Flash News

ആടു ജീവിതം അമേരിക്കയില്‍ (പുസ്തക പരിചയം): എ.സി. ജോര്‍ജ്ജ്

July 8, 2021

ഈ നോവലിന്‍റെ പേര് കേള്‍ക്കുമ്പോള്‍ ആരും ഞെട്ടി തെറ്റിദ്ധരിക്കേണ്ടതില്ല. ആടു ജീവിതം അമേരിക്കയിലോ? ഡോളര്‍ മരത്തില്‍ നിന്നു കുലുക്കി പറിക്കുന്ന നാട്ടിലോ എന്നും ചോദിക്കേണ്ടതില്ല. ആടുകളുടെ ജീവിതത്തേക്കാള്‍ ദുരിതപൂര്‍ണ്ണമല്ലെ പന്നികള്‍ തുടങ്ങി മറ്റു പല ജീവജാലങ്ങളുടേയും ജീവിതം എന്നും ചിന്തിച്ചേക്കാം. എന്നാല്‍ ഇവകളുടെ എല്ലാറ്റിനേക്കാള്‍ ദുരിത ജീവിതം നയിക്കുന്നവര്‍ ഭൂലോകത്തിലുണ്ടെന്ന കാര്യം മറക്കരുത്. മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന അമേരിക്കയില്‍ പൊതുവെ ആടു ജീവിതങ്ങളോ, സങ്കല്‍പ്പങ്ങളോ കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം.

എ.സി. ജോര്‍ജ്ജ്

അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാള ഭാഷാ സാഹിത്യ രംഗങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് ഈ നോവലിന്‍റെ രചയിതാവായ കുര്യന്‍ മ്യാലില്‍. അദ്ദേഹത്തിന്‍റെ ആദ്യത്തെ കൃതിയുടെ പേര് “ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു” എന്നായിരുന്നു. ഇപ്പോഴിതാ “ആടു ജീവിതം അമേരിക്കയില്‍” എന്ന പേരില്‍ ഇതില്‍ പ്രതിപാദിക്കപ്പെടുന്ന രണ്ടാമത്തെ നോവല്‍ അദ്ദേഹം സഹൃദയ സമക്ഷം സമര്‍പ്പിക്കുകയാണ്. പ്രസിദ്ധ നോവലിസ്റ്റ് ബന്യാമിന്‍ ഗള്‍ഫു നാടുകളിലെ ചില മലയാളികളുടെ ദുരിതപൂരിതമായ ജീവിതത്തെ ആസ്പദമാക്കി താന്‍ മേയ്ക്കുന്ന ആടുകളുടെ ജീവിതത്തേക്കാള്‍ കഷ്ടതരം എന്ന് അദ്ദേഹം ആടുകളെ മേയ്ക്കുന്ന മലയാളി തൊഴിലാളിയുടെ അവസ്ഥയെപ്പറ്റി നോവലിലൂടെ വരച്ചു കാട്ടുന്നു. അങ്ങനെ ആടു ജീവിതം എന്നത് ദുരന്ത ജീവിതങ്ങളുടെ ഒരു മലയാളി ശൈലിയോ പര്യായമോ ആയി മാറിയിരിക്കുന്നു. ഇത്തരം ദുരിത ജീവിത കഥകളും കഥാപാത്രങ്ങളും ലോകത്ത് എല്ലായിടത്തുമുണ്ടെന്ന പരമാര്‍ത്ഥം തങ്കവും ഡോളറും വിളയുന്ന സമത്വസുന്ദര കാനാന്‍ ദേശമെന്നറിയപ്പെടുന്ന അമേരിക്കയിലുമുണ്ടെന്നുള്ള കഥ കുര്യന്‍ മ്യാലില്‍ ഇവിടെ പറയുകയാണ്. ആടുകളൊ, ആടുകളെ മേയ്ക്കുന്നതോ അല്ല ഇവിടത്തെ കഥാവിഷയം. സാമാന്യം നല്ലൊരു ജോലി, തക്കതായ നല്ല അമേരിക്കന്‍ ശമ്പളം അത്രമാത്രമാണ് ഇതിലെ കഥാനായിക ആഗ്രഹിച്ചിരുന്നുള്ളു. എന്നാല്‍ ലഭിച്ചതോ, ദുരിതപൂരിതമായ ഒരു അടിമയുടെ ജോലി, കൂലിയില്ലാത്ത പങ്കപ്പാടു മാത്രം ലഭ്യമായ ഒരാടു ജീവിതം. നാട്ടില്‍ മണ്‍മറഞ്ഞ കവി “ചങ്ങമ്പുഴയുടെ” കാനനഛായയിലാടു മേയ്ക്കാന്‍” പോകുന്ന ഒരു ജോലി ആയിരുന്നെങ്കില്‍ ഇതില്‍ നിന്നെത്ര ഭേദമായിരുന്നു, ശമ്പളം തന്നെ ഇല്ലെങ്കിലും അതെത്ര ആസ്വാദ്യമായിരുന്നു എന്ന് നെഞ്ചുരുകി നോവലിലെ നായിക ആശിച്ചിട്ടുണ്ടാകണം.

പല അമേരിക്കന്‍ മലയാളി എഴുത്തുകാരും, നാട്ടിലെ കേരളത്തിലെ വിവിധ ജീവിത ചുറ്റുപാടുകളും, ഇതിവൃത്തവും പ്രമേയവുമായി അവതരിപ്പിക്കുമ്പോള്‍ കുര്യന്‍ മ്യാലില്‍ എന്ന ഈ അമേരിക്കന്‍ മലയാളിയുടെ ഈ നോവലിന്‍റെ ഇതിവൃത്തവും കഥയും ഏതാണ്ട് തൊണ്ണൂറ് ശതമാനവും അമേരിക്കന്‍ ചുറ്റുപാടില്‍, ഒരു ഹൃസ്വ കാലയളവില്‍ നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അമേരിക്കയിലെ കുടിയേറ്റ മലയാളികളുടെ ഏതാനും അതിജീവന ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ തൂലികയിലൂടെ ഈ നോവലില്‍ ഇതള്‍ വിരിയുകയാണ്. കഥയിലും കഥാപാത്രങ്ങളിലും കുറച്ചൊക്കെ ഏഴാം കടലിനക്കരെയുള്ള കേരളത്തിന്‍റെയും ഇന്ത്യയുടേയും ചുരുക്കമായ ചിത്രീകരണങ്ങളും പരാമര്‍ശങ്ങളുമുണ്ട്. നോവലിസ്റ്റിന്‍റെ കഥാകഥന രീതി ലളിതവും അനര്‍ഗളവുമാണ്. വായനക്കാരോട് ഒരു മറയുമില്ലാതെ സ്വതന്ത്രമായി നേരിട്ടു തന്നെ സംവാദം നടത്തുന്ന ഒരു രചനാരീതിയും വൈഭവവുമാണ് നോവലിസ്റ്റ് ഇവിടെ പ്രകടിപ്പിക്കുന്നത്.

പത്താം ക്ലാസ്സില്‍ തോറ്റ ലില്ലി ചേടത്തിക്ക് കഥയുടെ ആരംഭത്തില്‍ വയസ്സ് നാല്‍പ്പത്തിയഞ്ച്. വിവാഹിത. ഭര്‍ത്താവ് തൊമ്മച്ചന്‍ ചേട്ടന്‍ ദരിദ്രവാസിയായ മുഴു കള്ളു കുടിയന്‍. എങ്കിലും ലില്ലി ചേടത്തിക്ക് പ്രാര്‍ത്ഥനയും പള്ളിഭക്തിയും ഒരല്‍പ്പം കൂടുതല്‍ തന്നെ. പലപ്പോഴും പള്ളി വികാരിക്ക് നല്ല രുചിയേറിയ ഭക്ഷണം പാകം ചെയ്ത് ലില്ലി ചേടത്തി നല്‍കിയിരുന്നു. എന്നു കരുതി പള്ളി വികാരിയച്ചനും ലില്ലി ചേടത്തിയും തമ്മില്‍ വഴിവിട്ട യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങിങ്ങായി ചില ഇടവക ജനങ്ങള്‍ അച്ചനേയും ലില്ലി ചേടത്തിയേയും ചേര്‍ത്ത് ചെറുതായി കുശുകുശുക്കാതെയുമിരുന്നില്ല.

സ്വന്തം കുടുംബത്തേയും സഹോദരങ്ങളേയും അവരുടെ കുട്ടികളേയും ദാരിദ്ര്യത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ അമേരിക്കയില്‍ നല്ല ശമ്പളമുള്ള ഒരു തൊഴില്‍ തേടി പോകാന്‍ പള്ളീലച്ചന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലില്ലി ചേടത്തിക്ക് സഹായകരമായിതീര്‍ന്നു. വളരെ കാലമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്ന കുഞ്ചാക്കോച്ചന്‍ – ലിസി ദമ്പതിമാര്‍ ലില്ലി ചേടത്തിക്ക് അമേരിക്കയില്‍ ഒരു ടൂറിസ്റ്റ് വിസ സംഘടിപ്പിച്ചു കൊടുത്തു. ഡോളര്‍ കാക്കുന്ന അമേരിക്കന്‍ മണ്ണിലെത്തി ജോലിയെടുത്ത് കാശുണ്ടാക്കി കേരളത്തിലേക്ക് മടങ്ങിയെത്തി സഹോദരങ്ങളെ സഹായിക്കാനായിരുന്നു ലില്ലി ചേടത്തിയുടെ പ്ലാന്‍. എന്നാല്‍ അമേരിക്കയിലെത്തിയ ലില്ലിചേടത്തിയുടെ പാസ്പോര്‍ട്ട് വാങ്ങിവെച്ച് പുറംലോകം തന്നെ അറിയാത്ത ഒരടിമയെപ്പോലെ ദിവസവും 16 മണിക്കൂര്‍ വരെ ലില്ലി ചേടത്തിയെക്കൊണ്ട് കുഞ്ചാക്കോച്ചന്‍-ലിസി ദമ്പതികള്‍ പണിയെടുപ്പിച്ച് ചൂഷണം ചെയ്തു. വീടു കഴുകുക, തുടയ്ക്കുക, വസ്ത്രങ്ങള്‍ അലക്കുക, വീട്ടിലെ വളര്‍ത്തു പട്ടിയെ തീറ്റിക്കുക, അതിന്‍റെ മലമൂത്ര വിസര്‍ജനം കോരുക, വൃത്തിയാക്കുക, അതിനെ കുളിപ്പിക്കുക തുടങ്ങിയവയായിരുന്നു. പിന്നെ പറഞ്ഞിരുന്ന ശമ്പളം പോയിട്ടു ഒരു പെനി പോലും കൊടുത്തുമിരുന്നില്ല

കുഞ്ചാക്കോച്ചന്‍റെ മാതാവും, പ്രമേഹ രോഗ ബാധിതയും കാലുകള്‍ മുറിച്ച് നീക്കപ്പെട്ട അവസ്ഥയിലുള്ള ത്രേസ്യാമ്മ അമ്മച്ചിയെ എല്ലാ തരത്തിലും പരിചരിക്കുക, മലമൂത്ര വിസര്‍ജ്ജനത്തിന് കൊണ്ടുപോകുക പലപ്പോഴും സുബോധം നഷ്ടപ്പെട്ട് ഭ്രാന്തമായി അവര്‍ പെരുമാറി. ലില്ലി ചേടത്തിയുടെ ദേഹത്തേക്ക് ശകാരം ചൊരിഞ്ഞ് പലപ്പോഴും ത്രേസ്യാമ്മ അമ്മച്ചി കിടക്കയിലും, നിലത്തും മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ലില്ലി ചേടത്തിയുടെ ദേഹത്തേക്ക് അവ വാരിയെറിയുകയും ചെയ്യുന്നത് പതിവായി. കുഞ്ചാക്കോച്ചന്‍-ലിസി ദമ്പതികളുടെ 12 വയസ്സുകാരനായ, ഓട്ടിസം ബാധിച്ച കുട്ടിയുടെ സംരക്ഷണവും പൂര്‍ണ്ണമായും ലില്ലി ചേടത്തിയുടെ ചുമലിലായി. അവന്‍റെ പിടിവാശിയും ചിത്താന്തങ്ങളും, ശാരീരികമായ ആക്രമണങ്ങളും പീഡനങ്ങളും അതിദുസ്സഹമായിരുന്നു. കുഞ്ചാക്കോച്ചന്‍റെയും, ലിസിയുടേയും ശാസനകളും, ഭള്ളു പറച്ചിലും തെറി വിളിയും കര്‍ണകഠോരമായിരുന്നു. ലിസിയുടെ കണ്ണു വെട്ടിച്ച് കുഞ്ചാക്കോച്ചന്‍ കാമക്കണ്ണുകളോടെ ലില്ലി ചേടത്തിയെ പീഡിപ്പിക്കാനും ശ്രമം നടത്താതിരുന്നില്ല. ലില്ലി ചേടത്തിയുടെ ഉറച്ച നിലപാടില്‍ ആ ശ്രമത്തില്‍ നിന്നുമാത്രം കുഞ്ചാക്കോച്ചനു പിന്തിരിയേണ്ടിവന്നു.

നാട്ടില്‍ മിഷന്‍ അച്ചന്‍ പട്ടത്തിന് പഠിക്കാന്‍ പോയി സഭയുടെ ചിലവില്‍ പഠിത്തം പൂര്‍ത്തിയാക്കി സെമിനാരി ചാടി വന്ന് ദരിദ്ര കുടുംബാംഗമായ ലിസി നേഴ്സിനേയും കെട്ടി അമേരിക്കയിലേക്ക് നഴ്സ് വിസയിലെത്തിയ വ്യക്തിയാണ് കുഞ്ചാക്കോച്ചന്‍. പണവും പത്രാസുമൊക്കെയായപ്പോള്‍ അവര്‍ വന്ന വഴി മറന്നു. അമേരിക്കയിലെ ചില ഈര്‍ക്കിലി കടലാസു സംഘടനകളുടെ സ്ഥിരം കടലാസു പ്രസിഡന്‍റായും സെക്രട്ടറിയായും കുഞ്ചാക്കോച്ചന്‍ തിളങ്ങി. ഇതിനിടയില്‍ നാട്ടിലും ചില വീടുകളും സ്ഥലങ്ങളും പുള്ളിക്കാരന്‍ വാങ്ങിക്കൂട്ടിയിരുന്നു. കുഞ്ചാക്കോച്ചന്‍-ലിസിമാരുടെ ചൂഷണ ബന്ധനങ്ങള്‍ ഏതാണ്ട് 4 കൊല്ലത്തോളം ലില്ലി ചേടത്തിക്ക് സഹിക്കേണ്ടി വന്നു. ഇതിനിടയില്‍ പല ദാരുണ സംഭവങ്ങളുമുണ്ടായി. ഒരു മലയാളി വക്കീലിന്‍റെ സഹായത്തില്‍ ലില്ലി ചേടത്തി അടിമത്വത്തില്‍ നിന്ന് മോചിതയായി. കുഞ്ചാക്കോച്ചനും ലിസിയും അറസ്റ്റിലായി, ലില്ലി ചേടത്തിക്ക് ഒരു നല്ല തുക നഷ്ടപരിഹാരമായി കൊടുക്കാന്‍ കോടതി വിധിയായി. സ്വതന്ത്രയായ ലില്ലി ചേടത്തി നാട്ടില്‍, കേരളത്തില്‍ തിരിച്ചെത്തുന്നു. സാമ്പത്തികമായി കുടുംബാംഗങ്ങളെ സഹായിക്കുന്നു. അതോടെ നോവലിനു വിരാമമാകുന്നു.

അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക അനുദിന ജീവിത പശ്ചാത്തലത്തിന്‍റെ ചില നേര്‍കാഴ്ചകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ വരച്ചു കാട്ടുന്നതില്‍ നോവലിസ്റ്റായ കുര്യന്‍ മ്യാലില്‍ വിജയിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ഒരു കാര്യം ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. അതായത് ഒരു വിസിറ്റിംഗ് വിസയില്‍ ജോലി തരാമെന്ന വാഗ്ദാനത്തില്‍ കൊണ്ടുവന്ന് ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിന്‍റെ ഒരു തരം ‘ആടുജീവിത’ കഥയാണ് ഈ നോവലിലെ കഥാതന്തു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കുടിയേറ്റ ആശ്രിത കുടുംബ വിസയില്‍ എത്തുന്നവര്‍ അവരെ അമേരിക്കയില്‍ കൊണ്ടുവന്ന് സംരക്ഷിച്ചവരെ നൂറു നൂറു കുറ്റങ്ങളും കുറവുകളും നിരത്തി നന്ദിഹീനമായി സഹായിച്ച കൈകളെ വെട്ടിനിരത്തുന്നതാണ് കണ്ടുവരുന്നത്. അതാണ് കൂടുതല്‍ യാഥാര്‍ത്ഥ്യവും. ഒത്തിരി ജീവിതാനുഭവങ്ങളും ഭാവനകളുമുള്ള കുര്യന്‍ മ്യാലില്‍ സാറിന്‍റെ ആടു ജീവിതം അമേരിക്കയില്‍ വായനക്കാരുടെ സഹൃദയ സമക്ഷം പരിചയപ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top