പാക്കിസ്താനിലെ ഭീകരാക്രമണത്തില്‍ ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവം; ചൈന പാക്കിസ്താനെതിരെ തിരിയുന്നു

പാക്കിസ്താനില്‍ നടന്ന ഭീകരാക്രമണത്തിൽ ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടതിനെത്തുടർന്ന് ചൈന പാക്കിസ്താനെതിരെ തിരിഞ്ഞു. ഗ്യാസ് ചോർച്ചയുടെ ഫലമായാണ് ബസ് സ്ഫോടനമെന്ന് വിശേഷിപ്പിച്ച പാക്കിസ്താനോട് ചൈന തുറന്നടിച്ചു, “തീവ്രവാദികളെ നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്നില്ലെങ്കിൽ ചൈനീസ് സൈനികരെ അവരുടെ മിസൈലുകളുമായി ദൗത്യത്തിലേക്ക് അയക്കും,” എന്നാന് പാക്കിസ്താന് ചൈനയുടെ മുന്നറിയിപ്പ്. പാക്കിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങളെ പരോക്ഷമായി പിന്തുണച്ചിരുന്ന ചൈനയ്ക്ക് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടിവരുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളെ ചൈനയായിരുന്നു പലതവണ എതിര്‍ത്തതെന്നത് ഇവിടെ ശ്രദ്ധേയമാണ്.

“ഈ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരവാദികളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, തീർച്ചയായും അവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കണം. പാക്കിസ്താന്റെ ശേഷി അതിന് പര്യാപ്തമല്ലെങ്കിൽ, അവരുടെ അംഗീകാരത്തോടെ ചൈനയ്ക്ക് മിസൈലുകളും പ്രത്യേക സേനയും ഉപയോഗിക്കാൻ കഴിയും,” ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ട്വീറ്റിൽ എഴുതി.

സ്ഫോടനത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാരുടെ ജീവൻ അപഹരിച്ചു. എന്നാല്‍, വാതക ചോർച്ചയുടെ ഫലമായാണ് സ്ഫോടനം നടന്നതെന്നാണ് ഇസ്ലാമാബാദ് അതിനെ വിശേഷിപ്പിച്ചത്. പാക്കിസ്താന്റെ അന്വേഷണത്തിൽ അവിശ്വാസം പ്രകടിപ്പിച്ച ചൈന തങ്ങളുടെ അന്വേഷണ സംഘത്തെയും അയക്കുമെന്ന് അറിയിച്ചിരുന്നു.

അതേസമയം, ഒൻപത് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട ബസ് സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിൽ ഒരു കല്ലും മാറ്റില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈനീസ് പ്രീമിയര്‍ ലീ കെകിയാങ്ങിന് ഉറപ്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധം തകർക്കാൻ ശത്രു സൈന്യത്തെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ അപ്പർ കൊഹിസ്ഥാനിലെ ദാസു പ്രദേശത്ത് ബുധനാഴ്ച നടന്ന സ്ഫോടനത്തില്‍ ചൈനീസ് പൗരന്മാര്‍ മരിക്കാനിടയായ സംഭവത്തില്‍ ഖാൻ ചൈനീസ് പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.

നിർമ്മാണത്തിലിരിക്കുന്ന ദാസു ഡാം സൈറ്റിലേക്ക് പോയിരുന്ന, ചൈനീസ് എഞ്ചിനീയർമാരെയും തൊഴിലാളികളെയും കയറ്റിയ ബസ് പൊട്ടിത്തെറിച്ച് ഒമ്പത് ചൈനീസ് സിവിലിയന്മാരും രണ്ട് ഫ്രോണ്ടിയർ കോർപ്സ് സൈനികരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാലത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്ന ശക്തമായ സൗഹൃദമാണ് പാക്കിസ്താനും ചൈനയും പങ്കിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഖാൻ പറഞ്ഞു. പാക്കിസ്താനും ചൈനയും തമ്മിലുള്ള സൗഹൃദബന്ധം തകർക്കാൻ ഒരു ശത്രു സൈന്യത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്നും, ചൈനീസ് പൗരന്മാർ, തൊഴിലാളികൾ, പദ്ധതികൾ, പാക്കിസ്താനിലെ സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷയാണ് തന്റെ സർക്കാരിന്റെ മുൻഗണനയെന്നും ഖാൻ ലീയ്ക്ക് ഉറപ്പ് നൽകി. ദുരിതമനുഭവിക്കുന്ന കുടുംബത്തിന്റെ വേദനയെക്കുറിച്ച് പാക്കിസ്താനിലെ ജനങ്ങൾക്ക് അറിയാമെന്നും പരിക്കേറ്റ ചൈനീസ് പൗരന്മാർക്ക് പാക്കിസ്താന്‍ മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment