കഥാകാരന്റെ കനല്‍ വഴികള്‍ (അദ്ധ്യായം – 6): കാരൂര്‍ സോമന്‍

സ്കൂള്‍ ഫീസടയ്ക്കാന്‍ കണ്ട മാര്‍ഗ്ഗം

ചത്തിയറ സ്കൂളില്‍ പഠിക്കുന്ന കാലം ധാരാളം മഴ നനഞ്ഞിട്ടുണ്ട്. മഴ കോരിച്ചൊരിയുമ്പോള്‍ ഏതെങ്കിലും മരത്തിനടിയില്‍ കാത്തു നില്‍ക്കും. പെങ്ങള്‍ മുന്നില്‍ കുട പിടിച്ച നനയാതെ പോകുമ്പോള്‍ ഞാന്‍ വാഴയില ആണ് നനയാതിരിക്കാനായി ഉപയോഗിച്ചത്. ചെറ്റാരിക്കല്‍ അമ്പലനടയിലും മഴ നനയാതെ കയറി നിന്നിട്ടുണ്ട്. പുസ്തകങ്ങള്‍ നനയാതിരിക്കാന്‍ ഉടുപ്പുകൊണ്ട് മൂടും. സ്കൂളില്‍ കയറുന്നതിന് മുമ്പുതന്നെ നനഞ്ഞ ഉടുപ്പ് പിഴിഞ്ഞ് വെള്ളം കളയും. മഴ തോര്‍ന്ന് കഴിഞ്ഞു ചെല്ലുമ്പോള്‍ ടീച്ചറിന്‍റെ വഴക്കും കേട്ടിട്ടുണ്ട്. സ്കൂളിനടുത്തുള്ള ഒരു മരത്തില്‍ ഞങ്ങള്‍ ഏതാനും കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നു. ആ കളിയുടെ പ്രത്യേകത മരകൊമ്പുകളില്‍ ഇരിക്കുന്നവര്‍ മരത്തിനടുത്ത് കിടക്കുന്ന കമ്പില്‍ താഴേയ്ക്ക് ചാടി തൊടുമ്പോള്‍ താഴെ നില്ക്കുന്നവന്‍ പരാജയപ്പെട്ട് പുറത്താകും. താഴെ നില്ക്കുന്നവന്‍ കാക്കയെപ്പോലെ നോക്കുമ്പോഴായിരിക്കും ഒരാള്‍ താഴേയ്ക്ക് വരിക. താഴെ നില്ക്കുന്നവന്‍റെ ജോലി മരത്തിലിരിക്കുന്നവനെ തൊടുകയാണ്. അപ്പോള്‍ അവന്‍ താഴെ ഇറങ്ങണം. അങ്ങനെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കുട്ടി ഓടിക്കിതച്ചുവന്ന് വീണത്. പുറകെ ഒരു കുട്ടിയെത്തി അവനെ പൊതിരെ തല്ലി. അവന് തിരിച്ചടിക്കാനുള്ള ആരോഗ്യമില്ല. തല്ല് കൊള്ളുകമാത്രമാണ് അവന്‍ ചെയ്യുന്നത്. ഞാന്‍ താഴെ ചെന്ന് അടിച്ചവനെ നോക്കി. എന്താടാ നോക്കി പേടിപ്പിക്കുന്നത് അവന്‍ എന്നോടു ചോദിച്ചു. ഞാന്‍ അവനിട്ട് ഒന്നു കൊടുത്തു. വിവരമറിഞ്ഞു ഗോപാലകൃഷ്ണന്‍ സാര്‍ വടിയുമായി പാഞ്ഞെത്തി കയ്യോടെ പിടിച്ചു. ഞങ്ങളെ രണ്ടുപേരെയും അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. നടന്ന കാര്യം ഞാന്‍ സാറിനോട് വിവരിച്ചു. സാറത് വിശ്വസിച്ചില്ല. കുപിതനായി സ്വരമുയര്‍ത്തി പറഞ്ഞു. ഞാന്‍ നേരില്‍ കണ്ടതാണല്ലോ നീ ഇവനെ ഇടിക്കുന്നത്. അത് എന്നെ ഇടിച്ചിട്ടാ. നിന്നെ ഇടിച്ചാ നീ ഇടിക്കുമോ? എന്നാ ഇപ്പം ഇടിക്കെടാ. പെട്ടെന്ന് അവന്‍റെ നെഞ്ചത്ത് ഒരിടി കൊടുത്തു. സാറിന് ദേഷ്യം ഇരട്ടിച്ചു. “നീട്ടെടാ നിന്‍റെ കയ്യ്”. രണ്ടടി കിട്ടി. കണ്ണില്‍ തീപ്പൊരി ഉണ്ടായി. മറ്റേ കുട്ടി തുറിച്ചുനോക്കി നിന്നു. അടി കിട്ടിയിട്ടും എന്‍റെ മുഖത്തിന് യാതൊരു ഭാവമാറ്റവുമില്ലായിരുന്നു. വീണ്ടും ഉച്ചത്തില്‍ ചോദിച്ചു. “ഇനിയും ഇടിക്കുമോ” എന്‍റെ ദേഷ്യം വീണ്ടും പുറത്തു ചാടി.

“എന്നെ ഇടിച്ചാ ഞാന്‍ ഇടിക്കും” സാറിന്‍റെ മുഖത്ത് ദേഷ്യം.

“നീ അച്ഛനെ വിളിച്ചു കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി.”

തല കുനിച്ച് വേദനയോടെ പുറത്തിറങ്ങി. കിണറ്റുകരയില്‍ കാളയെ കുളിപ്പിച്ചിരുന്നപ്പോള്‍ മാധവന്‍ ചേട്ടനോട് സ്കൂളിലെ കാര്യങ്ങള്‍ പറഞ്ഞു. അച്ഛന്‍ അറിഞ്ഞാല്‍ തല്ലിക്കൊല്ലുമെന്നും മാധവന്‍ ചേട്ടന്‍ ഒരു ബന്ധുവായി വന്ന് ഹെഡ്മാസ്റ്ററെ കാണണമെന്നും സങ്കടത്തോടെ പറഞ്ഞു. എന്നാലും ഒരു ബന്ധുവിന്‍റെ വേഷം എങ്ങനെ അഭിനയിക്കും. പിന്നെങ്ങാനും സത്യം അറിഞ്ഞാല്‍ എന്താകും സ്ഥിതി. മറ്റാരും അറിയില്ലെന്ന് ഞാന്‍ ഉറപ്പുകൊടുത്തു. എന്തായാലും സഹായിക്കാന്‍ മാധവന്‍ചേട്ടന്‍ തീരുമാനിച്ചു. മാധവന്‍ ചേട്ടന്‍റെ വീട് കിഴക്കേ കരയാണ്. ഇവിടുത്തെ ജോലികള്‍ കഴിഞ്ഞാല്‍ ചന്തയില്ലാത്ത ദിവസങ്ങളില്‍ സ്വന്തം വീട്ടില്‍ പോകാറാണ് പതിവ്. തിങ്കളാഴ്ച ഞാന്‍ സ്കൂളിലേക്ക് തിരിച്ചു. പിറകെ മാധവന്‍ ചേട്ടനുമുണ്ടായിരുന്നു. ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് തോളിലെ തോര്‍ത്തില്‍ മുഖം തുടച്ച് അകത്തേക്കു കടന്നു. ഞാന്‍ ആശങ്കയോടെ പുറത്തുനിന്നു. മാധവന്‍ ചേട്ടന്‍ അമ്മാവനായിട്ടാണ് അകത്ത് കടന്നിരിക്കുന്നത്. കസവുകര പിടിപ്പിച്ച സില്‍ക്ക് വേഷ്ടിയായിരുന്നു വേഷം. എന്താണ് അകത്ത് സംഭവിക്കുന്നത്. ആകാംക്ഷയോടെ നോക്കി. പുറത്തേക്കു വന്നു മാധവന്‍ ചേട്ടന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. “രക്ഷപ്പെട്ടു, ഇനി നീ വഴക്കുണ്ടാക്കില്ലെന്ന് ഞാന്‍ ഉറപ്പുകൊടുത്തു. മനസ്സിലായോ” ഞാന്‍ മൂളി.

മാധവന്‍ ചേട്ടന്‍ എനിക്കുവേണ്ടി ഒത്തിരി കാലുപിടിച്ചുകാണും. എന്നെ രക്ഷപ്പെടുത്തിയതില്‍ എന്തെന്നില്ലാത്ത മതിപ്പുതോന്നി. ദിവസങ്ങള്‍ മുന്നോട്ടുപോയി. സ്കൂളിലെ പന്തുകളി കഴിഞ്ഞു വരുമ്പോഴേയ്ക്കും ചില ദിവസങ്ങളില്‍ സന്ധ്യയാവും. വീട്ടിലെ ജോലി രാത്രിയായാലും തീരില്ല. രാത്രിയിലാണ് വെള്ളം ചുമക്കുന്നത്. ആ സമയം സഹോദരങ്ങള്‍ പഠിക്കാനിരിക്കും. ആ കാലത്താണ് വീട്ടില്‍ വൈദ്യുതി ലഭിക്കുന്നത്. സമ്പത്തുള്ളവരുടെ വീട്ടില്‍ മാത്രമാണ് വെളിച്ചം എത്തിയത്.

അതിനിടെ വീട്ടില്‍ ഉറങ്ങാനും നിരോധനം വന്നു. എല്ലാറ്റിനും കാരണം ജോലി തീരാത്തതാണ്. ഒരുദിവസം റോഡില്‍ നിരത്തിയിരിക്കുന്ന കച്ചി ഉണക്കാനേല്പിച്ചു. അത് ഓരോ മണിക്കൂറിലും തിരിച്ചും മറിച്ചും ഇട്ടാലേ ഉണങ്ങൂ. അതുണക്കി കച്ചിത്തുറുവിന്‍റെ ചുവട്ടില്‍ വാരിയിടണം. പലപ്പോഴും വാരിക്കൊണ്ടിടാന്‍ വീട്ടിലെ ജോലികള്‍ കാരണം കഴിഞ്ഞിരുന്നില്ല. ചാരുംമൂട്ടില്‍ പോയിരുന്ന അച്ഛന്‍ തിരിച്ചുവരുന്നുണ്ട്. “ആ കാടന്‍ എവിടെ?” ഇരുളില്‍ ഒളിഞ്ഞു നിന്നു. ഇതുതന്നെയാണ് പല ദിവസങ്ങളിലും സംഭവിക്കുന്നത്. വരാന്തയില്‍ മുന്നില്‍ കണ്ടാല്‍ അടി ഉറപ്പാണ്. തൊഴുത്തിലോ കാളവണ്ടിയിലോ കയറി കിടന്ന് ഉറങ്ങും.

ഓണത്തിനുപോലും എനിക്കൊരു പുതിയ തുണി വാങ്ങി തരാറില്ല.രണ്ടും മൂന്നും വര്‍ഷങ്ങള്‍ ഒരേ യൂണിഫോമിലാണ് സ്കൂളില്‍ പോകുന്നത്. അഞ്ചില്‍ മുതലാണ് ആ കാര്യം എനിക്ക് മനസ്സിലായത്. സഹോദരങ്ങള്‍ പുതിയ ക്ലാസിലേക്ക് പോകുന്നത് പുതിയ വസ്ത്രങ്ങള്‍ ധരിച്ചണ് (അന്ന് യൂണിഫോം ഇല്ല). പുതിയ പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കും. എന്നോട് പറയും പഴയ പുസ്തകം ആരോടെങ്കിലും വാങ്ങാന്‍ എന്ന്. ഏഴാം ക്ലാസുമുതല്‍ എനിക്കും കാശുണ്ടായി. ഞാനും പുതിയ തുണിയും പുസ്തകവും ഉപയോഗിച്ചു തുടങ്ങി. ഞാന്‍ നിത്യവും എണ്ണ തലയില്‍ തേച്ചു കുളിക്കുമായിരുന്നു. അമ്മ പറഞ്ഞു എന്നും എണ്ണ തേക്കണ്ട എന്ന്. അമ്മയും അച്ഛനെപ്പോലെ തുടങ്ങിയപ്പോള്‍ വിഷമം തോന്നി. അന്നുമുതല്‍ അടുക്കളയില്‍ ഇരിക്കുന്ന വെളിച്ചെണ്ണ ഞാന്‍ എടുക്കാറില്ല. ഏഴാം ക്ലാസിലായപ്പോഴാണ് ഞാന്‍ അച്ഛനോട് നേരില്‍ സംസാരിക്കാനുള്ള ധൈര്യം കാണിച്ചത്. എന്തു ജോലി ചെയ്യാനും മിടുക്കനായിരുന്നതിനാല്‍ ആര്‍ക്കും എന്നോട് ദേഷ്യമില്ലായിരുന്നു. അച്ഛന്‍ അടിക്കുന്നത് പറഞ്ഞ പണി ചെയ്തു തീര്‍ക്കാത്തതിനാലാണ്.
നാട്ടിലെങ്ങും രൂക്ഷമായ വരള്‍ച്ചയായതിനാല്‍ ജോലിയും കൂലിയുമില്ലാതെ ആളുകള്‍ കഷ്ടപ്പെട്ടു.

മാടാനപൊയ്കയുടെ ഒരു ഭാഗത്ത് അതിലെ കുറ്റിക്കാട്ടില്‍ നിന്ന് ചവറു വെട്ടിയെടുക്കാന്‍ രണ്ടു സ്ത്രീകള്‍ വരും. ചവറു വെട്ടിവച്ചാല്‍ അത് വസ്തുക്കളില്‍ കൊണ്ടിടുന്നത് എന്‍റെ ജോലിയാണ്. ചവര്‍ വെട്ടുന്ന സമയം എന്‍റെ നോട്ടം മുഴുവന്‍ വെട്ടുന്ന ലക്ഷ്മിയിലാണ്. എന്നിലും പുരുഷന്‍റെ വികാരം ഉണര്‍ന്നിരുന്നു. അവള്‍ എന്നെ നോക്കുമ്പോള്‍ ചിന്തകള്‍ ഉറഞ്ഞുപോകും മീന്‍ വെട്ടുമ്പോള്‍ നായ്ക്കള്‍ വന്നിരിക്കുന്നതുപോലെ ലക്ഷ്മിയുടെ മുന്നില്‍ ഞാന്‍.

വീട്ടില്‍ ജോലി കിട്ടാതായപ്പോള്‍ എന്‍റെ കയ്യില്‍ കാശില്ലാതായി ഫീസ് കൊടുക്കാന്‍. പണമുണ്ടാക്കണം. ചെറ്റാരിക്കര അമ്പലത്തിനടുത്തുള്ള പാടത്ത് കട്ടകള്‍ ഉണ്ടാക്കാന്‍ കണ്ടത്തിലെ മണ്ണ് എടുക്കുന്നുണ്ട്. അവിടെ ഒരു ദിവസം ജോലി ചെയ്താല്‍ ഫീസടയ്ക്കാനുള്ള കാശ് കിട്ടും. മറ്റാരുമറിയാതെ രാവിലെ തന്നെ സ്കൂളില്‍ പോകുന്നതായി നടിച്ച് ആ പാടത്ത് ചെന്നു നിന്നു. ജോലിക്കാര്‍ വന്നു തുടങ്ങി. ഒരാളോട് എനിക്കു കൂടി ജോലി തരുമോ എന്ന് ചോദിച്ചു. എനിക്ക് മരങ്ങള്‍ ചുമന്ന് നല്ല പരിചയമുണ്ടെന്ന് അറിയിച്ചു.അയാള്‍ സമ്മതം മൂളി. അപ്പോഴാണ് അറിയുന്നത് ആ മനുഷ്യനുവേണ്ടിയാണ് ഈ പണി നടക്കുന്നതെന്ന്. ഉടുപ്പ് ഊരിയിട്ട് കുട്ടയില്‍ മണ്ണ് ചുമന്ന് കാളവണ്ടിയില്‍ കൊണ്ടിട്ടു. പതിനൊന്നുമണിക്ക് അവര്‍ കഞ്ഞിയും പയറും തന്നു. ഉച്ചയ്ക്ക് ഊണും കിട്ടി. വൈകിട്ട് മൂന്നു രൂപ കിട്ടിയപ്പോള്‍ ഫീസിന് പരിഹാരവുമായി.

രാത്രിയില്‍ മിക്ക ദിവസവും കാളവണ്ടിയിലാണ് ഉറക്കം. ‘ലെപ്രസി’ സാനിട്ടോറിയത്തില്‍ നിന്ന് കിട്ടുന്ന പുസ്തകങ്ങള്‍ ആകാംക്ഷയോടെ വായിച്ചിരുന്നു. സോക്രട്ടീസിന്‍റെ വാചകങ്ങള്‍ ഞാന്‍ നോട്ടു ബുക്കില്‍ കുറിച്ചിടുമായിരുന്നു. പറങ്കിമാവിന്‍റെ മുകളില്‍ കയറിയിരുന്നു പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ആദ്യമായി ഞാന്‍ എഴുതിയ കവിത പദ്യപാരായണ മത്സരത്തില്‍ ചൊല്ലി. അതിന് ഒന്നാം സമ്മാനം കിട്ടി. എന്‍റെ കവിത എന്ന് പറയുന്നതിലും നല്ലത് പണിക്കര്‍ സാര്‍ വെട്ടിയും തിരുത്തിയും തന്നത് എന്നു പറയുന്നതാണ്. ആ ദിവസം എനിക്ക് വിജയത്തിന്‍റേതായിരുന്നു. സന്ധ്യാനേരത്ത് റേഡിയോ കേള്‍ക്കാനായി പാല്‍ത്തടത്തിലെ പഞ്ചായത്ത് സ്ഥലത്ത് നിത്യവും പോകും. അവിടെ സിമന്‍റ് ബഞ്ചുണ്ട്. നാടകം എഴുതാന്‍ റേഡിയോ നാടകം എന്നെ സഹായിച്ചു. രാത്രിയില്‍ സ്വന്തം ജീവിതകഥ കഥയാക്കി എഴുതി. നിത്യവും രാവിലെ കോഴി കൂവും മുമ്പേ ഉണരും.

ആ ദിവസങ്ങളിലാണ് ആദ്യമായി തെങ്ങിന്‍കള്ള് ഞാന്‍ കുടിക്കുന്നത്. മീനത്തേതിലെ ശ്രീധരന്‍ വര്‍ഷങ്ങളായി തെങ്ങ് ചെത്തുന്നുണ്ട്. അച്ഛന്‍ രാത്രിയില്‍ ചാരുംമൂട് ഷാപ്പില്‍ പോയി കുടിച്ചിരുന്നതായി അറിയാം. ആ ലഹരിയില്‍ വരുമ്പോഴാണ് എനിക്കിട്ട് നല്ല പെട തരുന്നത്. ശ്രീധരന്‍ ചെത്തിയിട്ട് പോയിക്കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞ് ചിരട്ടയുമായി രണ്ടു തെങ്ങിലും കയറി കുടമെടുക്കും. അതില്‍ ചത്തുകിടന്ന ഈച്ചകളെ മാറ്റി ചിരട്ടയില്‍ കള്ള് കോരിയെടുത്ത് കുടിക്കും. ഒരു സംശയവും ബാക്കി വയ്ക്കാതെ ഇറങ്ങിപ്പോരും.

ശ്രീധരന് സംശയം വരാതെയാണ് ഞാന്‍ കള്ള് അകത്താക്കിയിരുന്നത്. രാത്രി കിണറ്റില്‍ നിന്നുള്ള കുളി കഴിയുമ്പോള്‍ എല്ലാ ഗന്ധവും അകന്നുപോകും. അല്ലെങ്കിലും വീട്ടുകാരുടെ മുന്നില്‍ ചെല്ലുന്നത് അപൂര്‍വ്വവുമായിരുന്നല്ലോ. എന്നെ സങ്കടത്തിലാക്കിയത് മറ്റൊരു കാര്യമായിരുന്നു. എന്‍റെ തകരപ്പെട്ടി അടിച്ചു പൊട്ടിച്ചത്. അതിന്‍റെ കാരണം വീട്ടില്‍ അച്ഛന്‍റെ പണം മോഷണം പോയി. എല്ലാവരോടും ചോദിച്ചു. ആരും എടുത്തതായി ഏറ്റില്ല. ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു ഞാനൊരു പുതിയ നിറമാര്‍ന്ന തകരപ്പെട്ടി വാങ്ങിയിട്ട്. അതിനുള്ളിലാണ് ഞാന്‍ നാണയങ്ങള്‍ സൂക്ഷിക്കുന്നത്. സോപ്പ് ചീപ്പ്, കണ്ണാടി എന്നിവയും അതിലുണ്ട്.

കുളിക്കുന്നതിന് മുമ്പായി ഒരു തേങ്ങ ഇട്ട് തല്ലിപ്പൊട്ടിച്ച് തിന്നും. ചില ദിവസം ബേബിയും വെള്ളം കോരാന്‍ വരും. വെള്ളം കോരാനും കുളിക്കാനും പോകുന്നതിന്‍റെ പ്രധാന കാരണം തേങ്ങ പിരിക്കാനാണ്. രാത്രിയാകുമ്പോള്‍ ആരും കാണില്ല. വെള്ളവുമായി വരുമ്പോള്‍ അച്ഛന്‍റെ ഒച്ച പുറത്തു കേള്‍ക്കാം. “ഈ കാടനെ കൊണ്ടു ഞാന്‍ തോറ്റു. മറ്റു കുട്ടികളെ ഉപദ്രവിക്ക മാത്രമല്ല ഇപ്പോള്‍ മോഷണവും തുടങ്ങിയോ? പൊന്നമ്മേ വിളിക്കടീ അവനെ. അവള്‍ പറഞ്ഞു, അവരെല്ലാം വെള്ളം കോരാന്‍ പോയിരിക്കുവാ. ഇന്നും അടി ഉറപ്പാക്കി പറങ്കിമാവില്‍ കേറി ഇരുന്നു. വീടിനുള്ളില്‍ എന്തോ തല്ലി പൊട്ടിക്കുന്ന ശബ്ദം. ദേഷ്യപ്പെട്ട് എന്തെങ്കിലും വലിച്ചെറിയുകയാണോ. എന്‍റെ പെട്ടി തല്ലി പൊട്ടിച്ചു നോക്കിയിട്ടും അച്ഛന്‍റെ അഞ്ചണ കിട്ടിയില്ല. എന്‍റെ പെട്ടിക്കുള്ളില്‍ കണ്ടത് ചില നാണയത്തുട്ടുകള്‍ മാത്രം. പണം മോഷ്ടിച്ചത് അനുജന്‍ കുഞ്ഞുമോനായിരുന്നു.

പുതിയ അധ്യയാന വര്‍ഷത്തില്‍ പാലുതറ സ്കൂളില്‍ എട്ടാം ക്ലാസ്സ് തുടങ്ങി. ആ വര്‍ഷം മുതല്‍ എന്‍റ നാടകത്തില്‍ അഭിനയിച്ചവരാണ് ആര്‍ട്ടിസ്റ്റു ചുനക്കര രാജന്‍, സംവിധായകന്‍ നൂറനാട് രാമചന്ദ്രന്‍, നൂറനാട് സത്യന്‍, ദേവ പ്രസാദ്, പാലം കുഞ്ഞുമോന്‍, ജയ് പ്രസാദ്, പാലുതറ രാജേന്ദ്രന്‍. അന്ന് പെണ്‍കുട്ടികളെ അഭിനയിക്കാന്‍ കിട്ടാത്തതിനാല്‍ രാജേന്ദ്രനാണ് പെണ്‍വേഷം കെട്ടുന്നത്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് എന്‍റ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് പാലം കുഞ്ഞുമോന്‍, ജയ് പ്രസാദിനെ ഞങ്ങള്‍ പൊന്നാടയണിയിച്ചു ആദരിച്ചു. മറ്റുള്ളവരെ അവിടെ ലഭിച്ചില്ല. എല്ല വര്‍ഷവും നടക്കുന്നു നാടകത്തിനു ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അപ്പോളഴല്ലാം ശിവപ്രസാദിനാണ് ഹാസ്യനടനുള്ള ഒന്നാം സമ്മാനം കിട്ടുക. സ്കൂളില്‍ പഠിക്കുന്ന കാലത്തു എനിക്ക് ധാരാളം ആരാധികമാരുണ്ടായിരുന്നു.

(തുടരും…)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News