ഡാകാ പദ്ധതി: ഫെഡറല്‍ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: Deferred Action for Childhood Arrivals (DACA) പദ്ധതി നിയമവിരുദ്ധമാണെന്നും ഈ പദ്ധതിയനുസരിച്ചു പുതിയ അപേക്ഷകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയ ടെക്‌സസ് ഫെഡറല്‍ ജഡ്ജി ആന്‍ഡ്രു ഹാനന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍.

അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ ഇവിടെ പഠിച്ചു ജോലി ചെയ്യുന്നതിന് നിയമ സാധുത നല്‍കുന്ന ഈ പദ്ധതി 2012 ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് എക്‌സികൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത്.

ഈ പദ്ധതി കാത്തുസൂക്ഷിക്കുവാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും വെള്ളിയാഴ്ചയുണ്ടായ വിധി വളരെ നിരാശാജനകമാണെന്നും പ്രസിഡന്റ് പറഞ്ഞു. മാത്രമല്ല, കോണ്‍ഗ്രസില്‍ ഇതിനാവശ്യമായ നിയമ നിര്‍മാണം നടത്തി ഇവര്‍ക്ക് അമേരിക്കന്‍ പൗരത്വം ഉറപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇതിനാവശ്യമായ അടിയന്തിര നിര്‍ദേശം നല്‍കി കഴിഞ്ഞതായും, ഡാകാ പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനാവശ്യമായ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഹോംലാന്റ് സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് മാത്രമേ ഇതിനാവശ്യമായ ശ്വാശത പരിഹാരം കണ്ടെത്താനാകൂവെന്നും, എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ സെനറ്റില്‍ ഇതിനാവശ്യമായ അംഗങ്ങളുടെ പിന്തുണ ലഭിക്കണമെന്നും ബൈഡന്‍ പറഞ്ഞു. ഇപ്പോള്‍ സെനറ്റിനു 50 -50 എന്ന അംഗങ്ങളാണ് ഇരു പാര്‍ട്ടികള്‍ക്കും ഉള്ളത്. ഇതു കാര്യങ്ങള്‍ അത്ര സുഗമമാക്കുകയില്ലെന്നും ബൈഡന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment