ആ ചിരി നിലച്ചു; പ്രശസ്ത ഹാസ്യ നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു; 88 വയസ്സായിരുന്നു

എറണാകുളം: സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ച് മലയാളികളുടെ മനം കവര്‍ന്ന പ്രശസ്ത ചലച്ചിത്ര ഹാസ്യ നടന്‍ കെ ടി എസ് പടന്നയില്‍ എന്ന കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് (ജൂലൈ 22) പുലര്‍ച്ചെ തൃപ്പൂണിത്തുറയിലെ ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹചമായ അസുഖങ്ങളെത്തുടര്‍ന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

നാടകത്തിൽ നിന്ന് സിനിമയിലെത്തിയ പടന്നയിൽ ഏകദേശം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളെയാണ് പ്രധാനമായും അവതരിപ്പിച്ചത്. സിനിമാഭിനയത്തോടൊപ്പം തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ കടയും നടത്തിയിരുന്നു.

അര നൂറ്റാണ്ട് കാലം പ്രൊഫഷണൽ നാടകരംഗത്ത് പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സിനിമാ രംഗത്ത് എത്തിയത്. 1956 ൽ വിവാഹ ദല്ലാൾ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1957-ൽ കേരളപ്പിറവി എന്ന നാടകം സ്വന്തമായി എഴുതി അഭിനയിച്ചിരുന്നു. കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്നു അദ്ദേഹം.

രാജസേനൻ സംവിധാനം ചെയ്‌ത അനിയൻ ബാവ ചേട്ടൻ ബാവയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. വ്യത്യസ്‌തമായ ചിരിയിലൂടെയും ശൈലിയിലൂടെയും പടന്നയില്‍ ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരൻ, ആദ്യത്തെ കൺമണി, വൃദ്ധന്മാരെ സൂക്ഷിക്കുക, അമർ അക്‌ബർ അന്തോണി, രക്ഷാധികാരി ബൈജു, കുഞ്ഞിരാമായണം ഉൾപ്പെടെയുള്ള സിനിമളിൽ ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു. നിരവധി ടെലിവിഷൻ സീരിയലുകളിലും പടന്നയില്‍ അഭിനയിച്ചുണ്ട്.

മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

കെ.ടി.എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്‍റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സഹതാരമായും ഹാസ്യനടനായും തൊണ്ണൂറുകൾ മുതൽ മലയാള സിനിമയിൽ അരങ്ങുവാണ പടന്നയിൽ, കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പ്രിയപ്പെട്ട കലാകാരനായിരുന്നു.

കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം നിർണായകവേഷങ്ങളിലെത്തി. നാടകത്തിനും സിനിമക്കും പുറമെ ടെലിവിഷൻ പരമ്പരകളിലും പടന്നയിൽ സാന്നിധ്യമറിയിച്ചിരുന്നു. ഇവയിൽ സന്മനസ്സുള്ളവർക്ക് സമാധാനം പോലുള്ള കോമഡി സീരിയലുകളിലെ കലാകാരന്‍റെ പ്രകടനം വലിയ ശ്രദ്ധ നേടുകയും ചെയ്‌തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment