കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: ഭര്‍ത്താവിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അര്‍ജുന്റെ ഭാര്യ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസിന്റെ പിടിയിലായ അർജുൻ ആയങ്കിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് സുഹൃത്തുക്കളും അടുത്ത ബന്ധുവും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് അര്‍ജുന്റെ ഭാര്യ അമല കസ്റ്റംസിന് മൊഴി നല്‍കി. അർജുന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. കസ്റ്റംസ് റിപ്പോർട്ടിൽ അർജുന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് ഭാര്യ സ്ഥിരികരിച്ചിട്ടുണ്ടെന്നും പരാമര്‍ശമുണ്ട്.

ജാമ്യം ലഭിച്ചാല്‍ ക്രിമിനല്‍ പശ്ചാത്തലവും മറ്റു ക്രിമിനലുകളുമായുള്ള ബന്ധവുമുള്ള അര്‍ജുന്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ഗുണ്ടാസംഘവുമായി അര്‍ജുന് അടുത്ത ബന്ധമുണ്ട്. അര്‍ജുന്‍, ഭാര്യ എന്നിവരുടെ മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി പറയും.

കുറ്റകൃത്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന നിലപാടിലാണു കള്ളക്കടത്തു ക്വട്ടേഷന്‍ അന്വേഷിക്കുന്ന കേരള പൊലീസ്. അര്‍ജുന്‍ ആയങ്കിയെ കാക്കനാട് ജില്ലാ ജയിലിനുള്ളില്‍ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണു പൊലീസ്. ഇതിനു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.

കുറ്റകൃത്യങ്ങളില്‍ അര്‍ജുന്റെ പങ്കാളിയും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. അര്‍ജുന്റെ മുഴുവന്‍ കുറ്റകൃത്യങ്ങളും ആകാശിനറിയാമെന്ന സാക്ഷിമൊഴിയെ തുടര്‍ന്നാണ് ആകാശിനെ ചോദ്യംചെയ്യുന്നത്. നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിക്ക് ആകാശ് പ്രിവന്റീവ് കമ്മിഷണറേറ്റിലെത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment