വിസ ഓണ്‍ അറൈവല്‍ നിബന്ധന ലംഘിച്ച പതിനേഴ് മലയാളികളെ ഖത്തര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

ദോഹ (ഖത്തര്‍): വിസ ഓണ്‍ അറൈവലില്‍ ഖത്തറിലെത്തിയ പതിനേഴ് മലയാളികളെ വിസാ നിബന്ധനകള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് തിരിച്ചയച്ചു.

വിസ ഓണ്‍ അറൈവലില്‍ ഖത്തറിലെത്തുന്ന യാത്രക്കാരുടെ കൈവശം 5000 റിയാല്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ അതിന് തുല്യമായ തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. ഇത് രണ്ടും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയച്ചത്. ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകാനെത്തിയവരായിരുന്നു എല്ലാവരും.

കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കഴിഞ്ഞ ദിവസം ഇവര്‍ എത്തിയത്. പണം കൈവശമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. പത്ത് മണിക്കൂറോളം വിമാനത്താവളത്തില്‍ തന്നെ ഇവരെ തടഞ്ഞുവെയ്ക്കുകയും പിന്നീട് രാത്രിയോടെ അതേ വിമാനത്തില്‍ തന്നെ തിരികെ അയക്കുകയായിരുന്നു.

മടക്കയാത്രയ്ക്ക് 650 റിയാലാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഈടാക്കിയത്. 2000 റിയാല്‍ ആവശ്യപ്പെട്ടെങ്കിലും തര്‍ക്കത്തിനൊടുവില്‍ 650 റിയാലാക്കി കുറയ്ക്കുകയായിരുന്നു വെന്ന് യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് 17 പേര്‍ കുടുങ്ങിയത്. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവരുടെ കൈവശം നിശ്ചിത തുകയുണ്ടാകണമെന്ന നിബന്ധന നേരത്തെ തന്നെ ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യം യാത്രക്കാര്‍ അറിഞ്ഞിരുന്നില്ലെന്നും എയര്‍ ഇന്ത്യയോ ട്രാവല്‍ ഏജന്‍സിയോ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. യാത്രക്കാരുടെ കൈവശം നിശ്ചിത തുകയുണ്ടോയെന്ന് ദോഹയിലും പതിവായി പരിശോധിക്കാറില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വിദേശ രാജ്യങ്ങളും ഇപ്പോള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment