മലബാർ വിദ്യാഭ്യാസ പാക്കേജ് ഉടൻ നടപ്പിലാക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഫ്രറ്റേണിറ്റി നേതാക്കൾ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് അവകാശ പ്രക്ഷോഭ യാത്രക്കിടയിൽ നിവേദനം നൽകുന്നു

പാലക്കാട്‌: ജില്ലയിൽ നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ വിവേചനവും പ്ലസ് വൺ, ഡിഗ്രി സീറ്റ്‌ അപര്യാപ്തതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘപ്പിക്കുന്ന ‘അവകാശ പ്രഖ്യാപന യാത്ര’ കിഴക്കൻ മേഖലയിലെ ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ആദ്യ രണ്ട് ദിനങ്ങളിൽ പര്യടനം നടത്തി.

മുതലമട നരിപ്പാറ ചള്ളയിലെ ആദിവാസി കുടിലുകൾ, നെല്ലിയാമ്പതിയിലെ കൽച്ചാടി, ചെറുനെല്ലി, പൂഞ്ചേരി, പുല്ലുകാട് കോളനികൾ എന്നിവിടങ്ങളിലാണ് യാത്രയുടെ ഭാഗമായി ഫ്രറ്റേണിറ്റി നേതാക്കൾ ആദ്യ രണ്ട് ദിനങ്ങളിലായി സന്ദർശനം നടത്തിയത്. വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങിയ നരിപ്പാറ ചള്ളയിലെ ഇരവാള വിഭാഗത്തിലെ 2 കുടിലുകളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുകയും വയറിങ് നടത്തുകയും ചെയ്തു. ജില്ലയിലെ കിഴക്കൻ മേഖലയിൽ ഇലക്ട്രിസിറ്റി, ഇന്റർനെറ്റ്‌ എന്നിവയുടെ ലഭ്യതയില്ലായ്മ മൂലം നിരവധി പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങുന്നുണ്ടെന്നും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ ഇത് പെടുത്തിയിട്ടും നിസംഗത തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഫ്രറ്റേണിറ്റി നരിപ്പാറ ചള്ളയിലെ കുടിലുകളിൽ വയറിങ് നടത്തിയതെന്നും പിന്നോക്ക പ്രദേശങ്ങളോട് അധികൃതർ പുലർത്തുന്ന വിവേചനനങ്ങൾക്കെതിരെ രോഷം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.നെല്ലിയാമ്പതി ഊരുകളിലെ എസ്.എസ്.എൽ.സി പാസായ വിദ്യാർത്ഥികളെ ആദരിച്ചു.ചെറുനെല്ലി ഊരിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

ജില്ലയിലെ ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,സീറ്റ് അപര്യാപ്തത എന്നിവയിൽ ഇടപെടണമെന്നും ശാശ്വതമായുള്ള പ്രശ്നപരിഹാരത്തിനായി ‘മലബാർ വിദ്യാഭ്യാസ പാക്കേജ്’ നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് നിവേദനം നൽകി.ആദിവാസി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് നീലിപ്പാറ മാരിയപ്പൻ, തമിഴ് നിള സംഘം നേതാവ് വി.പി നിജമുദ്ധീൻ എന്നിവരെ നേതാക്കൾ സന്ദർശിച്ചു.തമിഴ് മീഡിയം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാത്ത സർക്കാർ നടപടിയിൽ അവകാശ പ്രക്ഷോഭ യാത്ര പ്രതിഷേധിച്ചു.

അവകാശ പ്രക്ഷോഭ യാത്ര അവസാന ദിനമായ ഞായറാഴ്ച അട്ടപ്പാടി ഊരുകളിൽ സന്ദർശനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ആദ്യ രണ്ട് ദിവസത്തെ പര്യടനത്തിന് സംസ്ഥാന സെക്രട്ടറി സനൽകുമാർ,ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം,ജനറൽ സെക്രട്ടറി കെ.എം സാബിർ ആഹ്സൻ,സെക്രട്ടറിമാരായ ഷഫീഖ് അജ്മൽ,റഫീഖ് പുതുപ്പള്ളിത്തെരുവ്, ജില്ല സെക്രട്ടറിയേറ്റംഗം സാബിത് മേപ്പറമ്പ്,ജില്ല കമ്മിറ്റി അംഗങ്ങളായ ത്വാഹ മുഹമ്മദ്,ഹാരിസ് നെന്മാറ,നബീൽ ഇസ്‌ഹാക്ക് എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment