ഫ്ലാറ്റില്‍ തൂങ്ങിമരിച്ച ട്രാന്‍സ്ജെന്‍ഡര്‍ അനന്യയെ ആശുപത്രി ജീവനക്കാർ ക്രൂരമായി മര്‍ദ്ദിച്ചതായി പിതാവിന്റെ ആരോപണം

തിരുവനന്തപുരം: അനന്യകുമാരിയെ ആശുപത്രി ജീവനക്കാർ ക്രുരമായി മർദ്ദിച്ചതായി പിതാവ് അലക്സാണ്ടർ. ഡോക്ടര്‍ സമയബന്ധിതമായി ചികിത്സിച്ചില്ലെന്നും ആശുപത്രിയില്‍ നിന്ന് മോശം സമീപനമായിരുന്നു എന്നും അലക്സാണ്ടര്‍ പറഞ്ഞു. കൂടാതെ, ആശുപത്രി അമിത ഫീസ് ഈടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവു പറ്റിയതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന അനന്യകുമാരി ഫ്ലാറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അനന്യയുടെ അച്ഛന്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അനന്യകുമാരിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ട്രാന്‍സ്ജെന്റര്‍ സംഘടനയും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment