യുഗപുരുഷനു പ്രണാമം, ദീപ്തസ്മരണയില്‍ പരിശുദ്ധ കാതോലിക്ക ബാവ (അനുസ്മരണം)

2021 ജൂലൈ 11-ന് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അന്ത്യാഞ്ജലി അര്‍പ്പിച്ചു നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. പരി. ബാവയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കു കൊള്ളാന്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ദേവലോകം അരമനയിലായിരുന്നു. ഭദ്രാസനത്തിന്റെ വികസനോന്മുഖമായ പദ്ധതികളെ എക്കാലത്തും പിന്തുണച്ച ബാവയോടുള്ള ആദരവ് ഭദ്രാസന സെക്രട്ടറി റവ.ഫാ.ഡോ. വറുഗീസ് എം. ഡാനിയേല്‍ വ്യക്തമാക്കി. ഫാ. ബാബു കെ. മാത്യു, ഫാ. മാത്യു തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, സന്തോഷ് മത്തായി, സാജന്‍ മാത്യു, സജി എം. പോത്തന്‍ എന്നിവര്‍ അനുശോചനയോഗത്തില്‍ പങ്കെടുത്തു.

ഓര്‍മ്മകളില്‍ പരിശുദ്ധ കാതോലിക്ക ബാവ യുഗപുരുഷന്‍ തന്നെയായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങള്‍ അത് കൂടുതല്‍ ചേതസ്സുറ്റതാക്കി. സഭയോടും സഭാമക്കളോടും അദ്ദേഹം പുലര്‍ത്തിയ നാഭീനാള ബന്ധം എക്കാലത്തും ഓര്‍മ്മിക്കപ്പെടും. 2017 ജൂലൈയിലായിരുന്നു അത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആദ്യമായി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തി. നിരവധി തിരക്കിട്ട പരിപാടികള്‍ക്കിടയിലും അദ്ദേഹം ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന കോണ്‍ഫറന്‍സില്‍ ആദ്യാവസാനം പങ്കെടുത്തു. ഭദ്രാസനത്തിനു കിട്ടിയ അപൂര്‍വ്വവും അസുലഭവുമായ സന്ദര്‍ഭമായാണ് ഭദ്രാസന അധ്യക്ഷന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഇതിനെ അന്ന് വിശേഷിപ്പിച്ചത്.

പരിശുദ്ധ കാതോലിക്ക ബാവ ഇതിനു മുന്‍പ് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അന്ന് പരി. ബാവ കാതോലിക്ക ബാവയായി അഭിഷിക്തനായിരുന്നില്ല. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ആദ്യത്തെ പരി. ബാവ, മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമനായിരുന്നു. (പ്രായാധിക്യം മൂലം പദവി ഒഴിഞ്ഞ വലിയ ബാവ 2014 മെയ് 26 ന് കാലം ചെയ്തു.) പരി. ബാവയുടെ വരവിനെ ഭദ്രാസനത്തിന്റെ വിശ്വാസജനത ആദരപൂര്‍വ്വമാണ് വരവേറ്റത്. ആഗോള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനികളുടെ എക്കാലത്തെയും അഭിമാനസ്തംഭമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ജൂലൈ 15ന് അദ്ദേഹം ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ സഭ വലിയ വിധത്തില്‍ മുന്നേറുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ അഭിമാന സ്തംഭമെന്നാണ് അന്ന് ബാവ തിരുമേനി വിശേഷിപ്പിച്ചത്. സ്‌ക്രാന്റണ്‍ റോമന്‍ കത്തോലിക്ക രൂപതയുടെ കീഴിലായിരുന്ന സെന്റ് പയസ് പത്താമന്‍ ഫാത്തിമ റിന്യൂവല്‍ സെന്ററാണ് 2.95 മില്യണ്‍ ഡോളറിന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം വാങ്ങിയത്. അതൊരു വലിയ നേട്ടമായി ബാവ തിരുമേനി എന്നും പറയുമായിരുന്നു. അമേരിക്കയില്‍ 340 ഏക്കറില്‍ പരന്നു കിടക്കുന്ന പ്രകൃതിരമണീയവും ആധുനിക സൗകര്യങ്ങളോടും കൂടിയ അതിവിശാലമായ റിട്രീറ്റ് സെന്റര്‍ പെന്‍സില്‍വേനിയ സംസ്ഥാനത്തെ പോക്കണോസ് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ബാവയെ ഭക്ത്യാദരപൂര്‍വ്വം മുത്തുക്കുടകളും നടപ്പന്തലുമൊക്കെയായി ചുവന്ന പരവതാനിയിലൂടെയാണ് ആനയിച്ചത്. പ്രധാനവാതിലില്‍ സ്ഥാപിച്ചിരുന്ന ചുവന്ന നാട പരി. കാതോലിക്ക ബാവ മുറിച്ചു അകത്തു കയറി. തുടര്‍ന്നായിരുന്നു കൂദാശ നടന്നത്. പരി. കാതോലിക്ക ബാവ റിട്രീറ്റ് സെന്റര്‍ കൂദാശ കര്‍മ്മത്തിന് കാര്‍മികത്വം വഹിച്ചു. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയാണ് അന്ന് സ്വാഗത പ്രസംഗം നടത്തിയത്. പരി. കാതോലിക്ക ബാവ ഉദ്ഘാടന പ്രസംഗവും നടത്തി. ഈ റിട്രീറ്റ് സെന്റര്‍ മലങ്കര സഭയുടെ അഭിമാനമാണെന്നു പരി. ബാവ തുടക്കത്തില്‍ തന്നെ പറഞ്ഞു. ഈ മഹദ് പ്രവര്‍ത്തനത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം പരി. ബാവ അനുമോദിച്ചു. ഈ ഭദ്രാസനത്തിന്റെ ഉത്തരോത്തരമായ വളര്‍ച്ചയില്‍ ഭദ്രാസന ജനങ്ങളോടൊപ്പം താനും ആഹ്ലാദിക്കുന്നതായും ദൈവകൃപ എല്ലാവര്‍ക്കും മേല്‍ ചൊരിയട്ടെയെന്നും പരി. ബാവ പറഞ്ഞതിന്റെ ഓര്‍മ്മയിലാണ് ഇന്നു സഭാ മക്കള്‍ എല്ലാവരും.

അഭി. നിക്കോളോവോസ് തിരുമേനിയുടെ സ്ഥാനാരോഹണ ചടങ്ങിനാണ് പരി. ബാവ ആദ്യം എഴുന്നെള്ളിയത്. പെന്‍സില്‍വേനിയ ബെന്‍സേലത്തുള്ള സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ അന്ന് ഭദ്രാസനത്തിലുടനീളമുള്ളവര്‍ പങ്കെടുത്തു. 2011 മെയ് 21-നായിരുന്നു ഇത്. ഈ ചടങ്ങില്‍ ഒട്ടനവധി വൈദികരും ഇടവകയിലുള്ളവരും സന്നിഹിതരായിരുന്നു.

2012-ല്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലും പരി.ബാവ എഴുന്നെള്ളിയിരുന്നു. പിന്നീട് നടന്ന കാതോലിക്കാദിന ആഘോഷവേളകളിലും ബാവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ വേളകളിലൊക്കെയും സഭാമക്കള്‍ ഊഷ്മളമായ സ്വീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആകമാന സഭയിലെ ഏറ്റവും ഉന്നതരായ വ്യക്തികളെയും കൊണ്ടാണ് പരി.ബാവ വന്നിരുന്നത്.

കുടുംബക്കൂട്ടായ്മകളുടെ ആത്മീയാനുഭവങ്ങള്‍ക്കായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനും സഭയുടെ പരമാധ്യക്ഷന്റെ സാന്നിധ്യമുണ്ടായി. കോണ്‍ഫറന്‍സ് നടന്ന ദിവസങ്ങളിലൊക്കെയും പരിശുദ്ധ ബാവയുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. ഇതു ഭദ്രാസനത്തിനു കിട്ടിയ അപൂര്‍വ്വവും അസുലഭവുമായ സന്ദര്‍ഭമാണെന്നായിരുന്നു ഭദ്രാസന അധ്യക്ഷന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചത്. അന്ന് അദ്ദേഹം പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു, ‘നാം എവിടെ ആയാലും ആരാധനയില്‍ പങ്കെടുക്കുന്നതിന് പരിഗണന നല്‍കുന്നു. ഏതു ഭൂഖണ്ഡത്തില്‍ പോയാലും നാം ആരാധനയ്ക്കുള്ള സൗകര്യങ്ങള്‍ അന്വേഷിക്കും. ദൈവാരാധനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സഭയാണ് നമ്മുടേത്. മലങ്കര സഭ ആഗോളവ്യാപ്തിയുള്ളതാണ്. ഇത് ജീവിതത്തിന്റെ ശൈലി തന്നെയാണ്. മലങ്കരസഭയുടെ യശസ്സ് ജൂലൈ മൂന്നു മുതല്‍ വലുതായിരിക്കുന്നു. എല്ലാ വ്യവഹാരങ്ങള്‍ക്കും അറുതി വന്നത് ജൂലൈ മൂന്നിനാണ്. ഈ സഭയില്‍ സമാധാനം ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിച്ചതിന്റെ പരിണിതഫലമാണ് കോടതി വിധി. പ്രകോപനപരമായി നമ്മള്‍ ഒന്നും ചെയ്യാന്‍ പാടില്ല.ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റുകയുള്ളു. സഭയില്ലെങ്കില്‍ കാതോലിക്കാ ദിനവുമില്ല, ഒന്നുമില്ല. സഭയുടെ നിലനില്‍പ്പിനായി പ്രാര്‍ത്ഥിക്കുക. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ട് ഒരു സഭയ്ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയില്ല. ഇതു പോലൊരു നേട്ടം അഭിമാനകരമാണ്. നമ്മുടെ സഭയില്‍ മറ്റൊരിടത്തും ഇതു പോലെയൊന്നില്ല. (ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനെ പരാമര്‍ശിച്ച്). യുവതലമുറ ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോവുക. നമ്മുടെ പുതു തലമുറയ്ക്ക് നമ്മള്‍ പാത തെളിച്ചു കൊടുക്കണം. ഈ ഭദ്രാസനത്തിന് എല്ലാ ആശംസകളും നേരുന്നു.’

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment