പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു

മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) കാലം ചെയ്തു. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദരോഗ ബാധിതനായി പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാവ ഇന്ന് വെളുപ്പിന് 2.35 നാണ് വിടവാങ്ങിയത്. ശ്വാസതടസത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങൾ വെന്റിലേറ്ററിന്റെ സഹായത്തോടെ വിദഗ്ദ്ധ ചികിത്സ നൽകി വരികയായിരുന്നു. മലങ്കര ഓർത്തോഡോക്സ് സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനകളും തൈലാഭിഷേക ശിശ്രൂഷയും നടത്തിയിരുന്നു. വിശ്വാസികൾക്ക് പൊതുദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി പരുമല പള്ളിയിലേക്ക് കൊണ്ടുവരും.

കഴിഞ്ഞ ദിവസം പരുമല സെമിനാരിയിൽ കൂടിയ അടിയന്തിര സുന്നഹദോസും, വർക്കിങ്‌ കമ്മറ്റിയും പരിശുദ്ധ കാതോലിക്കാ ബാവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിന് വക്കും. പരുമല പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവല്ലാ, കോട്ടയം വഴി കാതോലിക്കേറ്റ് ആസ്ഥാനമായ ദേവലോകം അരമനയിൽ ഭൗതിക ശരീരം എത്തിച്ച് സമാപന ശുശ്രൂഷകൾ പൂർത്തീകരിക്കും.

കബറടക്ക ശുശ്രൂഷകൾക്ക് സീനിയർ മെത്രാപ്പോലിത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമ്മീസ് നേത്രത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പോലിത്തന്മാർ സഹകാർമ്മികരായിരിക്കും.

മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസും, വർക്കിങ്‌ കമ്മിറ്റിയും, മാനേജിഗ് കമ്മറ്റിയും, മലങ്കര അസോസിയേഷനും വിളിക്കുവാനും സീനിയർ മെത്രാപ്പോലിത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്തയെ പരിശുദ്ധ കാതോലിക്കാ ബാവ കൽപ്പന മൂലം നിയമിച്ചിരുന്നു.

മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമാണ് പരിശുദ്ധ. ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ. കൂനൻ കുരിശ് സത്യത്തിന് ശേഷം മലങ്കര സഭയുടെ 21-മത്തെ മലങ്കര മെത്രാപ്പോലീത്തയും എട്ടാം കാതോലിക്കായുംമാണ് പൗലോസ് ദ്വിതീയൻ. പൗരസ്ത്യ കാതോലിക്കാ എന്ന നിലയിൽ ഇദ്ദേഹം ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളാണു്.

1912ൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയിലുണ്ടായ ഭിന്നതയ്ക്ക് ശേഷം അന്നത്തെ മലങ്കരമെത്രാപ്പോലീത്തയായിരുന്ന വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ആതിഥേയത്വത്തിൽ കേരളത്തിൽ എത്തിയ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ രണ്ടാമൻ പാത്രിയർക്കീസ് പൗലോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയെ കിഴക്കിന്റെ കാതോലിക്കായായി വാഴിച്ചു. നിരണം പള്ളിയിൽവച്ചായിരുന്നു ഈ വാഴ്ച നടന്നത്. അതുവരെ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ ആദ്ധ്യാത്മിക അദ്ധ്യക്ഷത്വം അംഗീകരിച്ചിരുന്ന മലങ്കര സഭ അതോടെ പൗരസ്ത്യ കാതോലിക്കാ ആദ്ധ്യാത്മിക അദ്ധ്യക്ഷനായ സ്വതന്ത്രവും ദേശീയവുമായ സഭയായി മാറി.

പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വിടവാങ്ങല്‍ ഒരു നിഷ്‌കളങ്ക ജീവിതത്തിന്റെ പരിസമാപ്തികൂടിയാണ് എന്ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News