ് നഗരമായ എർബിലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ പതിച്ചു. ചൊവ്വാഴ്ച വൈകീട്ട് അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ് പതിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

ആര്‍ക്കും പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി ഇറാഖി കുർദിസ്ഥാൻ മേഖലയിലെ തീവ്രവാദ വിരുദ്ധ യൂണിറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി ഗ്രൂപ്പിനെതിരെ പോരാടുന്ന അന്താരാഷ്ട്ര സഖ്യത്തിന്റെ സൈനിക താവളമുള്ള എർബിലിലെ വിമാനത്താവളം ഏപ്രിലിൽ സ്‌ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോൺ ലക്ഷ്യമാക്കിയിരുന്നു.

ഈ വർഷം തുടക്കം മുതൽ, യുഎസ് താൽപ്പര്യങ്ങൾ ലക്ഷ്യമാക്കി, ഡസൻ കണക്കിന് ആക്രമണങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായി 2500 അമേരിക്കൻ സൈനികരെ ഇറാഖില്‍ വിന്യസിച്ചിട്ടുണ്ട്.

തിങ്കളാഴ്ച യുഎസ് സൈന്യം ബാഗ്ദാദിലെ യു എസ് എംബസിക്ക് മുകളിൽ സായുധ ഡ്രോൺ വെടിവച്ചു വീഴ്ത്തിയിരുന്നു.

ഇറാഖിലെ യു എസ് താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കുന്നവര്‍ക്ക് അമേരിക്ക അടുത്തിടെ 3 മില്യൺ ഡോളർ വരെ ഇനാം പ്രഖ്യാപിച്ചിരുന്നു.

 

Print Friendly, PDF & Email

Related News

Leave a Comment