കെ എസ് എഫ് ഇയുടെ പേരില്‍ തട്ടിപ്പ് നടത്തി വീട്ടമ്മയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികളെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: കെ എസ് എഫ് ഇയില്‍ നിന്ന് ഭവന വായ്പ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.

ഭവന വായപ ലഭിക്കാനായി വീട്ടമ്മയുടെ വസ്തുവിന്റെ ആധാരം പണയപ്പെടുത്തിയാണ് പ്രതികളായ നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവര്‍ 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു.

ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെയാണ് പ്രതികള്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. 2017 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. കെ.എസ്.എഫ്.ഇ ഏജന്റുമാരെന്ന് സ്വയം പരിചയപ്പെടുത്തി ഭവന വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഇരുവരും മിനിയുടെ വസ്തുവിന്റെ രേഖകള്‍ കൈവശപ്പെടുത്തുകയായിരുന്നു.

ആ രേഖകള്‍ പിന്നീട് പ്രതികള്‍ കെ.എസ്.എഫ്.ഇ മെഡിക്കല്‍ കോളജ് ബ്രാഞ്ചില്‍ വീട്ടമ്മ അറിയാതെ ചിട്ടികള്‍ പിടിക്കുന്നതിന് ജാമ്യം വെച്ചാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. 2019 ല്‍ തട്ടിപ്പു മനസ്സിലാക്കിയ വീട്ടമ്മ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.

പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഒളിവില്‍ പോയെങ്കിലും കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി.പി ഹരികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment