കഥാകാരന്റെ കനല്‍ വഴികള്‍ (അദ്ധ്യായം 4): കാരൂര്‍ സോമന്‍

അയിത്ത ജാതിക്കാരന്‍

ജന്മികള്‍ക്ക് അടിമപ്പണി ചെയ്യുന്നതുപോലെയായിരുന്നു എന്‍റെ ദിനങ്ങള്‍. ചെറുപ്പത്തില്‍ തന്നെ എന്നെ ചില കുട്ടികള്‍ ഇരട്ടച്ചങ്കുള്ളവന്‍ എന്ന് വിളിച്ചു. വീട്ടിലുള്ളവര്‍ വായില്‍ വരുന്ന പേരുകളും വിളിച്ചു. താണ ജാതിക്കോരോട് കാണിക്കുന്ന അയിത്തമായിരുന്നു വീട്ടില്‍ എല്ലാവരും എന്നോടും കാണിച്ചിരുന്നത്. എല്ലാവരും മേശപ്പുറത്ത് വച്ച് ആഹാരം കഴിക്കുമ്പോള്‍ ഞാന്‍ മാത്രം തറയില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കൃഷ്ണപിള്ളക്കും, കുട്ടന്‍പിള്ളക്കും മേശപ്പുറത്തും മാധവന് തറയിലുമാണ് ഭക്ഷണം കൊടുത്തത്. അമ്മയോട് അതിനുള്ള എതിര്‍പ്പ് ഞാന്‍ പറയുകയും ചെയ്തു.

പഠിക്കുന്നവര്‍ക്കെല്ലാം പുതിയ തുണി ചാരുംമൂട്ടില്‍ പണിക്കരുടെ കടയില്‍ നിന്ന് എടുത്ത് തയ്ക്കാന്‍ കൊടുക്കും. വരാന്തയില്‍ ആ തുണിയുടെ ഭംഗി ആസ്വദിക്കുമ്പോള്‍ ഇരുട്ടില്‍ മുറ്റത്തുനിന്ന് ഞാന്‍ അതൊക്കെ കാണും. എല്ലാം കണ്ട് ദുഃഖവും പേറി ഞാന്‍ അകത്തുപോകും. എനിക്ക് എന്താ പുതിയത് വാങ്ങാത്തതെന്ന് അമ്മ അച്ഛനോട് ചോദിക്കുമ്പോള്‍ അവനിട്ടിരിക്കുന്നതിന് എന്താ കുഴപ്പമെന്ന് അച്ഛന്‍ തിരിച്ചു ചോദിക്കും.

പണക്കാര്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ദാനമായി പുസ്തകവും വസ്ത്രവും കൊടുക്കാറുണ്ട്. ഞാനും പല വീടുകളിലും പാവപ്പെട്ടവനായി പോയിട്ടുണ്ട്. ആ വീട്ടുകാര്‍ പുസ്തകം തരുന്നത് ഞാന്‍ കാരൂര്‍ വീട്ടിലെ ആയതുകൊണ്ടാണ്. എന്‍റെ പെങ്ങളും അനിയന്മാരുമൊക്കെ മുറിക്കുള്ളില്‍ നല്ല മെത്തയില്‍ കിടന്നുറങ്ങുമ്പോള്‍ ഞാനുറങ്ങുന്നത് വീടിന്‍റെ വരാന്തയിലാണ്. ജോലികള്‍ തീര്‍ക്കാത്ത ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനായി പോകാറില്ല. അച്ഛനെ ഭയന്ന് തൊഴുത്തിന്‍റെ വരാന്തയിലോ കാളവണ്ടിയിലോ കിടന്നുറങ്ങും. തൊഴുത്തില്‍ കൂട്ടായി വീട്ടിലെ നായും ഉണ്ടായിരുന്നു. നായുടെ മൂത്രം ഞാനുറങ്ങുന്നിടത്തേക്ക് ഒഴുകി വരാറുണ്ട്.

ജ്യേഷ്ഠന്മാര്‍ രണ്ട് പേര്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. അവരൊക്കെ അവധിക്കു വരുമ്പോള്‍ അവരുടെ മുന്നില്‍ ഞാന്‍ ചെല്ലാറില്ല. അവര്‍ വീട്ടിലുള്ളപ്പോള്‍ ഞാനേതെങ്കിലും പറമ്പില്‍ പണിയിലായിരിക്കും. രാത്രി കുറെ ഇരുട്ടി കഴിയുമ്പോഴാണ് ജനാലയിലൂടെ ഞാനവരെ ഒളിഞ്ഞുനോക്കി കാണുന്നത്. അവര്‍ വരുമ്പോള്‍ എല്ലാവര്‍ക്കും പുതിയ ഉടുപ്പുകള്‍ കൊണ്ടുവരും. അതാണ് എനിക്ക് ആശ്വാസം. താഴ്ന്ന ജാതിക്കാരോടുള്ള സമീപനമായിരുന്നു വീട്ടില്‍ എനിക്ക് നേരെയും. ജോലി തീര്‍ന്നില്ലെന്നുള്ള കാരണത്താല്‍ അച്ഛന്‍റെ ആക്രോശത്തില്‍ കണ്ണീരോടെ മാത്രമേ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുള്ളൂ. ധാരാളം ജോലി ആയതുകൊണ്ട് ശാന്തമായിരുന്നു പഠിക്കാനും സാധിച്ചിട്ടില്ല. ജോലി തീരാത്തതിന്‍റെ കുറ്റം എനിക്ക് മാത്രമായിരുന്നു. ചായക്കടയിലാണെങ്കിലും വീട്ടിലാണെങ്കിലും വെള്ളം കോരുന്നതും വിറകു വെട്ടുന്നതും കൃഷി നനയ്ക്കുന്നതും ഒക്കെ എന്‍റെ മാത്രം ജോലിയായിരുന്നു. സ്വന്തം വീട്ടില്‍ വണ്ടിക്കാളയെപ്പോലെ പണിയെടുക്കാനായിരുന്നു എന്‍റെ വിധി.

പറയംകുളം, കല്ലുകുളം, കരിമുളയ്ക്ക്ല്‍ അങ്ങനെ പല ദേശങ്ങളിലും വസ്തുക്കള്‍ വിറ്റുപോയതായി അറിയാം. കാരൂര്‍ മത്തായിയുടെ കൊച്ചുമകന്‍ തമ്പാന്‍ കുഞ്ഞ് കൊച്ചുപിള്ളയുടെ മരുമകന്‍ വാസുപിള്ള തന്‍റെ മകന്‍ വിക്രമന് കൊടുത്ത വസ്തു വില്കുന്ന സമയം മുന്‍ പ്രമാണമെടുത്തുനോക്കിയപ്പോള്‍ അതില്‍ കാരൂര്‍ കൊച്ചുകുഞ്ഞിന്‍റെ പേരാണ് കണ്ടത്.

മകരക്കൊയ്ത്ത് നടക്കുമ്പോള്‍ ജോലിക്കാര്‍ക്കൊപ്പം നിന്ന് കളപറിക്കുന്നതും, വളമെറിയുന്നതും വരമ്പു മുറിച്ച് വെള്ളം തുറന്നുവിടുന്നതും, കണ്ടം ഉഴുതുമറിക്കുന്നതും ഒക്കെ ഞാനായിരുന്നു. മകരക്കൊയ്ത്ത് നാട്ടില്‍ ഒരുത്സവം പോലെയാണ്. എന്‍റെ ജോലി അരിഞ്ഞ് കെട്ടി വയ്ക്കുന്ന നെല്‍ക്കറ്റകള്‍ ചുമന്ന് റോഡില്‍ എത്തിക്കുകയാണ്. എന്നോടൊപ്പം പലരും ജോലിക്കുണ്ട്. കുളക്കരയിലൂടെ നടന്ന് കുത്തനെ കിടക്കുന്ന റോഡില്‍ കറ്റകള്‍ എത്തിക്കുകയാണ് ജോലി. കാളകള്‍ മുകളിലേക്ക് വണ്ടി വലിക്കില്ല. കറ്റകള്‍ ചുമന്നുവരുന്ന സമയം മാധവന്‍ ചേട്ടന്‍ ഓടിവന്ന് എന്‍റെ തലയില്‍ നിന്ന് കുറെ കറ്റകള്‍ വലിച്ചെടുക്കും. നടക്കുമ്പോള്‍ ദേഷ്യത്തില്‍ പറയും. പിള്ളേരെകൊണ്ടാ കറ്റ ചുമപ്പിക്കുന്നത്. അത് അച്ഛനോട് നേരില്‍ പറയാനുള്ള ധൈര്യം ചേട്ടനില്ല. ധാരാളം വെള്ളം ചുമന്ന് പരിചയം ഉള്ളതിനാല്‍ എന്തും ചുമക്കും.

വീട്ടിലെ തെക്കേ അറ്റത്തുള്ള മുറി മാത്രമാണ് ഓടിട്ടിരുന്നത്. ബാക്കിയൊക്കെ തെങ്ങോലകൊണ്ട് മേഞ്ഞതാണ്. ഓല മേയലുള്ള ദിവസവും പണി എനിക്കാണ്. ഓലയെല്ലാം ചുമന്നോണ്ടു വരണം. തേങ്ങവെട്ടുള്ള ദിവസവും വലിയ കൊട്ടയില്‍ അത് ചുമന്ന് വീട്ടില്‍ കൊണ്ടിടുന്നതും എന്‍റെ ജോലിയാണ്. മറ്റ് ജോലിക്കാര്‍ക്കൊപ്പം നിന്ന് തെങ്ങില്‍ നിന്ന് വെട്ടിയിടുന്ന മടലും കൊതുമ്പും എല്ലാം അടുക്കി വീട്ടിലെത്തിക്കണം. മാധവന്‍ ചേട്ടനാണ് കാളവണ്ടിക്കുള്ളിലാക്കുന്നത്.

ഞാനുറങ്ങുന്ന മുറിയുടെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ആ പത്തായത്തിന് നാല് മുറികളുണ്ട്. അതിലുള്ളത് എണ്ണ, നെല്ല്, ഉണക്ക കപ്പ എന്നിവയാണ്. ആ മുറിക്കുള്ളില്‍ എല്ലാ ഭക്ഷ്യധാന്യങ്ങളുമുണ്ട്. കൃഷിയിറക്കുന്ന സമയത്താണ് അത് പുറത്തേക്കെടുക്കുന്നത്. മുറിയില്‍ പഴുപ്പിക്കാനുള്ള ചക്കയുമുണ്ട്. ആ പഴുത്ത ചക്ക ചന്തയില്‍ വില്ക്കാറുണ്ട്. എല്ലാ ചൊവ്വ-വെള്ളി കളിലും ചന്തയിലേക്ക് സാധനങ്ങള്‍ കൊടുത്തുവിടുന്നു. പത്തായമുറിയില്‍ ഒരു ജനലുണ്ട്. കാറ്റ് കടക്കാനായി എപ്പോഴും തുറന്നിടും. അതിലൂടെ നോക്കിയാല്‍ മാടാനപൊയ്ക കാണാം. പൊയ്ക കാണുമ്പോള്‍ കടല്‍ കാണുന്ന സുഖമാണ്. ജനാലയിലൂടെ വരുന്ന ചേര എലിയെ പിടിക്കാന്‍ എന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞുപോയിട്ടുണ്ട്. എലിയും ചേരയും തമ്മിലുള്ള പോരാട്ടത്തില്‍ ഞാന്‍ പുറത്തു ചാടും. എനിക്ക് ആ മുറിയില്‍ ഏകാന്തനായിരിക്കാന്‍ സാധിക്കും. കണ്ണീര്‍ വാര്‍ക്കാനും. അച്ഛനില്‍ നിന്ന് എല്ലാക്കാര്യത്തിനും അടി കിട്ടും. സ്കൂളില്‍ കൂടെ പഠിക്കുന്ന കുട്ടികളെ ഉപദ്രവിക്കുമ്പോള്‍. കുട്ടികളുടെ അച്ഛന്മാര്‍ നേരിട്ട് അച്ഛനെ അറിയിക്കും. ആ പേരിലും അടി കിട്ടും. സ്കൂളില്‍ വഴക്കുണ്ടാക്കുന്നത് എന്‍റെ സ്വന്തം കാര്യത്തിനല്ല. ഒപ്പം കളിക്കുന്നവനെ മറ്റൊരാള്‍ ഉപദ്രവിക്കുന്നത് കണ്ടാല്‍ ഞാനിടപെടും. ചില കുട്ടികളെ ഉപദ്രവിക്കുമ്പോള്‍ ഞാന്‍ ഓടിച്ചെല്ലും. മുതിര്‍ന്ന കുട്ടികള്‍ പോലും എന്നോട് വഴക്കിടാന്‍ വരില്ലായിരുന്നു. ഉള്ളാലെ അവര്‍ക്ക് ഭയമായിരുന്നു. എന്‍റെ വീടിനടുത്തുള്ള പ്രായം കൂടുതലുള്ളവരെയും ഞാന്‍ ഉപദ്രവിച്ചിട്ടുണ്ട്.

കഠിനാധ്വാനികളെ തല്ലി തോല്പിക്കാന്‍ പ്രയാസമാണ്. ഏഴാം ക്ലാസിലായപ്പോള്‍ എന്‍റെ ദുഃഖങ്ങള്‍ എന്നോടുതന്നെ പങ്കുവയ്ക്കാനും രാത്രികാലങ്ങളില്‍ അതോര്‍ത്ത് കരയാനും തുടങ്ങി. ജോലി ചെയ്താല്‍ മാത്രം ഭക്ഷണം. ഇല്ലെങ്കില്‍ പട്ടിണി. പനിയായി കിടക്കുമ്പോള്‍ അച്ഛന്‍ കാണാതെ അമ്മ ഭക്ഷണം തരുമായിരുന്നു. വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഞാന്‍ നിര്‍ത്തി. സ്കൂള്‍ ഫീസ്, വസ്ത്രം എല്ലാം ഞാന്‍ ഉപേക്ഷിച്ചു. അതിനും ഒരു കാരണമുണ്ട്. എനിക്കും ചെറിയ ചേമ്പ്, കപ്പ, ഇഞ്ചി, കോഴികൃഷി ഒക്കെയുണ്ട്. അപ്പനോട് തുറന്നുപറഞ്ഞു. ഇനി മുതല്‍ മറ്റ് ജോലിക്കാര്‍ക്ക് കൊടുക്കുന്ന കൂലി തരാതെ ഞാന്‍ ജോലി ചെയ്യില്ല. അച്ഛന്‍ അമ്പരന്ന് നോക്കി. പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല. മനസ്സില്‍ പറയുന്നുണ്ടാകും.

“എന്താടാ പശുവിന് പുല്ലു പറിക്കുന്നതിനും വെള്ളം കോരുന്നതിനും കാശു വേണോ? മറുപടി കൊടുത്തു. ചെറിയ ജോലിയൊന്നും വേണ്ട. പുരയിടം കിളയ്ക്കണമെങ്കില്‍, തെങ്ങിന് തടമെടുക്കണമെങ്കില്‍ കാശു തരണം. ഇനി മുതല്‍ അച്ഛന്‍റെ ഒരു പൈസയും എനിക്ക് വേണ്ട. മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കൂലി എനിക്കും തരണം. അതിന് സമ്മതിച്ചു. അന്നു മുതല്‍ വസ്തുക്കള്‍ പാട്ടത്തിനെടുത്ത് കിളച്ചുകൊടുക്കാന്‍ തുടങ്ങി. അതിന്‍റെ കൂലിയും നിശ്ചയിച്ചു. അടുക്കളയില്‍ പണി ചെയ്തിരുന്ന അമ്മയെ അച്ഛന്‍ വിളിച്ചു. എനിക്ക് ഒരു ഭാവഭേദവും ഇല്ലായിരുന്നു. മകന്‍റെ കാഴ്ചപ്പാടുകള്‍ അമ്മയ്ക്കറിയാം. പക്ഷെ അച്ഛനെതിരെ ഒരു വാക്കുപോലും പറയാന്‍ അമ്മയ്ക്കാവില്ലായിരുന്നു. നിസ്സാര കാര്യത്തിനുപോലും അമ്മയെയും എടുത്തിട്ടടിക്കും. അമ്മയോട് അച്ഛന്‍ വിവരം പറഞ്ഞു. “മകന് ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കണമെന്ന്” . അമ്മ മറുപടിയൊന്നും പറഞ്ഞില്ല.

“ഇനി മുതല്‍ ഇവന്‍ ജോലികളില്‍ ഒരു കുറവുവരുത്തിയാല്‍ ഭക്ഷണം കൊടുക്കാന്‍ പാടില്ല. പിന്നെ ഇവിടെ നിന്ന് ഒരു പൈസപോലും കൊടുക്കരുത്. പുരയിടം കിളച്ചു തീര്‍ത്താല്‍ കൂലി കൊടുക്കാം. ഇതു നീ കൂടി അറിയാനാ വിളിച്ചത്. അമ്മ തലയാട്ടിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. ആ രാത്രി കാളവണ്ടിയും മാധവന്‍ ചേട്ടനും വീട്ടിലെത്തിയില്ല. കാളകള്‍ക്ക് പുളിയരി വേവിച്ചതുമായി കിഴക്കേ റോഡിലേക്ക് നോക്കിയിരുന്നു. കാളവണ്ടിയുടെ വരവറിയിക്കുന്ന വിധം വണ്ടിയുടെ അടിയില്‍ തെളിഞ്ഞുകൊണ്ടിരുന്ന ചിമ്മിനി വിളക്കിന്‍റെ നിഴല്‍രൂപം കണ്ടു. കാളകള്‍ക്കുള്ള പുളിയരി തൊഴുത്തില്‍ കൊണ്ടു വച്ചു. കാളവണ്ടി കിഴക്കേ റോഡിലാണ് ഇടുന്നത്. “എന്താ മാധവന്‍ ചേട്ടാ താമസിച്ചേ,
“തേങ്ങ എടുക്കുന്ന ആള് താമസിച്ചാ വന്നത്” മാധവന്‍ ചേട്ടന്‍ പറഞ്ഞു. അതുപറഞ്ഞ് മാധവന്‍ ചേട്ടന്‍ കച്ചി വലിച്ച് കാളകള്‍ക്ക് മുന്നിലിട്ടു.

ഏഴില്‍ പഠിക്കുന്ന കാലത്താണ് മൂത്തപെങ്ങള്‍ സലോമിയുടെ വീട്ടിലേക്ക് പഴുത്ത ചക്ക, മാങ്ങ്, ചേന, ചേമ്പ് തുടങ്ങിയ സാധനങ്ങളുമായി തലച്ചുമടെ പോകുന്നത്. പെങ്ങളുടെ വീട് കാഞ്ഞിപ്പുഴയാണ്. ഈ സാധനങ്ങള്‍ ചുമന്നുകൊണ്ടുപോയാല്‍ അച്ഛന്‍ എനിക്ക് അമ്പത് പൈസ തരും. നടന്നാണ് പോകുന്നത്. വീട്ടില്‍ നിന്ന് കുറഞ്ഞത് അഞ്ചുമൈല്‍ ദൂരമുണ്ട്. ഞാനത് ചുമലിലേറ്റി താമരക്കുളം-ചത്തിയറ പാടങ്ങളിലൂടെ നടന്ന് പരിയാരത്ത്കുളങ്ങര ക്ഷേത്രത്തിലെത്തും. അവിടെ ചുമട് ഇറക്കിവയ്ക്കും. ക്ഷേത്രക്കുളത്തില്‍ കാലും കൈയും മുഖവും കഴുകും. മീനം ഒന്നിനാണ് അവിടുത്തെ ഉത്സവം. അവിടെനിന്നു വള്ളിക്കുന്നത്തേക്ക് നടക്കും. ചായക്കടയില്‍ നിന്ന് ഒരു ചായയും ഒരു ബോണ്ടയും കഴിക്കും. അല്ലെങ്കില്‍ പരിപ്പുവട. മൊത്തം പത്തു പൈസ ആകും. അവിടെനിന്നു കാഞ്ഞിരത്തിന്‍മുട്ടിലൂടെ കാമ്പിശ്ശേരി മുക്ക് വഴി പെങ്ങളുടെ വീട്ടിലെത്തും. വീട്ടില്‍ പുതിയതായി എന്തുണ്ടായാലും അച്ഛന്‍ മകള്‍ക്ക് കൊടുത്തുവിടുക പതിവാണ്.

ആ ദേശങ്ങള്‍ മണല്‍ നിറഞ്ഞതാണ്. എല്ലാ കൃഷിസാധനങ്ങളും അവിടെ കിട്ടാറില്ല. അവിടെ കൊയ്ത്തു നടക്കുന്ന കാലമെങ്കില്‍ ഞാനും കച്ചി ഉണക്കാനും കറ്റ ചുമക്കാനും പോകും. അളിയന്‍ ജോര്‍ജ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയതിനാല്‍ വല്യപ്പനാണ് കൃഷി നോക്കുന്നത്. പെങ്ങളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ പ്ലാവില്‍ കയറി ചക്ക പറിക്കുകയും ആടിന് തീറ്റവെട്ടുകയും ചെയ്യും. നിറയെ നീറുള്ളതിനാല്‍ ആ പ്ലാവില്‍ ആരും കയറാറില്ല. ഞാന്‍ കയറി ഇറങ്ങി വരുമ്പോള്‍ എന്‍റെ ശരീരമാകെ നീറുകള്‍ കടിച്ചിരിക്കും. ഒന്നോ രണ്ടോ ദിവസം താമസിച്ച് പെങ്ങള്‍ തരുന്ന രണ്ടു രൂപയും കൊണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് തിരിക്കും. ചിലപ്പോഴൊക്കെ ജമാലിന്‍റെ സൈക്കിള്‍ വാടകയ്ക്കെടുത്ത് സാധനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്.

സ്വന്തം കാലില്‍ ആയതോടെ എല്ലാം എന്‍റെ ചുമലിലായി. സ്കൂള്‍ തുറക്കുമ്പോള്‍ പഴയ പുസ്തകങ്ങള്‍ കാശു കൊടുത്തു വാങ്ങുക, സോപ്പ്, തുണികള്‍ അങ്ങനെ എല്ലാം. രാജുവിന്‍റെ കടയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് ചെരുപ്പ് വാങ്ങിയിട്ടത് ഇന്നും ഓര്‍ക്കുന്നു. അന്ന് സ്കൂളില്‍ ചുരുക്കം കുട്ടികള്‍ക്കേ ചെരിപ്പുള്ളൂ. ബാര്‍ സോപ്പ് ഉപയോഗിച്ചായിരുന്നു കുളി. ആദ്യമായി ഒരു ലൈഫ് ബോയി സോപ്പ് വാങ്ങി സൂക്ഷിച്ചതും മറക്കാനാവാത്ത അനുഭവമായിരുന്നു. എന്‍റെ വീട്ടിലുള്ളവരെല്ലാം ഇതെല്ലാം നേരത്തേതന്നെ ഉപയോഗിച്ചിരുന്നു. ഏറ്റവും ഇഷ്ടം വെട്ടുചേമ്പിനോടായിരുന്നു. രാത്രി പുഴുങ്ങി തിന്നുമായിരുന്നു. സ്കൂളില്‍ പോകുന്ന ദിവസം വയലിനടുത്ത തെങ്ങില്‍ നിന്ന് തേങ്ങ പിരിച്ചെടുത്ത് പച്ചിലയ്ക്കുള്ളില്‍ ഒളിപ്പിച്ചു വയ്കും. ഉച്ചയ്ക്ക് അതില്‍ നിന്ന് ഓരോന്നെടുത്ത് ഇടിച്ച് പൊട്ടിച്ച് കഴിക്കും. ആരെങ്കിലും കണ്ടുപിടിച്ചാല്‍ വീട്ടില്‍ നിന്ന് പുറത്താക്കും.

വീട്ടുകാരോടുള്ള നിസ്സഹകരണം ഭക്ഷണകാര്യത്തില്‍ തുടര്‍ന്നു. ആ വീട്ടിലെ മിണ്ടാപ്രാണികള്‍ക്ക് എന്നോട് സ്നേഹമായിരുന്നു. ഞാന്‍ പോകുമ്പോഴൊക്കെ അവര്‍ എന്നെ തലയുയര്‍ത്തി നോക്കും. അതിന്‍റെ കാരണം തങ്ങളെ പട്ടിണിക്കിടുമോ എന്നായിരുന്നു. “എടാ നീ ചോറ് കഴിക്കാതെ മറ്റെന്തെങ്കിലുമൊക്കെ നിത്യവും കഴിച്ചാല്‍ അസുഖം വരും.” അമ്മ പറയും. ഈ പോത്ത് എന്തു കഴിച്ചാലെന്താ. സുന്ദരിയായ അമ്മയ്ക്ക് എങ്ങനെ പോത്തിനെപ്പോലുള്ള ഞാന്‍ ജനിച്ചു. അച്ഛനുമായി ഉടമ്പടി വച്ച സ്ഥലമെല്ലാം വൈകുന്നേരം വരുമ്പോള്‍ കിളച്ചിടും. വളര്‍ന്നു നില്ക്കുന്ന കപ്പയുടെ ഇടഭാഗങ്ങള്‍ കിളച്ചിടുന്നതിനും വെറുതെ കിടക്കുന്ന ഭൂമി കിളച്ചിടുന്നതിനും രണ്ടു കൂലിയാണ്. ഒന്നു മുതല്‍ രണ്ടു രൂപ വരെയാണ് കൂലി. അവധി ദിവസങ്ങളില്‍ മാധവനൊപ്പമോ കടമ്പാട്ടേ കൃഷ്ണപിള്ള, കുട്ടന്‍പിള്ളക്കൊപ്പമോ രാവിലെ മുതല്‍ വൈകുന്നേരം വരെ കിളയ്ക്കുന്നതിന് 1970 കളില്‍ മൂന്നു രൂപയായിരുന്ന കൂലി. ഒരു തെങ്ങിന് തടമെടുത്താല്‍ പത്ത് പൈസ കിട്ടും. എന്‍റെ കൃഷിയുടെ വിളവൊക്കെ ചന്തയില്‍ കൊണ്ടു വില്ക്കുകയും ചെയ്യുമായിരുന്നു.

സ്വരുക്കൂട്ടിയ പണംകൊണ്ട് ആടിനെയും കോഴികളെയും വാങ്ങി. ആട്ടിന്‍കുഞ്ഞിനെ വാങ്ങി വളര്‍ത്തി വലുതാക്കി ചന്തയില്‍ കൊണ്ടു വില്ക്കും. അച്ഛന്‍ പുറത്തേക്കു പോകുന്ന സമയം നോക്കി പറങ്കിമാവില്‍ കയറി പറങ്കിയണ്ടി പറിച്ച് അടുത്തുള്ള കടയില്‍ വില്ക്കും. അത് അമ്മയ്ക്കറിയാം. പെങ്ങള്‍ പൊന്നമ്മ കണ്ടാല്‍ അച്ഛനോട് പറയും. അടി കിട്ടുമെന്ന് ഉറപ്പാണ്. കുരുമുളക് പറിക്കുന്നവര്‍ കാണാതെ വരുന്ന കുരുമുളക് എല്ലാം ഞാന്‍ വീണ്ടും കയറി പറിച്ചെടുത്ത് സൂക്ഷിച്ചു വയ്ക്കും. കുറച്ചുദിവസം കൊണ്ട് പറിച്ചെടുക്കുന്ന കുരുമുളകും ചന്തയില്‍ വിറ്റ് കാശാക്കും.
രാത്രിയില്‍ ക്ഷീണിച്ച് പത്തായത്തിന് പുറത്തു കയറി കിടക്കും. മറ്റുള്ളവര്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് കേള്‍ക്കാം. ഞാനും വിളക്ക് കത്തിച്ച് പഠിക്കാനിരിക്കും. പഠിക്കാത്തതിന് സ്കൂളില്‍ നിന്ന് മിക്ക ദിവസവും ശിക്ഷ കിട്ടാറുണ്ട്. പുസ്തകം തുറന്നു വയ്ക്കുമെങ്കിലും വിശപ്പും ക്ഷീണവും കാരണം പഠിക്കാറില്ല. പഴയ പുസ്തകങ്ങളില്‍ പല താളുകളും കാണാറില്ല. ഇരുട്ടില്‍ പുറത്തേക്ക് നോക്കിയിരിക്കും. പുറത്ത് പോയാല്‍ ജോലിക്കാര്‍ക്ക് നല്ല ശമ്പളം കിട്ടും. ഈ വീട്ടില്‍ കിടന്ന് എന്തിനാണ് മറ്റുള്ളവരുടെ കുത്ത് വാങ്ങുന്നത്.

കയ്യില്‍ അല്പം കാശുണ്ട്. എങ്ങോട്ടെങ്കിലും പോകാം. ഒരു തീരുമാനമെടുത്തു. സ്കൂളില്‍ പോകുന്നതുപോലെ ഇറങ്ങുക. ഓയൂര്‍ ബസില്‍ കയറി കൊട്ടാരക്കര ഇറങ്ങുക. ഇവിടുത്തേതിനേക്കാള്‍ നല്ല കൂലി കിട്ടുമെങ്കില്‍ വീടു വിട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. ഉറങ്ങിയെണീറ്റ് വേഗം ജോലികളെല്ലാം തീര്‍ത്ത് സ്കൂളിലേക്ക് എന്നപോലെ തയ്യാറായി. ഒത്തിരി നാളായി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട്. അമ്മയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കഴിക്കണമെന്ന് തോന്നി. അമ്മയോട് അല്പം പഴങ്കഞ്ഞി വാങ്ങിക്കുടിച്ചു. സ്വന്തം കോഴിയെയും ആടിനെയും ആരു നോക്കും. അതിനെ അമ്മ നോക്കട്ടെ. നല്ല ജോലിയെങ്കില്‍ ആഴ്ചയില്‍ ഒരുവട്ടം വരാമല്ലോ. പുസ്തകം എടുത്തോ എന്നും ചോറ് എടുത്തോ എന്നും ചോദിക്കാന്‍ ആരും ഇല്ല. അതൊക്കെ മറ്റുള്ളവരുടെ കാര്യത്തിലാണ്.

സാധാരണ സ്കൂളിലേക്ക് പോകുന്നത് വീട്ടില്‍ നിന്ന് വടക്കോട്ട് നടന്നാണ്. ആ ദിവസം ഞാന്‍ പോയത് ചാരുംമൂട്ടിലേക്കാണ്. കുറച്ചുദൂരം ചെന്നപ്പോള്‍ കായംകുളം -ഓയൂര്‍ എന്നെഴുതിയ ബസ് വന്നു. അതില്‍ കയറി കൊട്ടാരക്കരയിറങ്ങി. ധാരാളം കടകള്‍ കണ്ട് നടന്നു. അവസാനം ഒരു ഹോട്ടല്‍ കണ്ടു. അതിനകത്ത് ധാരാളം പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്. മുതലാളിയോട് എന്തെങ്കിലും ജോലി തരുമോ എന്ന് ചോദിക്കാം. അവിടെ കയറി ചോദിച്ചു. അയാള്‍ അടിമുടിയൊന്നു നോക്കി. പേരോ വീട്ടുപേരോ ഒന്നും സത്യമായി പറഞ്ഞില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു. നിന്‍റെ പണിയൊക്കെ ഒന്നു കാണട്ടെ. പിന്നീട് ശമ്പളം പറയാം. ഞാനതിന് സമ്മതിച്ചു. അവിടുത്തെ ജോലിക്കാരനൊപ്പം അകത്തേക്ക് പോയി. അയാള്‍ എല്ലാം കാണിച്ചു തന്നു. അതൊന്നും എനിക്ക് പുതിയ അറിവല്ല. ജ്യേഷ്ഠന്‍റെ കടയില്‍ ഇതെല്ലാം ചെയ്തിട്ടുള്ളതാണ്. പതിനൊന്നു മണി മുതല്‍ ഓരോരോ ജോലി ചെയ്തു. ഒരു ചായ പോലും അവര്‍ തരുന്നില്ലല്ലോ എന്ന് മനസ്സിലോര്‍ത്തു. രണ്ടു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു. ആ കടയിലേക്കും വെള്ളം കൊണ്ടുവരുന്നത് ദൂരെനിന്നാണ്. എന്‍റെ പ്രധാന ജോലി വെള്ളം കോരലും വിറക് കീറലുമാണ്. വിറകു കീറാന്‍ പറഞ്ഞപ്പോള്‍ അതു ചെയ്തു. പാത്രങ്ങളെല്ലാം വൃത്തിയാക്കി കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്. രണ്ടു മണി കഴിഞ്ഞിട്ടും ഭക്ഷണമില്ല. ഉച്ചയ്ക്കുള്ള ഊണു കഴിച്ചിട്ട് പലരും പോകുന്നതു കാണാം.

ഊണു കഴിക്കാന്‍ ആരെങ്കിലും വിളിക്കുമെന്ന് കാത്തിരുന്നു. അതിന് പകരം അവിടേക്ക് വന്നത് വലിയ മരക്കഷണങ്ങളായിരുന്നു. വിറക് വെട്ടിക്കൊണ്ടുനിന്ന കോടാലി കൈയ്യില്‍ നിന്ന് തെറിച്ച് പലവട്ടം പോയി. വിശപ്പും ദാഹവും വല്ലാതെ അലട്ടി. വെള്ളം കുടിച്ചാണ് രണ്ടര മണി വരെ നിന്നത്. കടയിലേക്ക് പലവട്ടം നോക്കി നില്ക്കും. ആരെങ്കിലും ഊണു കഴിക്കാന്‍ വിളിക്കുമെന്ന പ്രതീക്ഷയില്‍. മൂന്നു മണി കഴിഞ്ഞപ്പോള്‍ മുതലാളിയുടെ അടുത്തു വന്നു പറഞ്ഞു. “എനിക്ക് വിശക്കുന്നു, ഭക്ഷണം വേണം.” അത് മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല.

“നിന്‍റെ സമയത്തിനൊന്നും ഇവിടെ കഴിക്കാന്‍ പറ്റില്ല. ഇവിടെ പണിക്കാര്‍ മൂന്നുമണി കഴിഞ്ഞാണ് കഴിക്കാറുള്ളത്. നിനക്കു പറ്റത്തില്ലെങ്കില്‍ പോ. ഞാനും അതിന് മറുപടി കൊടുത്തു. ഇത്രയും പണി ചെയ്തിട്ട് ഒരു ചായ എനിക്കു തന്നോ. അതെന്താ. മുതലാളി ദേഷ്യപ്പെട്ട് പറഞ്ഞു. ഇറങ്ങിപ്പോടാ. ഞാനും അതേ സ്വരത്തില്‍ പറഞ്ഞു. “ഞാനിവിടെ പൊറുക്കാനല്ല വന്നത്. ഇയാടെ ഒരു കോപ്പും വേണ്ട.” ജോലിക്കാരും മുതലാളിയും തുറിച്ചുനോക്കി. പെട്ടെന്ന് കടയില്‍ നിന്ന് പുറത്തിറങ്ങി നടന്നു. വീട്ടില്‍ നിന്ന് ഒളിച്ചോടിയതിനുള്ള ശിക്ഷ ആയിരിക്കും. വേദനയും വിശപ്പും സഹിച്ച് മുന്നോട്ട് നടന്ന് കായംകുളം ബസ് എവിടെ കിട്ടുമെന്ന് ഒരാളോട് ചോദിച്ചു. അയാള്‍ കൈ ചൂണ്ടി. കയ്യിലുണ്ടായിരുന്ന ചില്ലറ കാശുകൊണ്ട് ഒരു ഏത്തക്ക വാങ്ങി കഴിച്ചു. ബസ് എത്തിയപ്പോള്‍ അതില്‍ കയറി വീട്ടിലേക്ക് മടങ്ങി.

(തുടരും..)

Print Friendly, PDF & Email

Related News

Leave a Comment