മോദി സർക്കാരിൽ മന്ത്രിപദം ലഭിച്ച ജോൺ ബർലക്ക് മം‌ത സര്‍ക്കാരില്‍ നിന്ന് തിരിച്ചടി

കൊല്‍ക്കത്ത: അടുത്തിടെ മോദി സർക്കാരിൽ മന്ത്രിപദം ലഭിച്ച ജോൺ ബർല ഇപ്പോൾ പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ നിന്ന് തിരിച്ചടി നേരിടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൽ സംസ്ഥാന മന്ത്രിയാക്കിയ ബർലയ്‌ക്കെതിരെ നടപടിയെടുക്കാൻ ജൽപായ്ഗുരി ജില്ലാ ഭരണകൂടം ലഖിപ്പാറ ടീ സ്റ്റേറ്റ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. തേയിലത്തോട്ടം കൈയേറ്റം നടത്തി വീട് നിർമ്മിച്ചതായാണ് അലിപൂർദാർ എംപി ജോൺ ബർലക്കെതിരെയുള്ള ആരോപണം.

ബ്ലോക്ക് ലാൻഡ്, ലാൻഡ് റവന്യൂ ഓഫീസറിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് ജില്ലയിലെ ബനാർഹട്ടിലെ ചാമൂർച്ചി മോറിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തി നിർമിച്ച മൂന്ന് വീടുകൾ കേന്ദ്രമന്ത്രി നിയമവിരുദ്ധമായി നിര്‍മ്മിച്ചെന്ന് കണ്ടെത്തിയതെന്ന് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് മൗമിത ഗോദര ബസു പറഞ്ഞു.

“ഈ ഭൂമി ഒരാളുടെ സ്വകാര്യ സ്വത്തല്ല, പാട്ടത്തിനെടുത്ത ഭൂമിയാണ്, അവിടെ ആർക്കും സ്ഥിരമായ കെട്ടിടങ്ങള്‍ നിർമ്മിക്കാൻ കഴിയില്ല. കൈയ്യേറ്റം നീക്കം ചെയ്ത് ഉടനടി ഭൂമി തിരിച്ചെടുക്കാൻ ഞാൻ ടീ ഗാർഡൻ അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടു. എത്രയും വേഗം നടപടിയെടുക്കണമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്,” ബസു പറഞ്ഞു,

പ്രാദേശിക ടിഎംസി നേതാക്കളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ജില്ലാ ഭരണകൂടം ബ്ലോക്ക് ലാൻഡ് ആന്റ് ലാൻഡ് റവന്യൂ ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ബിജെപി എംപിമാർ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് വാണിജ്യ കെട്ടിടം പണിയാൻ ബർലയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കമ്പനി ജില്ലാ ഭരണകൂടത്തെ കത്തിൽ അറിയിച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേഷൻ വൃത്തങ്ങൾ അറിയിച്ചു.

2018 വരെ ലഖിപാറ ടീ ഗാർഡനിൽ ജോലിക്കാരനായിരുന്നു ബർല. തേയിലത്തോട്ടം അവർക്ക് ക്വാർട്ടേഴ്സും നൽകിയിരുന്നു. ഈ വിഷയത്തിൽ ബർലയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു.

Print Friendly, PDF & Email

Leave a Comment