വർണ്ണ വിപ്ലവത്തിന്റെ ഭാഗമായി ക്യൂബയിൽ അശാന്തി സൃഷ്ടിക്കാനുള്ള യുഎസ് ശ്രമത്തെ റഷ്യ അപലപിച്ചു

പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലിന്റെ രാജി ആവശ്യപ്പെട്ട് സർക്കാർ വിരുദ്ധ പ്രക്ഷോഭകർ നടത്തുന്ന പ്രകടനത്തിന്റെ മറവില്‍ കരീബിയൻ രാജ്യത്ത് ‘വർണ്ണ വിപ്ലവ’ത്തിന്റെ വിത്ത് പാകി സാമൂഹിക അസ്വസ്ഥതയുണ്ടാക്കാനുള്ള അമേരിക്കയുടെ ശ്രമത്തിനെതിരെ റഷ്യ ആഞ്ഞടിച്ചു.

ക്യൂബയിൽ വർണ്ണ വിപ്ലവം സൃഷ്ടിക്കാൻ യുഎസ് ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖാരോവ വ്യാഴാഴ്ച പറഞ്ഞു.

“യുക്തി ഇവിടെ വളരെ ലളിതമാണ്. വിവിധ സാഹചര്യങ്ങളിൽ വാഷിംഗ്ടൺ ഇത് നിരവധി തവണ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ എല്ലാം ഒരേ പ്രവർത്തന രീതിയാണ് – അഭികാമ്യമല്ലാത്ത ഭരണകൂടങ്ങൾക്കെതിരെ വർണ്ണ വിപ്ലവങ്ങൾക്ക് പ്രേരണ നൽകുന്നു,” അവർ പറഞ്ഞു.

“ആദ്യം അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തി. കൂടാതെ കൃത്രിമ പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ പുറത്തു നിന്ന് സമ്മര്‍ദ്ദം അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നു. ഇത് സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെ സങ്കീർണ്ണമാക്കുന്നു. ഈ അടിസ്ഥാനത്തിൽ, പിരിമുറുക്കങ്ങൾ പ്രകോപിപ്പിക്കപ്പെടുന്നു, സർക്കാർ വിരുദ്ധ വികാരം ഇളക്കിവിടുന്നു. ഒരു നിർണായക സമയമെത്തുമ്പോള്‍ മുഴുവൻ കുറ്റവും ദേശീയ സർക്കാരിന്റെ മേല്‍ ചുമത്തുന്നു. സര്‍ക്കാരിന്റെ പ്രവർ‌ത്തനം അപമാനിക്കപ്പെടുന്നു. എല്ലാ കുറ്റങ്ങളും സര്‍ക്കാരിനു മേല്‍ ചാര്‍ത്തുന്നു,” സഖാരോവ കൂട്ടിച്ചേർ‌ത്തു.

ക്യൂബയിലും ഇതേ പദ്ധതി ഉപയോഗിക്കാൻ വാഷിംഗ്ടൺ ശ്രമിക്കുന്നതായി റഷ്യൻ നയതന്ത്രജ്ഞ പറഞ്ഞു.

ദ്വീപ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാനും പൗരന്മാർക്ക് സഹായം നൽകാനുമുള്ള ക്യൂബൻ നേതാക്കൾ എല്ലാ നടപടികളും സ്വീകരിച്ചിട്ടും നിലവിലെ പ്രതിസന്ധിക്ക് യുഎസ് ഹവാനയെ കുറ്റപ്പെടുത്തുകയാണെന്ന് സഖാരോവ ഊന്നിപ്പറഞ്ഞു.

അമേരിക്കൻ സഹായം സ്വീകരിക്കാൻ ഹവാന വിസമ്മതിക്കുകയാണെന്നും വാക്സിനുകൾ വിതരണം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങളിൽ പങ്കെടുക്കാൻ തയ്യാറല്ലെന്നും പൊതുവേ ജനകീയ വിരുദ്ധ നയം നടപ്പാക്കുന്നുണ്ടെന്നും അവർ ആരോപിക്കുന്നു.

ക്യൂബയിലെ സ്ഥിതിയെക്കുറിച്ച് വൈറ്റ് ഹൗസില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനകളാണ് മോസ്കോയെ അമ്പരപ്പിക്കുന്നതെന്ന് സഖാരോവ പറഞ്ഞു.

ക്യൂബയിലെ സംഭവവികാസങ്ങളെ യുഎസ് എല്ലാ തലത്തിലും ചിത്രീകരിക്കുന്നു. ജൂലൈ 13 ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ബ്രീഫിംഗിൽ ഔദ്യോഗിക പ്രഖ്യാപനം ഉൾപ്പെടെ, സർക്കാരിന്റെ പിഴവുകളുടെ ഫലമായിട്ടാണ് യുഎസ് ചിത്രീകരിക്കുന്നത്.

ക്യൂബയിലെ ഭരണഘടനാ ക്രമവും സാമൂഹിക സമവായവും തകർക്കുന്നതിനുള്ള അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിക്കാൻ
യു എസ് ശ്രമിക്കുന്നതായി ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ആരോപിച്ചു. ശക്തവും നൂതനവുമായ ഉപകരണങ്ങൾ ഉപയോഗിച്ച്, പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ രൂപത്തില്‍, ക്യൂബന്‍ ജനതയുടെ സഹകരണവും യോജിപ്പും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് മണ്ണിൽ നിന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന സർക്കാർ വിരുദ്ധ പ്രചാരണം വാസ്തവത്തിൽ കലാപങ്ങൾക്ക് കാരണമാവുകയും അസ്ഥിര പ്രവർത്തനങ്ങൾക്ക് ലക്ഷ്യമിടുകയും ചെയ്യുന്നു. അത്തരം നിരുത്തരവാദപരമായ പെരുമാറ്റം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും, യുഎസിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് പോലും ദോഷം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment