മലയാളം സൊസൈറ്റി യോഗത്തില്‍ പൂവച്ചല്‍ ഖാദര്‍, എസ്. രമേശന്‍ നായര്‍ അനുസ്മരണം

ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ജൂലൈ 11-ാംതീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) ഫ്‌ളാറ്റ്‌ഫോമില്‍ നടത്തി. യോഗത്തില്‍ മലയാളം സൊസൈറ്റി സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് അധ്യക്ഷത വഹിച്ചു. ജയിംസ് ചിരതടത്തില്‍ മോഡറേറ്ററായിരുന്നു. ഇപ്രാവശ്യത്തെ സമ്മേളനത്തിലെ രണ്ടു മുഖ്യഇനങ്ങള്‍ ജൂണ്‍ മാസത്തില്‍ അന്തരിച്ച മലയാളത്തിലെ കവികളും സിനിമാ ഗാനരചയിതാക്കളവുമായ പൂവച്ചല്‍ ഖാദര്‍, എസ്. രമേശന്‍ നായര്‍ എന്നിവരുടെ കൃതികളെ ആധാരമാക്കി എ.സി ജോര്‍ജ് അവതരിപ്പിച്ച അനുസ്മരണവും, ഇസ്രായേല്‍ – പാലസ്തീന്‍ പ്രശ്‌നങ്ങളെയും യുദ്ധങ്ങളെയും ആധാരമാക്കി മാത്തുള്ള നയിനാന്‍ വായിച്ച പ്രബന്ധവുമായിരുന്നു.

പരിപാടിയിലെ ആദ്യത്തെ ഇനം അനുസ്മരണമായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നഷ്ടമായത്കവിതയിലും സിനിമാ ഗാനരചനാ ശാഖയിലും അത്യധികം സംഭാവനകള്‍ നല്‍കി ജ്വലിച്ചു നിന്നിരുന്ന രണ്ട് അപൂര്‍വ്വ വ്യക്തികളാണ്. പൂവച്ചല്‍ ഖാദറും, എസ്. രമേശന്‍ നായരും. അവരുടെ രണ്ടു പേരുടെ ജീവിതത്തിലും ഒത്തിരി സമാനതകളുണ്ട്. രണ്ടുപേരും ജനിച്ചത് 1948ല്‍, രണ്ടു പേരുടെയും വേര്‍പാട് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോവിഡ് മഹാമാരിമൂലം. രണ്ടു പേരും ആകാശവാണിയില്‍ പ്രവര്‍ത്തിച്ചവര്‍. രണ്ടു പേരുടെയും ഭാഷാസാഹിത്യ വിഹായസിലേക്കുള്ള ചുവടുവയ്പ് കവിതകളുടെയും ലളിതഗാനങ്ങളുടെയും രചനയിലൂടെ. അതുപോലെ രണ്ടു പേരുംഏതാണ്ട് ഒരേ സമയത്തു തന്നെ ചലച്ചിത്ര ഗാനരചയിതാക്കളായി തിളങ്ങി. രണ്ടു ഗാനരചയിതാക്കളുടെ ജീവിതവും കൃതികളും ആധാരമാക്കി വെവ്വേറെയായി തന്നെ എ.സി ജോര്‍ജ്‌ സ്മരണാഞ്ജലി അവതരിപ്പിച്ചു.

1948 ഡിസംബര്‍ 25, ക്രിസ്തുമസ് ദിനത്തില്‍ തിരുവനന്തപുരത്ത പൂവച്ചല്‍ ഗ്രാമത്തില്‍ ജനിച്ച ഖാദര്‍ പിന്നീട് തന്റെ നാമത്തോടൊപ്പം പൂവച്ചല്‍ എന്നു ചേര്‍ത്തതോടെ പൂവച്ചല്‍ ഖാദറായി അറിയപ്പടാന്‍ തുടങ്ങി. മലയാള സിനിമയിലെ അന്തരിച്ച നിത്യഹരിത നായകനായ പ്രേംനസീറിന്റെ ഒരു ബന്ധു കൂടിയാണ് പൂവച്ചല്‍ ഖാദര്‍. മുന്നൂറിലെറെ ചിത്രം, അതിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. “നീയെന്റെ പ്രാര്‍ത്ഥന കേട്ടു (കാറ്റു വിതച്ചവര്‍), ” ചിത്തിരതോണിയില്‍ അക്കരെ പോകാന്‍ (കായലുംകയറും),” ”നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം)”, “ശാന്തരാത്രി തിരുരാത്രി (തുറമുഖം)” തുടങ്ങിയ ആയിരക്കണക്കിനു ഗാനങ്ങള്‍ മലയാളികള്‍ എക്കാലത്തും മനസ്സില്‍ സൂക്ഷിക്കുന്നവയാണ്.

ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് അന്തരിച്ച എസ്. രമേശന്‍ നായര്‍. “പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ (രാക്കുയിലിന്‍ രാഗസദസ്സില്‍)”, “നീയെന്‍ കിനാവോ പൂവോ നിലാവോ (ഹലോ മൈഡിയര്‍ റോങ് നമ്പര്‍)”, ”കൂടു വിട്ടു കൂടു തേടി നാടുവിട്ടുപോകാം (എഴുതാന്‍ മറന്ന കഥ)” തുടങ്ങി 500 ഓളം ചലച്ചിത്രഗാനങ്ങള്‍ എസ്. രമേശന്‍ നായര്‍ രചിച്ചിട്ടുണ്ട്. തിരുക്കുറള്‍, ചിലപ്പതികാരം പോലുള്ള തമിഴ് ക്ലാസിക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരന്‍ കൂടിയാണദ്ദേഹം.

ശ്രവണസുന്ദരവും ഭാവതീവ്രവുമായ വരികള്‍ കൊണ്ട്‌ കൈരളിയെ കുളിരണിയിച്ച, മനസ്സിനെ എന്നും താളം തുള്ളിക്കുന്ന മധുര മനോഹര കൃതികളും ഗാനങ്ങളും മലയാളിക്കു സമ്മാനിച്ച ആ രണ്ടു മഹാരഥന്മാര്‍ക്കു പ്രണാമമര്‍പ്പിച്ചുകൊണ്ട് എ.സി. ജോര്‍ജ് തന്റെ സ്മരണാഞ്ജലിക്കു വിരാമമിട്ടു.

തുടര്‍ന്നു ബൈബിള്‍ ഗ്രന്ഥങ്ങളുടെ വിവിധ വ്യാഖ്യാന കൃതികളുടെ രചയിതാവായ നയിനാന്‍ മാത്തുള്ള ഇസ്രായേല്‍ – പാലസ്തീന്‍ പ്രശ്‌നങ്ങളെ ആധാരമാക്കി ബൈബിളിന്റെയും അതുപോലെ ലോക ചരിത്ര വസ്തുതകളെയും ഉദ്ധരിച്ചുകൊണ്ട് അന്വേഷണാത്മകവും ചിന്താദീപകവുമായ ഒരു പ്രബന്ധമാണ് അവതരിപ്പിച്ചത്.

രാജ്യങ്ങള്‍ക്കൊ ദേശക്കാര്‍ക്കോ സത്യത്തില്‍ അതിരുകളില്ലാ. അതെല്ലാം ദൈവദാനമായി എല്ലാ ലോക മാനവര്‍ക്കുമാണ്. അതില്‍ മനുഷ്യന്‍ മതില്‍ കെട്ടി വേര്‍തിരിക്കാന്‍ പാടില്ല. ഓരോ കാലഘട്ടങ്ങളിലും ഓരോ ജനത, ജനവര്‍ക്ഷം, ചില പ്രത്യേക പ്രദേശങ്ങള്‍ കീഴടക്കും ഭരിക്കും, അതെല്ലാം ദൈവേഷ്ടമാണ് എന്നുള്ളത് ബൈബിളില്‍ നിന്നും ചരിത്രത്തില്‍ നിന്നും പഠിക്കാന്‍ സാധിക്കും. പുരാതിനങ്ങളായ ഗ്രീക്ക് എമ്പയര്‍, റോമന്‍ എമ്പയര്‍, അസീറിയന്‍ എമ്പയര്‍, ബാബിലോണിയന്‍ എമ്പയര്‍, പേര്‍സ്യന്‍ എമ്പയര്‍, എല്ലാം അതിനുദാഹരണങ്ങളാണ്. അതിനാല്‍ ദൈവേഷ്ടത്തിനെതിരായി ഇസ്രായേലികളും പാലസ്തീനികളും പരസ്പരം യുദ്ധം ചെയ്തു നശിക്കേണ്ടതില്ല. ലോക രാഷ്ട്രങ്ങളുടെ സഹായത്തോടെ സന്ധിസംഭാഷണങ്ങളിലൂടെ ഇസ്രായേലി പാലസ്തീന്‍ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതാണ്.

യോഗത്തില്‍ സന്നിഹിതരായഎഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തില്‍, പൊന്നു പിള്ള, ജോര്‍ജ്ജ് പുത്തന്‍കുരിശ്, ജോസഫ്തച്ചാറ, അല്ലി നായര്‍, തോമസ്‌ വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News