ഇന്തോനേഷ്യയേയും അഫ്ഗാനിസ്ഥാനെയും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എ ഇ

അബുദാബി: ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇ വിലക്കേര്‍പ്പെടുത്തി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും യുഎഇ നാഷണൽ എമർജൻസി റെസ്ക്യൂ ആന്റ് ഡിസാസ്റ്റർ എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ യുഎഇയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇന്ന് (ജൂലൈ 11) മുതലാണ് വിലക്ക് പ്രാബല്യത്തിലാകുന്നത്.

അതേസമയം, ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇളവുകളുണ്ട്. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസ ഉടമകള്‍, ഔദ്യോഗിക പ്രതിനിധി സംഘത്തില്‍പ്പെടുന്നവര്‍, മുന്‍കൂര്‍ അനുമതിയുള്ള ബിസിനസുകാര്‍, സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും. 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും രാജ്യത്ത് പ്രവേശിച്ച് നാലാമത്തെയും എട്ടാമത്തെയും ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തുകയും വേണം.

ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ആവശ്യപ്പെട്ടു. മന്ത്രിയും ദുബായ് എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനെടുത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി വേണമെന്നും ഇന്ത്യയിലെയും യു.എ.ഇയിലെയും വാക്‌സിനുകള്‍ക്ക് പരസ്പരം അനുമതി നല്‍കുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു. അതിനിടെ, ഇന്ത്യയില്‍ കുടുങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ യു.എ.ഇയില്‍ തിരിച്ചെത്തി തുടങ്ങി.

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം യുഎഇയിലേക്ക് മടങ്ങി. ആസ്റ്റർ ഹോസ്പിറ്റലുകളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നുമുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവരടങ്ങിയ സംഘമാണ് തിരിച്ചെത്തിയത്. മറ്റ് സ്വകാര്യ മെഡിക്കൽ സംരംഭങ്ങളും ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ജീവനക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment