ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്ക് ഗാസിയാബാദ് പോലീസ് നല്‍കിയ പ്രൊഡക്ഷൻ നോട്ടീസ് കർണാടക ഹൈക്കോടതി തള്ളി

ബാംഗ്ലൂർ: ഗാസിയാബാദിൽ പ്രായമായ ഒരാളെ മർദ്ദിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട ട്വീറ്റുകളുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്ത്യ എം ഡി മനീഷ് മഹേശ്വരിയോട് ചോദ്യം ചെയ്യലിനായി ഉത്തര്‍പ്രദേശ് പോലീസിന് മുന്നിൽ ഹാജരാകണമെന്ന നോട്ടിസ് കർണാടക ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരെ ഉത്തർപ്രദേശ് പോലീസ് നൽകിയ സമൻസ് സംബന്ധിച്ച് മഹേശ്വരി കോടതിയില്‍ ഹരജി നൽകിയിരുന്നു.

യുപി പോലീസിന് മഹേശ്വരിയെ ചോദ്യം ചെയ്യണമെങ്കില്‍ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ ആകാമെന്ന് കോടതി പറഞ്ഞു.

സെക്ഷന്‍ 41 എ പ്രകാരം തനിക്ക് നോട്ടീസയച്ച യുപി പോലീസിന്റെ നടപടിയെ ചോദ്യം ചെയ്താണ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളൂരുവിലുള്ള തനിക്ക് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും താൻ ട്വിറ്ററിന്റെ ഒരു ജീവനക്കാരന്‍ മാത്രമാണെന്നും വിവാദ വീഡിയോയുമായി ബന്ധമില്ലെന്നും ചൂണ്ടികാട്ടിയാണ് മനീഷ് മഹേശ്വരി കോടതിയിൽ ഹരജി സമർപ്പിച്ചത്. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. അറസ്റ്റ് അടക്കമുള്ള നടപടികളില്‍ നിന്ന് മഹേശ്വരിക്ക് കോടതി ജൂണ്‍ 24-ന് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു.

വയോധികന്റെ മർദ്ദന വീഡിയോ പ്രചരിച്ചതുമായി ബന്ധുപ്പെട്ട് ട്വിറ്റര്‍ എംഡി, കോണ്‍ഗ്രസ് നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ഒമ്പത് പേര്‍ക്കെതിരെ യുപി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തിൽ തനിക്ക് പങ്കില്ലെന്ന് മഹേശ്വരി വാദിച്ചു.

Print Friendly, PDF & Email

Leave a Comment