ഈ നൂറ്റാണ്ടിൽ ലോകത്തെ കാത്തിരിക്കുന്നത് സര്‍‌വ്വനാശമെന്ന 1972-ലെ എം ഐ ടിയുടെ പ്രവചനം യാഥാര്‍ത്ഥ്യമാകുന്നു

1972 ൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം‌ഐ‌ടി) 21-ാം നൂറ്റാണ്ടിൽ സംഭവിക്കാനിരിക്കുന്ന ഒരു സാമൂഹിക തകർച്ചയെക്കുറിച്ച് പ്രവചിച്ചിരുന്നു. അടുത്തിടെ നടത്തിയ ഒരു പഠനം അത് സ്ഥിരീകരിക്കുകയും ചെയ്തു.

ലോകമാകെ സാമൂഹിക തകർച്ചയുണ്ടാകും, കുടുംബവും സമൂഹവും സാമൂഹിക സ്ഥാപനങ്ങളും തകരും, സാമ്പത്തിക പുരോഗതി നിലയ്ക്കും, പരിസ്ഥിതി നാശം രൂക്ഷമാകും എന്നിങ്ങനെ ഒരു പറ്റം പ്രശ്‌നങ്ങളാണ് മനുഷ്യനെ 21-ാം നൂറ്റാണ്ടിൽ കാത്തിരിക്കുന്നത് എന്നായിരുന്നു ആ ശാസ്‌ത്ര സംഘത്തിന്‍റെ പ്രവചനം.

വ്യാവസായിക നാഗരികതയുടെ തകർച്ചയുടെ വിവിധ ഘടകങ്ങളും അപകടസാധ്യതകളും ഉൾക്കൊള്ളുന്ന ഒരു പതിറ്റാണ്ട് പഴക്കമുള്ള മുന്നറിയിപ്പാണ് 1972 ലെ ‘സിസ്റ്റം ഡൈനാമിക്സ് മോഡൽ’ എന്നറിയപ്പെടുന്ന പ്രവചനം. പുനരുൽപ്പാദിപ്പിക്കാനാവാത്ത വിഭവ ചൂഷണം മൂലം നമ്മുടെ സമൂഹത്തെയും വ്യവസായവൽക്കരണത്തെയും തകർച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ് വളർച്ചയുടെ പരിമിതികൾ, 21-ാം നൂറ്റാണ്ടിനുള്ളിൽ ഏത് സമയത്തും ഇത് സംഭവിക്കാം. അന്ന് ഏറെ വിമർശനങ്ങൾക്ക് ഈ പ്രവചനം വഴിവച്ചിരുന്നെങ്കിലും അന്നത്തെ പ്രവചനം ശരിയായിരുന്നു എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. യേൽ ജർണൽ ഓഫ് ഇന്‍റസ്ട്രിയൽ ഇക്കോളജിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനമാണ് 1972ലെ പ്രവചനങ്ങൾക്ക് അനുസരിച്ചാണ് ഇന്നത്തെ ലോകത്തിന്‍റെ പോക്കെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ശാസ്‌ത്ര സംഘത്തിന്‍റെ പ്രവചനങ്ങൾ സത്യമായാൽ ലോകത്തെ വ്യവസായ വിപ്ലവം 2040ഓടെ അവസാനിക്കുമെന്ന് പറയാം. 1973ലെ പഴയ പഠനത്തിൽ 2021ൽ ലോകം എത്തരത്തിലായിരിക്കുമെന്ന് പ്രതിപാതിക്കുന്ന നിരീക്ഷണങ്ങൾ പോലും കിറുകൃത്യമാണ്. അതുകൊണ്ട് തന്നെ ലോകം സാമൂഹിക തകർച്ചയിലേക്കുള്ള കുതിപ്പ് കൃത്യമായി തുടരുകയാണെന്ന് നമുക്ക് പറയാം.

21-ാം നൂറ്റാണ്ടിന്‍റെ പകുതിയോടെ ലോകം സാമൂഹിക തകർച്ച നേരിടുമെന്നായിരുന്നു 1972ലെ പ്രവചനമെങ്കിൽ ലോകത്തിന്‍റെ ഇന്നത്തെ പോക്ക് അനുസരിച്ച് പത്ത് വർഷങ്ങൾക്ക് മുമ്പ് 2040ഓടെ ലോകത്ത് മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

സാമൂഹിക തകർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവിത നിലവാരത്തിലെ തകർച്ചയും ഭക്ഷ്യോത്പാദന, വ്യാവസായിക ഉത്പാദന തകർച്ച എന്നിവ മാത്രമല്ല. ലോകത്തെ ജനസംഖ്യയിലും ഗണ്യമായ കുറവ് വരുമെന്നാണ് പഠനം കാണിക്കുന്നത്.
ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥയും കൊവിഡ് വ്യാപനവും പലതരം പുത്തൻ രോഗങ്ങളും ഇതിന്‍റെ തുടക്കമാകാനാണ് സാധ്യതയെന്നാണ് വിദഗ്‌ദർ പോലും അഭിപ്രായപ്പെടുന്നത്. ആരും നിനച്ച് നിൽക്കാതെ വരുന്ന പ്രകൃതി ക്ഷോഭങ്ങളും രോഗങ്ങളും എല്ലാം ഇതിന്‍റെ തുടക്കമാകാം.

1900 മുതൽ 2100 വരെയുള്ള കാലമാണ് എംഐടി പഠനത്തിന് വിധേയമാക്കിയിരുന്നത്. പഠനത്തിൽ ചില ഗ്രാഫുകൾ വച്ചും വിശദീകരണമുണ്ടായിരുന്നു. ഗ്രാഫുകളിൽ എല്ലാ ഘടകങ്ങലും 1972ന് ശേഷം മുകളിലേക്കാണ് പോകുന്നത്. എന്നാൽ 2000ത്തിന് ശേഷം കുറച്ച് വർഷങ്ങൾക്കിപ്പുറം ഇത് താഴാൻ തുടങ്ങുന്നുണ്ട്. ആ വർഷം 2020ആണ് എന്നതാണ് ഏറ്റവും ആശങ്കയുണർത്തുന്ന ഒരു കാര്യം. കൊവിഡ് മഹാമാരിയടക്കം ലക്ഷങ്ങളുടെ മരണത്തിന് കാരണമാക്കിയ വർഷം. എല്ലാത്തിനും തുടക്കം കുറിച്ചിരിക്കുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.

പ്രതീക്ഷ കൈവിടാതിരിക്കാം… പ്രവർത്തിക്കാം. എന്നാൽ, പ്രതീക്ഷയ്ക്ക് ചെറിയ ഒരു വകയും പുതിയ പഠനം നൽകുന്നുണ്ട്. സാങ്കേതിക പുരോഗതി, പൊതു സേവനങ്ങളുടെ വർധന എന്നിവയ്ക്ക് സമ്പൂർണ തകർച്ചയിൽ മാറ്റം വരുത്താൻ സാധിക്കുമെന്നാണ് ശാസ്‌ത്രസംഘം പറയുന്നത്. എന്നാൽ അതിന് വേണ്ടത് മനുഷ്യന്‍റെ പരിശ്രമമാണ്. എല്ലാം വരുന്നിടത്ത് വച്ച് കാണാമെന്ന സ്ഥിരം ചിന്താഗതിയിലിരുന്നാൽ മനുഷ്യനെ കാത്തിരിക്കുന്നത് സർവനാശമാണെന്ന് ഓർക്കാം… പ്രവർത്തിക്കാം.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment