കരുവന്നൂര്‍ സഹകരണ ബാങ്കിലെ നൂറു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളില്‍ മൂന്നു പേര്‍ സിപി‌എം അംഗങ്ങള്‍

തൃശ്ശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിൽ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയവരില്‍ മൂന്നു പേര്‍ സി‌പി‌എം അംഗങ്ങളാണെന്ന് കണ്ടെത്തി. സെക്രട്ടറി ഉൾപ്പെടെ ആറ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിപിഎം ഭരിക്കുന്ന ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിൽ നിന്ന് സഹകരണ വകുപ്പിന്റെ ജോയിന്റ് രജിസ്ട്രാർ വിശദീകരണം തേടിയിട്ടുണ്ട്. മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി.ആര്‍ സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സ് എന്നീ പ്രതികളാണ് പാര്‍ട്ടി അംഗങ്ങള്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്.

ടി.ആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്.

തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് 13 അംഗഭരണ സമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം 6 ജീവനക്കാര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ഇവിടെ നടന്നത്.

2019-ല്‍ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നതും. ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയും വായ്പ നല്‍കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്പ നല്‍കിയുമാണ് ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്.

ബാങ്കിൽ നിന്ന് സ്വത്തുക്കള്‍ പണയം വെച്ച് വായ്പയെടുത്ത പലര്‍ക്കും കുടിശ്ശിക ഉടൻ അടച്ചില്ലെങ്കിൽ ജപ്തി നടപടികള്‍ തുടങ്ങുമെന്ന മുന്നറിയിപ്പ് ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ബാങ്കിനെതിരെ വായ്പയെടുത്തവര്‍ പരാതിയുമായി രംഗത്തെത്തിയത്. അവരെല്ലാവരും വായ്പാ ഗഡു കൃത്യമായി അടയ്ക്കുന്നവരായിരുന്നു.

ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന്‍ വ്യവസ്ഥയിലാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷന്‍ ഈടാക്കിയെന്നും മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു വഴി തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

Print Friendly, PDF & Email

Leave a Comment