Flash News

അജപാലനധന്യതയുടെ ദീപ്തസ്മരണകള്‍: ഡോ. ജോര്‍ജ് എം. കാക്കനാട്

July 13, 2021

ഒട്ടനവധി ദീപ്തസമരണകള്‍ നിലനിര്‍ത്തി കൊണ്ടാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വിടവാങ്ങിയത്. അദ്ദേഹത്തിന്റെ കര്‍മ്മധീരതയും ആത്മീയ പരിശുദ്ധിയും ഏറെക്കാലം ഇവിടെ വാഴ്ത്തിപ്പാടുമെന്നുറപ്പ്. സ്വന്തം ജനതയ്ക്ക് വേണ്ടി അടിയുറച്ച നിലപാടുകളുമായി കര്‍ത്തവ്യബോധത്തോടെ ഉറച്ചു നിന്ന മറ്റൊരു മത അധ്യക്ഷനെയും ഈ അടുത്തകാലത്ത് വേറെയെവിടെയും കാണാനാവില്ലെന്നതാണ് സത്യം. ലാളിത്യവും കരുണയും ആവോളമുണ്ടെങ്കിലും നിലപാടുകളിലെ വ്യക്തതയായിരുന്നു ഞാന്‍ അദ്ദേഹത്തില്‍ കണ്ട ഏറ്റവും മികച്ച വ്യക്തിത്വം. ആത്മീയതയുടെയും വിശുദ്ധിയുടെയും മുഖ്യധാരയില്‍ നിന്നു കൊണ്ട് അജപാലനം നടത്തുമ്പോഴും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം മുന്‍ഗണന നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വവും കര്‍മ്മശേഷിയും എക്കാലത്തും വരും തലമുറയ്ക്ക് ആദര്‍ശത്തിന്റെ ഉത്തമയോഗിയായ ഒരു ബാവതിരുമേനി എന്ന അക്ഷയമേലങ്കി ചാര്‍ത്തി നല്‍കും.

ബാവ തിരുമേനിയുടെ അമേരിക്കന്‍ പര്യടനത്തിനിടയില്‍, അദ്ദേഹം ഹ്യൂസ്റ്റണല്‍ വന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ‘ആഴ്ചവട്ട’ത്തിനു വേണ്ടി അഭിമുഖം ചെയ്യുന്നത്. വളരെ സ്‌നേഹാദരണീയനായിരുന്നു അദ്ദേഹം, ഒപ്പം കര്‍ശനമായ ആദര്‍ശവും വ്യക്തമായ നിലപാടുകളും ഓരോ കാര്യത്തിലും അദ്ദേഹത്തില്‍ നിഷ്‌കര്‍ഷിക്കാമായിരുന്നു. മനോഹരമായ അവതരണശൈലയില്‍ സഭയുടെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനെക്കുറിച്ച് സഭയുടെ വളര്‍ച്ചയെക്കുറിച്ച്, പ്രത്യേകിച്ച് അമേരിക്കന്‍ മണ്ണിലെ വലിയ തോതിലുള്ള മുന്നേറ്റത്തെക്കുറിച്ച് തിരുമേനി പ്രത്യാശയോടെ സംസാരിച്ചു. ക്രൈസ്തവ സഭകളുടെ അനൈക്യമായിരുന്നു മുഖ്യവിഷയമെങ്കിലും തിരുമേനി അത്തരം വിവാദങ്ങള്‍ക്കല്ല, മറിച്ച് കാര്യങ്ങള്‍ വിജയോന്മുഖമായി പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചാണ് വാചാലനായത്. ആഗോളവ്യാപകമായി ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും അമേരിക്കന്‍ മണ്ണിലൊരു മലയാളി സഭ വലിയ പ്രതാപത്തോടെ വെന്നിക്കൊടി പാറിക്കുന്നതില്‍ അദ്ദേഹമേറെ സന്തോഷവാനായിരുന്നു. അതിനൊപ്പം, അത് കാലത്തിന്റെ ആത്മീയ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയെ സഭയോട് ചേര്‍ത്തു നിര്‍ത്തുന്നതിനു മുഖ്യപരിഗണന കൊടുക്കേണ്ടതിനെക്കുറിച്ചും കാലഘട്ടത്തിനു യോജിച്ച മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സഭ നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ചും തിരുമേനി സരസമായ മറുപടികള്‍ പറഞ്ഞു കൊണ്ട് ആ അഭിമുഖം ധന്യമാക്കി. ബാവാ തിരുമേനിയെ അടുത്തറിയാന്‍ ഒരു അവസരമായിരുന്നു അത്, അദ്ദേഹത്തിന്റെ കൃപാകടാക്ഷങ്ങള്‍ ആവോളം അനുഭവിക്കാന്‍ കൂടി ലഭിച്ചൊരു സുവര്‍ണ്ണാവസരമായിരുന്നു അത്.

ക്രൈസ്തവസഭയുടെ ചട്ടക്കൂടുകള്‍ മാനവസ്‌നേഹത്തിന്റെ ദീപജ്വാലയാണെന്നും അതു മറ്റു മതങ്ങള്‍ക്കു മാതൃകയാവുന്നതിലാണ് നമ്മള്‍ ഊറ്റം കൊള്ളേണ്ടതെന്നും അദ്ദേഹം അന്നു പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്ന് ഇന്നു കാലം തെളിയിക്കുന്നു. സഭാമക്കളോടുള്ള സ്‌നേഹത്തിനു പുറമേ, അദ്ദേഹം എല്ലാവരോടും ഐക്യം പുലര്‍ത്തിയിരുന്നു. അവരോടുള്ള അദ്ദേഹത്തിന്റെ അടുപ്പം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കരുണയുടെയും കൃപയുടെയുമൊക്കെ വലിയ അടയാളവാക്യങ്ങളായി കാണാം. ലളിതവും സരസവുമായുള്ള അദ്ദേഹത്തിന്റെ മറുപടിഭാഷണങ്ങളില്‍ ഒരു മതനേതാവ് എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പ്രതിഫലിപ്പിച്ചു.

ആത്മീയചിന്തയുടെ പ്രസരണങ്ങള്‍ ആവോളം വ്യക്തമാക്കി കൊണ്ടായിരുന്നു അന്ന് ആ അഭിമുഖം അവസാനിച്ചത്. അദ്ദേഹത്തെക്കുറിച്ചുള്ള ദീപ്തസമരണ എക്കാലവും ഉള്ളില്‍ ഉരുക്കഴിക്കുക തന്നെ ചെയ്യും. കാലവും പ്രഭാതവുമുള്ളിടത്തോളം അദ്ദേഹം കേരളത്തിലെ ക്രൈസ്തവ സഭകളിലെ തന്നെ പ്രോജ്വലിക്കുന്ന ബാവാ തിരുമേനിയായി വാഴ്ത്തപ്പെടും. തലമുറകളെ കൂടെ ചേര്‍ത്തു പിടിച്ചു കൊണ്ട്, സ്‌ത്രൈണമുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കല്‍പ്പനകളെ പരിപാലിച്ചു കൊണ്ട് ബാവ തിരുമേനി നടത്തിയ പോരാട്ടവീര്യങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എന്നും മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യും. അദ്ദേഹം മറഞ്ഞുവെന്നത് നേര്, പക്ഷേ തിരുമേനി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശധീരതയും നിലപാടുകളും ഒരു ക്രൈസ്തവശിഷ്യനും അത്രമേല്‍ തുടച്ചുനീക്കാനാവില്ല. അത് കാലത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ തിരുപ്പട്ടങ്ങളായിരുന്നു, അതില്‍ കരുണയുടെയും കര്‍ത്തവ്യത്തിന്റെ കര്‍മ്മധീരത ഒരുപോലെ നിഴലിച്ചിരുന്നു. ശാന്തിയുടെയും ആത്മീയതയുടെയും പരിവേഷങ്ങളിലൂടെ അത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുക തന്നെ ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top