ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ മലയാളി യുവതിയും

കായംകുളം: അതിര്‍ത്തി സുരക്ഷാ സേനയില്‍ നിരവധി വനിതകള്‍ സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും, ആദ്യമായാണ് ഒരു മലയാളി യുവതി അതിന്റെ ഭാഗമാകുന്നത്. അസം റൈഫിള്‍സിലെ വനിതാ സൈനികരില്‍ മലയാളിയായ ആതിര കെ പിള്ളയാണ് കശ്മീരിലെ അതിര്‍ത്തി ജില്ലയായ ഗന്ധര്‍ബാലില്‍ സേവനം ചെയ്യുന്നത്.

പ്രദേശവാസികളും സൈന്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട അസം റൈഫിള്‍സില്‍, കായം‌കുളം പുള്ളിക്കണക്ക് തേക്കേ മങ്കുഴി ഐക്കര കിഴക്കതില്‍ പരേതനായ കേശവ പിള്ളയുടെ മകള്‍ 25-കാരി ആതിര ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സരക്ഷണ കവചവും ജാക്കറ്റും ധരിച്ച്‌ അതിർത്തി കാക്കുമ്പോൾ കേരളത്തിനും അഭിമാനം. സൈനികനായിരുന്ന പിതാവിന്റെ പിന്തുടര്‍ച്ചാവകാശവുമായാണ് നാലു വർഷം മുൻപു ആതിര സൈന്യത്തിൽ ചേർന്നത്. നാലു മാസം മുന്‍പാണ് കശ്മീരില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്.

“നാട്ടുകാരുമായി ഇടപഴകുമ്പോള്‍ ആദ്യമൊക്കെ ഭയത്തോടെ കണ്ടിരുന്ന ഞങ്ങളോട് അതിർത്തിയിലെ പെൺകുട്ടികൾക്ക് ആവേശമാണ്. വളര്‍ന്നു വലുതാകുമ്പോള്‍ അവര്‍ക്കും ഞങ്ങളെപ്പോല യാകണമെന്നാണ് ആഗ്രഹം,” ആതിര പറയുന്നു. അതിര്‍ത്തി സുരക്ഷയുടെ ഭാഗമായി വീടുകള്‍ തോറും പരിശോധന നടത്തേണ്ടി വരുമ്പോൾ സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിനാണ് വനിതാ സൈനികരെ നിയോഗിക്കുന്നത്. സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ലക്ഷ്യമാണ്. തുടക്കത്തിലെ നിസഹകരണം പ്രകടിപ്പിച്ചവരില്‍ ഇപ്പോള്‍ നല്ല മാറ്റമാണ് സംഭവിക്കുന്നതെന്ന് ആതിര പറയുന്നു. പുരുഷ സൈനികർ ചെയ്യുന്ന പട്രോളിംഗ് ഉൾപ്പെടെയുള്ള എല്ലാ ജോലികളും വനിതകളും ചെയ്യണം.

2017 ജൂലൈയിലാണ് ആതിര അസം റൈഫിള്‍സില്‍ ചേരുന്നത്. നാഗലാന്‍റ്, മണിപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു തുടക്കത്തില്‍ ഡ്യൂട്ടി. റൈഫിൾ മൂവ്മെന്റ് ജനറൽ ഡ്യൂട്ടി തസ്തികയിലാണ് ജോലി ചെയ്യുന്നത്. ഇൻഫർമേഷൻ വാർഫെയർ (ഐഡബ്ല്യു) വിഭാഗത്തിലാണു നിയമനം. അസം റൈഫിൾസിൽ സൈനികനായിരിക്കെ 13 വർഷം മുൻപു മരിച്ച അച്ഛൻ കേശവപിള്ളയുടെ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ജയലക്ഷ്മിയാണ് അമ്മ. ഭർത്താവ്: സ്മിതീഷ് പരമേശ്വർ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News